സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ പോരാടാൻ അറബ് രാജ്യങ്ങളോട് സൗദിയിലെ നായിഫ് സർവകലാശാലയുടെ ആഹ്വാനം
text_fieldsയാംബു: സൈബർ ആക്രമണങ്ങൾ സമീപകാലത്ത് വ്യാപകമായ സാഹചര്യത്തിൽ ഇതിനെതിരെ ശക്തമായ പ്രതിരോധം തീർക്കൽ അനിവാര്യമാണെന്ന് അറബ് രാജ്യങ്ങളോട് സൗദിയിലെ നായിഫ് അറബ് യൂനിവേഴ്സിറ്റി ഫോർ സെക്യൂരിറ്റി സയൻസ് സർവകലാശാലയുടെ ആഹ്വാനം. യൂറോപ്പിലെ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ അൽബേനിയയിലെ സർക്കാർ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഈയിടെ നടന്ന സൈബർ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യന്നതിനുള്ള ശേഷി വർധിപ്പിക്കാൻ അറബ് രാജ്യങ്ങളോട് സൗദി സർവകലാശാല നിർദേശം നൽകിയത്. നേരത്തേ ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സൈബർ ആക്രമണങ്ങളുടെ ഒരു പരമ്പര തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അൽബേനിയൻ സർക്കാറിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ മാസം തുടങ്ങിയ സൈബർ ആക്രമണ ത്തിൽ സർക്കാരിന്റെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കാനും സർക്കാരിന്റെ ഡാറ്റ, കത്തിടപാടുകൾ, ഔദ്യോഗിക വിവരങ്ങൾ എന്നിവ ചോർത്താനും ഹാക്ക് ചെയ്യാനും ലക്ഷ്യമിട്ടിരുന്നെന്ന് സൗദി സെക്യൂരിറ്റി സയൻസ് സർവകലാശാല അധികൃതർ പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. സൈബർ ആക്രമണം രാജ്യത്തെ എല്ലാ സർക്കാർ വെബ്‌സൈറ്റുകളും സേവനങ്ങളും താറുമാറാക്കിയതായും ചില സ്വകാര്യ മേഖലാസ്ഥാപനങ്ങളെ അവരുടെ സേവനങ്ങൾ താൽക്കാലികമായി നിറുത്തി വെക്കാൻ നിർബന്ധിതരാക്കുകയും ചെയ്തതായും അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.