തനിയാവർത്തനത്തിലെ ബാലൻ, ഉത്സവപ്പിറ്റേന്നിലെ ഉണ്ണി
text_fieldsമലയാള സിനിമയിൽ വ്യക്തിത്വമുള്ള നിരവധി കഥാപാത്രങ്ങളുണ്ട്. അതിൽ നിന്ന് 10 കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നത് ശ്രമകരമാണ്.
മുമ്പൊരു കാലത്ത് സാഹിത്യകൃതികളെ അധികരിച്ച് സിനിമകൾ എടുക്കുന്ന രീതിയുണ്ടായിരുന്നു. അവയിൽ കഥാപാത്രങ്ങൾക്കായിരുന്നു പ്രധാന്യം. ഇപ്പോൾ കഥാപാത്രങ്ങളുടെ വ്യക്തിത്വത്തിനല്ല, സംഭവങ്ങൾക്കും മറ്റുമാണ് പ്രാധാന്യം.
റഫീക്ക് അഹമ്മദ്
കഥാപാത്രങ്ങളുടെ വലിപ്പംകൊണ്ടും വ്യത്യസ്തതകൊണ്ടും വേറിട്ടുനിന്ന സിനിമകളുമായിരുന്നു പഴയകാലത്ത്. പലതും മലയാളികൾക്ക് ഏറെ പരിചിതമായ സാഹിത്യകൃതികളിൽ നിന്ന് ജന്മമെടുത്ത കഥാപാത്രങ്ങൾ. അതിന് അനുയോജ്യമായ അഭിനയം കാഴ്ചവെച്ച അഭിനേതാക്കളുമുണ്ടായിരുന്നു.
1.
കുഞ്ഞേനാച്ചന്‍റെ കരുത്ത്
ചില കഥാപാത്രങ്ങൾ മനസ്സിൽ തങ്ങിനിൽക്കുന്നത് കഥാപാത്രത്തിന്‍റെ വലിപ്പം കൊണ്ടാവാം. ചിലത് നടന്മാരുടെ സിദ്ധികൊണ്ടുമാകാം. അങ്ങനെ ഓർക്കുമ്പോൾ ആദ്യം വരുന്ന കഥാപാത്രം 'അരനാഴിക നേര'ത്തിലെ കുഞ്ഞേനാച്ചനാണ്. കൊട്ടാരക്കര ശ്രീധരൻ നായർ അനശ്വരമാക്കിയ കഥാപാത്രമാണത്. പാറപ്പുറത്തിന്‍റെ നോവലിനെ അധികരിച്ച് കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രം.
ആ കഥാപാത്രം ഇഷ്ടപ്പെടാനുള്ള പ്രധാന കാരണം അത് കൊട്ടാരക്കരക്ക് മാത്രം സാധ്യമായ ഒന്നായിരുന്നു. മറ്റൊന്ന് സാഹിത്യത്തിലും സിനിമയിലും അക്കാലത്ത് അത്തരമൊരു കഥാപാത്രം അപൂർവവുമായിരുന്നു. മരണത്തിന് അരനാഴിക നേരം മാത്രമേയുള്ളു എന്നു തിരിച്ചറിയുന്ന 90 വയസ്സു കഴിഞ്ഞ ഒരു മനുഷ്യൻ. പലതരം വിഷമങ്ങളിലൂടെ കടന്നുപോകുന്ന ആ കുടുംബത്തിലെ മുഴുവൻ വിഷമങ്ങളും സ്വയം ഏറ്റെടുത്തൊരു മനുഷ്യനാണ് കുഞ്ഞേനാച്ചൻ. ജീവിതത്തിൽ ധാരാളം കണ്ടിട്ടുണ്ടെങ്കിലും സിനിമയിൽ അക്കാലത്ത് അപൂർമായിരുന്നു കുഞ്ഞേനാച്ചനെ പോലെ ഒരു കഥാപാത്രം. എനിക്കേറ്റവും ഇഷ്ടം ആ കഥാപാത്രമാണ്.
കഥാപാത്രം: കുഞ്ഞേനാച്ചൻ
അഭിനേതാവ്: കൊട്ടാരക്കര ശ്രീധരൻ നായർ
ചിത്രം: അരനാഴിക നേരം (1970)
സംവിധാനം: കെ.എസ്. സേതുമാധവൻ
2.
