മനംനിറയ്ക്കുന്ന താഇഫ് നഗരം..
text_fieldsപടിഞ്ഞാറൻ സൗദി അറേബ്യയിലെ മക്ക പ്രവിശ്യയിലുള്ള താഇഫിന് പറയാൻ ഒരുപാട് കഥകളുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിലുള്ള ചരിത്രത്തിലെ നാഴികക്കല്ലായ താഇഫിന്റെ സൗന്ദര്യത്തിൽ ആരുമൊന്ന് മയങ്ങിപ്പോകും. വേനൽക്കാലത്തെ ചുട്ടുപൊള്ളലിൽ നിന്ന് പർവതങ്ങളുടെ മുകളിൽ സ്ഥിതി ചെയ്യുന്ന താഇഫിലേക്കെത്തുന്നവരെ എന്നും നനുത്ത കാറ്റ് കാത്തിരിക്കുന്നുണ്ടാകും. വെയിലിൽ നിന്നുള്ള തണലായതിനാൽ തന്നെ ഇവിടം സൗദിയുടെ അനൗദ്യോഗിക വേനൽക്കാല തലസ്ഥാനം കൂടിയാണ്.
പഴക്കടകളുടെയും റോസാപ്പൂ പാടങ്ങളുടെയും ഇടയിലൂടെ കുത്തനെയുള്ള മലഞ്ചെരുവുകൾ പിന്നിട്ട് വളഞ്ഞുപുളഞ്ഞ മലമ്പാതയിലൂടെ എത്തുന്ന പീഠഭൂമിയാണ് താഇഫ്. യാത്രകളിഷ്ടപ്പെടുന്നവർക്ക് താഇഫ് ഒരു ഹരമാണ്. പർവതങ്ങളും മാർക്കറ്റുകളും പൂപ്പാടങ്ങളും മ്യൂസിയങ്ങളും കോട്ടയും ഹൈക്കിംഗ് സ്പോട്ടുകളെല്ലാമായി ഒരുപാട് സ്ഥലങ്ങൾ.
- അൽ ഹദ പർവതം.
ബബൂണുകളുടെയും റോസാപ്പൂ പാടങ്ങളുടെയും പ്രകൃതി വിശാലതയുടെയും കേന്ദ്രമായ അൽ ഹദ പർവതം മക്കയിലേക്ക് പോകുന്ന താഴ്‌വരയ്ക്ക് മുകളിലാണ് നിലകൊള്ളുന്നത് . പുരാതന ഒട്ടകപാതകൾ പോലെ, മനോഹരമായി മലഞ്ചെരിവിലൂടെ ഒഴുകുന്ന വളവുകൾ നിറഞ്ഞ റോഡുകൾ, സൂര്യാസ്തമയം ആസ്വദിക്കാനായി വ്യൂ പോയിന്റുകൾ, പർവതനിരയ്ക്കും താഴ്വാരത്തിനും ഇടയിലൂടെ സൗദിയിലെ ഏറ്റവും നീളമുള്ള കേബിൾ കാർ, വാട്ടർ പാർക്ക്, ടോബോഗൻ സ്ലൈഡ് എന്നിവയൊക്കെയാണ് അൽ ഹദയിലേക്ക് ആകർഷിപ്പിക്കുന്നത്.
- ഷരീഫ് മ്യൂസിയം
താഇഫിലെ ശ്രദ്ധേയമായ സ്വകാര്യ മ്യൂസിയമാണ് ഷരീഫ് മ്യൂസിയം. ഉടമസ്ഥന്റെ പേരിൽ തന്നെയാണ് ഈ മ്യൂസിയം അറിയപ്പെടുന്നതും. ഉടമസ്ഥനായ അൽ-ഷെരീഫ് അലി ബിൻ മൽബാസ് ഏകദേശം 30 വർഷത്തോളം വിലപ്പെട്ട ചരിത്രവസ്തുക്കൾ തേടി രാജ്യത്തുടനീളം സഞ്ചരിക്കുകയായിരുന്നു. താഇഫിലെ പ്രധാന സ്ഥലമായ ഈ മ്യൂസിയം, ഇന്ന് പുരാവസ്തുക്കളുടെ വലിയ ശേഖരമാണ്.
