വിരൽ തുമ്പിലെ മഷിമായ്ക്കാതെ നടന്ന ദിവസങ്ങൾ
text_fieldsബംഗളൂരുവിൽ നഴ്സിങിന് പഠിക്കുന്ന കാലത്താണ് ഞാൻ വോട്ടവകാശമുള്ള പൗരനായി മാറുന്നത്. അയൽക്കാരായ പാർട്ടിക്കാർ വന്ന് പേര് ചേർക്കാനുള്ള അപേക്ഷ വാങ്ങി പോയതു മുതൽ ഉള്ളിൽ ആകാംക്ഷ നുരകുത്തിപൊങ്ങി തുടങ്ങിയിരുന്നു. വോട്ടവകാശം ലഭിക്കുന്ന എന്നത് വെറും ഒരു വോട്ടിനു വേണ്ടി മാത്രമുള്ള അവകാശമല്ലല്ലോ. ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾക്കുള്ള ടേണിങ് പോയന്റുകൂടിയാണല്ലോ 18 വയസ്സ് എന്നത്. 2005ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക വന്നതോടെ എന്റെ പേരും അതിൽ ഉൾപ്പെട്ടിരുന്നു. അതിനാൽ തന്നെ കന്നിവോട്ട് ചെയ്യാനുള്ള ആകാക്ഷയോടെ ബംഗളൂരുവിൽ നിന്ന് നാട്ടിലെത്തി. ഞാൻ എത്തും മുമ്പ് വോട്ടു ചെയ്യാനുള്ള പേരും ബൂത്തും വ്യക്തമാക്കുന്ന സ്ലിപ്പ് ആരോ വീട്ടിലെത്തിച്ചിരുന്നു.
മുതിർന്ന പൗരനായി എന്ന ‘നാട്യത്തിൽ’ തല ഉയർത്തിപ്പിടിച്ചാണ് ബൂത്തിലേക്ക് നടന്നത്. വളാഞ്ചേരി ഹൈസ്കൂളിലായിരുന്നു പോളിങ് സെന്റർ. പോളിങ് സ്റ്റേഷന് അടുത്തു എത്തുംതോറും അതുവരെയില്ലാത്ത ‘വി.ഐ.പി പരിഗണന’ കിട്ടിത്തുടങ്ങി. വിവിധ പാർട്ടിക്കാരുടെ ബൂത്തുകൾ റോഡരികിലുണ്ട്. അതിൽ നിന്നെല്ലാം ആളുകൾ ഓടിവരുന്നു. കുശലം അന്വേഷിക്കുന്നു, സ്ലിപ്പുകൾ തരുന്നു. ഒടുക്കം ‘വോട്ട് നമുക്ക് തന്നെ അല്ലേ’ എന്ന് പറയാതെ പറയുന്നു. അവരുടെ മുഖത്തുള്ള അതേ ചിരി ഭാവം ഞാനും മുഖത്തുഫിറ്റു ചെയ്തു മുന്നോട്ടു നടന്നു. വോട്ടു നമുക്കു തന്നെ എന്ന് ഓരോ പാർട്ടിക്കാരും ഉറപ്പിക്കുന്നതു പോലുള്ള പ്രകടനമായിരുന്നു എന്റേത്.
ബൂത്തിലെത്തി വരി നിൽക്കുമ്പോഴും പാർട്ടിക്കാരുടെ ഏജന്റുമാർ കണ്ണും കൈയും കാണിക്കുന്നതു കണ്ടു. എന്നാൽ എന്റെ കണ്ണു മുഴുവൻ ചെറിയ ടേബിളിൽ മറച്ചു വെച്ച വോട്ടുപെട്ടിയിലായിരുന്നു. എന്തായിരിക്കും അതിനുള്ളിൽ എന്ന കൗതുകത്തിൽ നിൽക്കെ എന്റെയും ഊഴമെത്തി. ചെറിയൊരു സ്ലിപ്പ് കിട്ടി, മറ്റൊരിടത്ത് ഒപ്പിട്ടു, വോട്ടും കുത്തിപുറത്തേക്ക് കടക്കും മുമ്പ് വിരലിൽ നെടുനീളത്തിൽ ഒരാൾ മഷി പുരട്ടി.
അതായിരുന്നു അടയാളം. 18ന്റെ പടികടന്ന് ഇന്ന് ഞാൻ മുതിർന്ന പൗരനായിരിക്കുന്നു എന്നതിന്റെ പ്രഖ്യാപനം. പെട്ടെന്ന് മാഞ്ഞുപോകുമോ എന്ന ആശങ്കയാൽ വിരൽ ശ്രദ്ധപൂർവം ഒതുക്കിപ്പിടിച്ചാണ് തിരിച്ചിറങ്ങിയത്. റോഡരികിലെ പാർട്ടി ബൂത്തുകളിൽ അപ്പോൾ മുമ്പുകിട്ടിയ സ്വീകരണം ഇല്ലെന്നത് പ്രത്യേകം ശ്രദ്ധിച്ചു. മൂന്നു ദിവസം വിരലിനെ മഷി ഇളകാതെ നിലനിർത്തിയാണ് കോളജിലേക്കു മടങ്ങിയത്. ക്ലാസിലെത്തിയപ്പോൾ ഞാനടക്കം ചുരുക്കം ചിലർക്കേ ആ അടയാളം ഉണ്ടായിരുന്നുള്ളു.
വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കാത്ത ഇടമായിരുന്നു ഞാൻ ഉൾകൊള്ളുന്ന അന്നത്തെ കുറ്റിപ്പുറം നിയമസസഭ മണ്ഡലം. എന്നാൽ 2006ൽ ചിത്രം ചെറുതായി മാറി. പതിവില്ലാത്ത തരം ആവേശം പ്രചാരണരംഗത്ത് കണ്ടു തുടങ്ങി. മുസ്ലിം ലീഗിലെ അതികായൻ കുഞ്ഞാലിക്കുട്ടിയും പാർട്ടിയിൽ നിന്ന് പുറത്തുചാടിയ കെ.ടി.ജലീലുമാണ് മത്സര രംഗത്ത്. രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മത്സരത്തിൽ മണ്ഡലം തിളച്ചുമറിയുകയാണ്. നാട്ടുകാരനായ ജലീലിനു വേണ്ടി 18 കടന്നതിന്റെ ആവേശത്തിൽ ഞാനും പ്രചാരണ ഗോഥയിലിറങ്ങി. അന്ന് ജലീൽ അട്ടിമറി വിജയം നേടിയത് ആഹ്ലാദം ജനിപ്പിച്ചു. പിന്നീട് തദ്ദേശ തെരഞ്ഞെടുപ്പിലും ഒരു പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടതു പക്ഷത്തോടൊപ്പം പ്രചാരണങ്ങളുടെ ഭാഗമായി. 2016 മുതൽ കുവൈത്തിൽ എത്തിയതോടെ ഒറ്റത്തവണ മാത്രമാണ് വോട്ടു ചെയ്യാനായത്. രാജ്യം മറ്റൊരു തെരഞ്ഞെടുപ്പിന്റെ മുന്നിൽ നിൽക്കെ ആദ്യ വോട്ടും 2006 ലെ തെരഞ്ഞെടുപ്പും കൗതുകമുള്ള ഓർമയായി മനസ്സിലെത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.