സാവിത്രിയും ഗായത്രിയും ചേർന്ന ശക്തി
ശക്തരായ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നിരവധി നടിമാരുണ്ടായിരുന്നു മലയാള സിനിമയിൽ. ഷീലയും ശാരദയുമൊക്കെ അത്തരം ധാരാളം കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. പിൽക്കാലത്തുവന്ന നടിമാരിൽ അഭിനയസിദ്ധിയുള്ളവർ ധാരാളമുണ്ടായിരുന്നുവെങ്കിലും അവർക്ക് അത്തരം കഥാപാത്രങ്ങൾ അപൂർവമാേയ കിട്ടിയുള്ളു. അതിൽ, എനിക്കേറ്റവും ഇഷ്ടമായത് 'ഒരു പെണ്ണിന്‍റെ കഥ' എന്ന ചിത്രത്തിൽ ഷീല അവതരിപ്പിച്ച സാവിത്രി അഥവാ ഗായത്രി ദേവി എന്ന കഥാപാത്രമാണ്. സ്ത്രീയുടെ കരുത്തും ശക്തിയും വെളിപ്പെടുത്തുന്ന ഒരു കഥാപാത്രം. സാവിത്രിയിൽ നിന്ന് ഗായത്രിയിലേക്ക് അവർ എത്തിയതു തന്നെ അവരുടെ കരുത്തുറ്റ മാറ്റമായിരുന്നു. എത്ര വർഷം കഴിഞ്ഞിട്ടും ആ കഥാപാത്രം മനസ്സിൽനിന്ന് മായാതെ നിൽക്കുന്നു.
കഥാപാത്രം: സാവിത്രി
അഭിനേതാവ്: ഷീല
ചിത്രം: ഒരു പെണ്ണിന്‍റെ കഥ (1971)
സംവിധാനം: കെ.എസ്. സേതുമാധവൻ
3.
ഉണ്ണിയെന്ന നിഷ്കളങ്കൻ
അവിസ്മരണീയമായ എത്രയോ കഥാപാത്രങ്ങളെ മോഹൻലാൽ അനശ്വരമാക്കിയിട്ടുണ്ട്. പാദമുദ്രയിലെ മാതു പണ്ടാരവും കിരീടത്തിലെ സേതുമാധവനുമൊക്കെ നമുക്ക് ഏറെ ഇഷ്ടപ്പെട്ട മോഹൻലാൽ കഥാപാത്രമാണ്. പക്ഷേ, അതിനെക്കാളൊക്കെ എനിക്കേറ്റവും ഇഷ്ടം 'ഉത്സവപ്പിറ്റേന്നിലെ' ഉണ്ണിയെന്ന അനിയൻ തമ്പുരാൻ ആണ്. മനുഷ്യന്‍റെ നിസ്സഹായതയും നിഷ്കളങ്കതയും അത്രമേൽ ഉൾക്കൊണ്ട ആ കഥാപാത്രം ഒരു വേദനയായി ഇന്നും മനസ്സിലുണ്ട്.
കഥാപാത്രം: ഉണ്ണി (അനിയൻ തമ്പുരാൻ)
അഭിനേതാവ്: മോഹൻലാൽ
ചിത്രം: ഉത്സവപ്പിറ്റേന്ന് (1988)
സംവിധാനം: ഗോപി
4.
ബാപ്പുട്ടിയുടെ കരുത്ത്
േപ്രംനസീർ, സത്യൻ എന്നീ വലിയ നടന്മാരുടെ ചിത്രങ്ങളിൽ നിഴലായി ഒതുങ്ങി നിന്ന നടനായിരുന്നു മധു. മികച്ച പല കഥാപാത്രങ്ങളും അദ്ദേഹം നമുക്ക് തന്നിട്ടുണ്ട്. ചെമ്മീനിലെ പരീക്കുട്ടിയൊക്കെ ഇന്നും സിനിമാസ്വാദകർ ഓർത്തുവെക്കുന്നുണ്ട്. പക്ഷേ, എനിക്കേറ്റവും പ്രിയപ്പെട്ടത് എം.ടിയുടെ തിരക്കഥയിൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത 'ഓളവും തീരവും' സിനിമയിലെ ബാപ്പുട്ടി എന്ന കഥാപാത്രമാണ്. എം.ടി കുറിച്ചിട്ട കഥാപാത്രത്തിന്‍റെ മുഴുവൻ ആത്മാംശവും ഉൾക്കൊണ്ട കഥാപാത്രമായിരുന്നു ബാപ്പുട്ടി. എക്കാലവും മലയാളിയുടെ മനസ്സിൽ ആ കഥാപാത്രം നിറഞ്ഞുനിൽക്കും.
കഥാപാത്രം: ബാപ്പൂട്ടി
അഭിനേതാവ്: മധു
ചിത്രം: ഓളവും തീരവും (1960)
സംവിധാനം: പി.എൻ. മേേനാൻ
5.