- ശുബ്ര കോട്ട
1905-ൽ ഷെരീഫ് അലി പണികഴിപ്പിച്ച ശുബ്ര കോട്ട സൗദി രാജകുടുംബം സന്ദർശിക്കുമ്പോഴെല്ലാം വസതിയാക്കിയ ഇടമായിരുന്നു. 1995-ലാണ് ഇത് ഒരു മ്യൂസിയമാക്കി മാറ്റി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. നിലവിൽ, വർഷങ്ങളായി ശേഖരിച്ച 4000-ത്തോളം വ്യത്യസ്ത ശേഷിപ്പുകളും പുരാവസ്തുക്കളും ഇവിടെയുണ്ട്. ഇസ്‌ലാമിക വാസ്തുവിദ്യയെ അടിസ്ഥാനമാക്കി ചില റോമൻ വാസ്തുകലയിൽ തീർത്ത കോട്ടയാണ് ശുബ്ര. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മ്യൂസിയങ്ങളിൽ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു.
- അബ്ദുല്ല ബിൻ അബ്ബാസ് മസ്ജിദിന്റെ ലൈബ്രറിയും മ്യൂസിയവും.
അബ്ദുല്ല ഇബ്നു അബ്ബാസ് പള്ളിയിൽ സമ്പന്നമായ ലൈബ്രറിയും ഇസ്ലാമിക പൈതൃകം വിളിച്ചോതുന്ന മ്യൂസിയവും ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. കിംഗ് സഊദിന്റെ കാലത്തായിരുന്നു മസ്ജിദ് പുനരുത്ഥാരണം നടന്നിരുന്നത്. നിലവിൽ, പ്രസിദ്ധമായ അൽ-അബ്ബാസ് ആലി ഉൾപ്പെടെയുള്ള കടകളും വീടുകളും കൊണ്ട് പള്ളി പ്രദേശം ഒരു വാണിജ്യ സാംസ്കാരിക കേന്ദ്രമാണ്.
- അൽ ഷാഫ ഹൈക്കിംഗ്
താഇഫിൽ എത്തുമ്പോൾ ആദ്യം ശ്രദ്ധിക്കുന്നത് അതിമനോഹരമായ പർവതനിരകളായിരിക്കും. ഈ പുരാതന നഗരത്തെ ചുറ്റിപ്പറ്റിയുള്ള കൊടുമുടികൾ സാഹസികത ഇഷ്ടപ്പെടുന്നവരെ ആകർഷിപ്പിക്കുന്ന ഇടം കൂടിയാണ്. വേനലിലായാലും ഒരു കട്ടി കുറഞ്ഞ ജാക്കറ്റ് കരുതേണ്ട ഇടം. കാരണം ഉയരം കൂടുന്തോറും തണുപ്പ് കൂടി വരുന്ന പ്രദേശമാണിത്. സമുദ്രനിരപ്പിൽ നിന്ന് 3 കിലോമീറ്റർ ഉയരത്തിൽ പർവതനിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ അൽ ഷാഫയിലെ ജബൽ ദക്കയിൽ നിന്നുള്ള കാഴ്ച തികച്ചും മാന്ത്രികമാണ്. ഇവിടേയ്ക്കുള്ളത് അത്ര എളുപ്പമുള്ള ട്രക്കിങ്ങല്ല. പക്ഷെ മുകളിലേക്കെത്തിയാൽ ഇത് അസാധാരണമാണെന്നു തോന്നിപ്പോകും.
- അൽ ഹദ ഹൈക്കിംഗ്
തായിഫിലെ രണ്ട് പ്രധാന പർവതനിരകളിൽ രണ്ടാമത്തേതും തായിഫിൽ നിന്ന് 20 കിലോമീറ്റർ അകലെയുമുള്ള പർവതമാണ് അൽ ഹദ. അൽ ഷഫയെക്കാൾ രണ്ടു കി.മി. ഉയരം കുറഞ്ഞ ഇവിടെ അത്ര തണുപ്പ് അനുഭവപ്പെടില്ല. വർണ്ണാഭമായ ലൈറ്റുകളാൽ വൈകുന്നേരങ്ങളിൽ മനോഹരമായി പ്രകാശിക്കുന്ന വാക് വേ ഉണ്ടവിടെ. ഈ മേഖലയിലുടനീളം കേബിൾ കാറുകളുമുണ്ട്.
ഇത്തരത്തിലുള്ള ഭൂമിശാസ്ത്രപരമായ വൈവിധ്യങ്ങളാൽ സൗദി അറേബ്യയിലെ ഏറ്റവും വലുതും സുഖപ്രദവുമായ നഗരങ്ങളിൽ ഒന്നുതന്നെയാണ് താഇഫ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.