ചരിത്രം പറയുന്ന അൽഉലയ്ക്ക് പുതുമയേകാൻ 'റോളർ റിങ്ക്'
text_fieldsഅൽഉല: വിചിത്രമായ ഭവനനിർമിതികളും പുരാതനലിഖിതങ്ങളും കൊണ്ട് സന്ദർശകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന മരുഭൂമിയിലെ വിസ്മയച്ചെപ്പാണ് അൽഉല. യുനസ്കൊ ലോകപൈതൃക പട്ടികയിൽ ഇടം നേടിയ അൽ ഉലയിൽ എത്തുന്നവരെ വീണ്ടും അമ്പരപ്പിക്കുകയാണ് 'അൽഉല ഓൺ വീൽസ്' സംഘടിപ്പിക്കുന്ന റോളർ-സ്കേറ്റിംഗ് അനുഭവം.അൽഉലയിലെ കലകളുടെ കേന്ദ്രമായ അൽജദീദയുടെ മധ്യത്തിലാണ് 'അൽഉല ഓൺ വീൽസ്' റോളർ-സ്കേറ്റിംഗിനായിഅവസരമൊരുക്കിയിരിക്കുന്നത്.
അൽജദീദയിലെ അബ്ദുൽറഹ്മാൻ ബിൻ ഔഫ് ബോയ്സ് സ്‌കൂളിൽ സ്ഥിതി ചെയ്യുന്ന ഈ അത്യാധുനിക റോളർ റിങ്കിൽ സന്ദർശകരെ നിറങ്ങളുടെയും സംഗീതത്തിന്റെയും ലോകത്തിലേക്കെത്തിക്കുന്ന 'ഗ്ലൈഡ് അണ്ടർ ദി സ്റ്റാർസ്' എന്ന മാസ്മരിക അനുഭവവും ഒരുക്കിയിട്ടുണ്ട്. അൽഉല മൊമെന്റ്സും, ഗുഡ് ഇന്റൻഷൻസും സഹകരിച്ചാണ് അൽഉലയിൽ റോളർ-സ്കേറ്റിംഗ് അനുഭവം അവതരിപ്പിക്കുന്നത്. കലാ സാംസ്കാരിക സംഗീത മേഖലയിൽ പകരക്കാരനില്ലാത്ത സ്വിസ് ബീറ്റ്‌സും, നൂർ താഹറും ചേർന്ന് നയിക്കുന്ന സർഗ്ഗാത്മകയ്ക്കുവേണ്ടിയുള്ള മുന്നേറ്റമാണ് ഗുഡ് ഇന്റൻഷൻസ്.
അൽഉല വെൽനസ് ഫെസ്റ്റിവലിന്റെയും അൽഉല മൊമെന്റ്സ് 2022 ന്റെ ലോഞ്ചിന്റെയും ഭാഗമായി ഒക്ടോബർ 6 ന് തുറന്ന റോളർ-സ്കേറ്റിംഗ് റിങ്ക് ഒക്ടോബർ 22 ശനിയാഴ്ച വരെയാണ് പ്രവർത്തിക്കുക. ലോകമെമ്പാടുമുള്ള എല്ലാ തലമുറകളെയും ആസ്വദിപ്പിക്കാനായി നൃത്തവും സംഗീതവും കോർത്തിണക്കിക്കൊണ്ട് ഓപ്പൺ എയർ റിങ്കിന്റെ നിയോൺ ലൈറ്റുകൾക്കിടയിലൂടെയാണ് സ്കേറ്റിന്റെ മാന്ത്രികത തീർക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.