സ്വയം മറന്ന ബാലൻ
മലയാളി അവരുടെ ഏറ്റവും അടുത്ത ഒരു ബന്ധുവിനെ പോലെ കണ്ട നടനാണ് പ്രേംനസീർ. പക്ഷേ, അദ്ദേഹത്തിന് കിട്ടിയ കഥാപാത്രങ്ങളൊക്കെ ഒരേ ടൈപ്പായി പോയി. അതിനു പുറത്ത് വളരെ കുറച്ചു കഥാപാത്രങ്ങളെ അവതരിപ്പിക്കാനേ അദ്ദേഹത്തിന് ഭാഗ്യമുണ്ടായിട്ടുള്ളു. നടനെന്ന മാറ്റുരയ്ക്കാനും കുറച്ചു കഥാപാത്രങ്ങൾ മാത്രമേ അദ്ദേഹത്തിന് കിട്ടിയുള്ളു. അതിൽ ഏറ്റവും പ്രിയപ്പെട്ടത് 'മുറപ്പെണ്ണി'ലെ ബാലൻ ആണ്. കുടുംബത്തിനും മറ്റുള്ളവർക്കും വേണ്ടി സ്വന്തം ജീവിതം മാറ്റിവെക്കുന്ന മനുഷ്യരെ പിന്നീട് നമ്മൾ സിനിമയിൽ ധാരാളം കണ്ടിട്ടുണ്ടെങ്കിലും ബാലൻ സവിശേഷമായൊരു അനുഭവമായിരുന്നു. എം.ടി എഴുതിയ ദുഃഖങ്ങളും വേദനകളും വ്യാകുലതകളും സ്ക്രീനിലേക്ക് പകർത്താൻ നസീറിന് കഴിഞ്ഞു.
കഥാപാത്രം: ബാലൻ
അഭിനേതാവ്: പ്രേംനസീർ
ചിത്രം: മുറപ്പെണ്ണ് (1965)
സംവിധാനം: എ. വിൻസെന്‍റ്
6.
നൊമ്പരമായി ബാലൻ മാഷ്
മലയാള സിനിമ ഏറെ മാറിയ കാലത്തായിരുന്നു എന്‍റെയൊക്കെ യൗവനം. മമ്മൂട്ടിയും മോഹൻലാലുമൊക്കെ നിറഞ്ഞുനിന്ന കാലമായിരുന്നുവെങ്കിലും പഴയ കാലത്തെേപ്പാെല ആഴവും ശക്തിയുമുള്ള കഥാപാത്രങ്ങളായിരുന്നില്ല അവർക്ക് ലഭിച്ചത്. അവരുടെ വൈഭവം പക്ഷേ, അതിനു പുറത്തുള്ള കഥാപാത്രങ്ങളിലൂടെയാണ് അവതരിപ്പിക്കപ്പെട്ടത്. അക്കാലത്ത് വല്ലാതെ പിടിച്ചുലച്ച ഒരു കഥാപാത്രമായിരുന്നു 'തനിയാവർത്തന'ത്തിലെ ബാലൻ മാഷ്. പാരമ്പര്യമായി ഭ്രാന്തുള്ള ഒരു തറവാട്ടിൽ ജനിച്ചുപോയതിന്‍റെ പേരിൽ ഭ്രാന്തില്ലാതിരുന്നിട്ടും ഭ്രാന്തനാവേണ്ടിവന്ന ഒരു മനുഷ്യന്‍റെ നിസ്സഹായാവസ്ഥ ബാലൻ മാഷിലൂടെ മമ്മൂട്ടി അത്യുജ്ജ്വലമാക്കി. മലയാളത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണത്.
കഥാപാത്രം: ബാലൻ മാഷ്
അഭിനേതാവ്: മമ്മൂട്ടി
ചിത്രം: തനിയാവർത്തനം (1987)
സംവിധാനം: സിബി മലയിൽ
7.
സേതുമാധവന്റെ അച്ഛൻ
മലയാളത്തിലെ മികച്ച നടന്മാരിൽ തിലകന്‍റെ സ്ഥാനം ഒഴിച്ചുനിർത്താനാവില്ല. നായകന്മാരെ കവച്ചുവെക്കുന്ന വിധത്തിൽ തിലകൻ നിറഞ്ഞുനിന്ന കുറേ സിനിമകളുണ്ട്. പക്ഷേ, കിരീടത്തിലെ അച്യുതൻ നായർ എന്ന പൊലീസുകാരൻ അതിൽനിന്നെല്ലാം വേറിട്ടുനിൽക്കുന്നു. മകനെക്കുറിച്ചുള്ള സ്വപ്നങ്ങളെല്ലാം കൺമുന്നിൽ തകർന്നുവീഴുന്നതു കാണേണ്ടിവരുന്ന, മനുഷ്യജീവിതത്തിൽ ഒട്ടും പ്രതീക്ഷിക്കാത്ത ഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു പിതാവിന്‍റെ സംഘർഷങ്ങെള തിലകൻ അതിഗംഭീരമായി ആവിഷ്കരിച്ചു.
