ഫലസ്തീൻ അഭയാർഥികളെ സഹായിക്കാൻ സൗദി യു.എൻ സമിതിക്ക് 27 മില്യൺ ഡോളർ സംഭാവന നൽകി
text_fieldsയാംബു: ഫലസ്തീൻ അഭയാർഥികളുടെ പുനരധിവാസത്തിനും അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾക്കും സേവനങ്ങൾക്കുമായി സൗദി അറേബ്യ 27 മില്യൺ ഡോളർ സംഭാവന നൽകി. ഫലസ്തീൻ അഭയാർഥികളുടെ ദുരിതാശ്വാസത്തിനും മനുഷ്യ വികസനത്തിനും പിന്തുണ നൽകുന്ന യു.എൻ ഏജൻസിയായ യുനൈറ്റഡ് നേഷൻസ് റിലീഫ് ആൻറ് വർക്‌സ് ഏജൻസിയുമായി (യു.എൻ.ആർ.ഡബ്ള്യൂ.എ) കഴിഞ്ഞ ദിവസം സൗദി ധാരണാപത്രത്തിൽ ഒപ്പു വെച്ച് സംഭാവന കൈമാറിയതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജോർദൻ തലസ്ഥാന നഗരിയായ അമ്മാനിൽ വെച്ചാണ് ജോർദനിലെ സൗദി അംബസഡർ നായിഫ് അൽ സുദൈരി, യു.എൻ. ആർ.ഡബ്ള്യൂ.എ കമീഷണർ ജനറൽ ഫിലിപ്പ് ലസാരിനി, ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ഡിപ്പാർട്ട്മെന്റ് തലവനുമായ ഡോ. അഹമ്മദ് അബു ഹോളി എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പു വെച്ചത്.
സ്വന്തം രാജ്യത്ത് അഭയാർഥികളായി കഴിയപ്പെട്ട ഫലസ്തീനികൾ മനുഷ്വത്വപരമായ അവകാശങ്ങൾ പോലുമില്ലാത്തവരായി മാറിയിട്ടുണ്ട്. മേഖലയിൽ 5.6 ദശലക്ഷം അഭയാർഥികൾ ഉണ്ടെന്നാണ് കണക്ക്. ഫലസ്തീനികൾക്ക് പൂർണ പിന്തുണ ആവർത്തിച്ചും ഇവരെ സഹായിക്കാനും സൗദി അടക്കമുള്ള അറബ് രാജ്യങ്ങൾ രംഗത്തുണ്ട്. ദശാബ്ദങ്ങളായി ഏറ്റവും മികച്ച സഹായം നൽകുന്നതിൽ സൗദി ഏറെ ശ്രദ്ധപുലർത്തിയിട്ടുണ്ട്. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾക്കും നീതിപൂർവമായ പ്രശ്ന പരിഹാര ത്തിനും സൗദി ഭരണകൂടം പൂർണ പിന്തുണ നൽകുമെന്നത് രാജ്യത്തിന്റെ പ്രഖ്യാപിത നയമാണെന്നും ഇതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ സാമ്പത്തിക സഹായമെന്നും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഫലസ്തീനിൽ സ്ഥിരതയും സുരക്ഷയും വർധിപ്പിക്കാനും സമ്പദ് വ്യവസ്ഥക്ക് കരുത്ത് പകരാനും സഹായിക്കാൻ നടത്തുന്ന സൗദിയുടെ പ്രധാന പങ്കിൽ ഫലസ്തീൻ അധികൃതർ സന്തുഷ്ടിയും കടപ്പാടും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.