കഥാപാത്രം: അച്യുതൻ നായർ
അഭിനേതാവ്: തിലകൻ
ചിത്രം: കിരീടം (1989)
സംവിധാനം: സിബി മലയിൽ
8.
ഉർവശി വിജയ
ശക്തമായ ഒേട്ടറെ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ശാരദ. പക്ഷേ, തുലാഭാരത്തിലെ വിജയ എന്ന കഥാപാത്രം അതിൽ വേറിട്ടുനിൽക്കുന്നു. മറ്റ് കഥാപാത്രങ്ങളെയൊക്കെ നിഷ്പ്രഭമാക്കിയ പ്രകടനമായിരുന്നു ശാരദയുടെത്. ഭാര്യയും കാമുകിയും അമ്മയുമായി അവർ കാഴ്ചവെച്ച അഭിനയത്തിന് ഉർവശി പുരസ്കാരവും ലഭിച്ചു.
കഥാപാത്രം: വിജയ
അഭിനേതാവ്: ശാരദ
ചിത്രം: തുലാഭാരം (1968)
സംവിധാനം: എ. വിൻസെന്‍റ്
9.
മിന്നിമാഞ്ഞ ശോഭ
കുറച്ചുകാലം മാത്രം സിനിമയിലും ഈ ഭൂമിയിലും ജീവിച്ചു മറഞ്ഞുപോയ നടിയായിരുന്നു ശോഭ. കുറച്ചു കഥാപാത്രങ്ങൾ മാത്രം അവതരിപ്പിച്ച നടിയാണെങ്കിലും അതെല്ലാം വ്യക്തിത്വമുള്ള കഥാപാത്രമായിരുന്നു. 'ശാലിനി എന്‍റെ കൂട്ടുകാരി' എന്ന ചിത്രത്തിൽ ശോഭ അവതരിപ്പിച്ച ശാലിനി എന്ന കഥാപാത്രം ഹൃദയത്തിൽനിന്ന് പറിച്ചെടുക്കാൻ കഴിയാത്തതാണ്.
കഥാപാത്രം: ശാലിനി
അഭിനേതാവ്: ശോഭ
ചിത്രം: ശാലിനി എന്‍റെ കൂട്ടുകാരി (1978)
സംവിധാനം: മോഹൻ
10.
മറക്കില്ല ചെല്ലപ്പനെ
തകഴിയുടെ 'അനുഭവങ്ങൾ പാളിച്ചകൾ' സിനിമയാക്കുേമ്പാൾ ചെല്ലപ്പൻ എന്ന കഥാപാത്രം അന്നത്തെ നായകസങ്കൽപ്പങ്ങളിൽ ഒതുങ്ങുന്ന ഒന്നായിരുന്നില്ല. സദ്ഗുണ സമ്പന്നന്മാരെ മാത്രം കണ്ടുപഴകിയ സിനമാശീലങ്ങളിൽനിന്ന് പുറത്തായിരുന്നു ചെല്ലപ്പൻ എന്ന കഥാപാത്രം. ഒരു മാതൃകാപുരുഷനൊന്നുമായിരുന്നില്ല അയാൾ. വിപ്ലവകാരിയാണ്. അതേസമയം ഭാര്യയെ ഉപദ്രവിക്കുന്നയാളാണ്. പക്ഷേ, സിനിമയിൽ മുഴുവൻ നിറഞ്ഞുനിൽക്കുന്നത് അയാളാണ്. സത്യന് മാത്രം അവതരിപ്പിച്ച് പൂർണമാക്കാൻ കഴിഞ്ഞ ആ കഥാപാത്രത്തെ ഒരിക്കലും മലയാളി പ്രേക്ഷകർ മറക്കാനിടയില്ല.
കഥാപാത്രം: ചെല്ലപ്പൻ
അഭിനേതാവ്: സത്യൻ
ചിത്രം: അനുഭവങ്ങൾ പാളിച്ചകൾ (1971)
സംവിധാനം: കെ.എസ്. സേതുമാധവൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.