റിയാദ് സീസൺ 2022: 15 സോണുകളിലായി 8500 പരിപാടികൾ; 7 അന്താരാഷ്ട്ര എക്സിബിഷനുകൾ
text_fieldsറിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനനഗരിയെ വിനോദത്തിന്റെ വിസ്മയലോകത്തേക്ക് ആനയിക്കാനെത്തുന്ന ഏറ്റവും വലിയ സാംസ്കാരിക-വിനോദോത്സവമാണ് 'റിയാദ് സീസൺ'. സൗദി എന്റർടൈൻമെന്റ് അതോറിറ്റിയുടെ പദ്ധതികളിലൊന്നായി 2019-ൽ തുടങ്ങിയ റിയാദ് സീസണിൽ 10 ദശലക്ഷം സന്ദർശകരാണ് എത്തിയിരുന്നത്. ആദ്യ റിയാദ് സീസണിന്റെ വിജയം ശ്രദ്ധേയമായതോടെ 2021 ലും സീസൺ നടത്തിയിരുന്നു. "ഭാവനകൾക്ക് അതീതം" എന്ന ആശയത്തിൽ ഒക്‌ടോബർ 21 വെള്ളിയാഴ്ചയാണ് റിയാദ് സീസൺ 2022 തുടങ്ങുക. ഉദ്ഘാടനത്തിന്റെ ഭാഗമായി വിനോദപരിപാടികളും സർക്കസ് പ്രദർശനങ്ങളും നടത്തുന്ന കനേഡിയൻ കമ്പനി 'സർക്യു ഡു സോലെയിൽ' അവതരിപ്പിക്കുന്ന പ്രത്യേക പ്രദർശനവും ഉണ്ടായിരിക്കും.
സൗദി അധികാരികൾ പ്രഖ്യാപിച്ചതുപോലെ, ഇത്തവണത്തെ റിയാദ് സീസണിൽ കൂടുതൽ ആകർഷങ്ങളായ പരിപാടികളും അമ്പരപ്പിക്കുന്ന കാഴ്ച്ചകളുമാണ് ഒരുക്കിയിരിക്കുന്നത്. 65 ദിവസം റിയാദിന്റെ ആകാശം വെടിക്കെട്ടുകളാൽ തിളങ്ങും. പ്രത്യേക സന്ദർശനമേഖലകളടക്കം 15 വ്യത്യസ്ത സോണുകളിലായി 8500-ലധികം പരിപാടികളാണ് ഫെസ്റ്റിവലിൽ നടക്കുക. കലാ കായിക സാഹിത്യ പരിപാടികളും മത്സരങ്ങളും 7 അന്താരാഷ്ട്ര എക്സിബിഷനുകളും 252-റസ്റ്റോറന്റുകളും 240 സ്റ്റോറുകളും പ്രത്യേകം സജ്ജീകരിക്കും. കൂടാതെ 8 ഇന്റർനാഷനൽ ഷോകളും 150-ഓളം സംഗീത പരിപാടികളും 108 ഇന്ററാക്ടീവ് പരിപാടികളും 2 അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങളും, ഗുസ്തി മത്സരങ്ങളും 17 അറബ് നാടകങ്ങളും വിനോദനഗരിയിൽ ഒരുക്കിയിട്ടുണ്ട്. 5 മാസത്തിലധികം നീണ്ടുനിൽക്കുന്ന റിയാദ് സീസൺ, നഗരത്തിലുടനീളം നടക്കുന്ന ആഘോഷമാണ്. റിയാദ് നഗരത്തിലെ 14 പ്രദേശങ്ങളിലായി 14 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന 15 സോണുകളിലായാണ് ഈ വർഷം റിയാദിന്റെ വിനോദോത്സവം നടക്കുക.
സോണുകൾ:
1. ബൊളിവാർഡ് വേൾഡ്: ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളുടെ സംസ്കാരങ്ങളും അന്തരീക്ഷവും അനുഭവിച്ചറിയാനുള്ള വേദിയാണിത്. ഈ സോണിലുള്ള റെസ്റ്റോറന്റുകൾ, മാർക്കറ്റുകൾ, കലകൾ എന്നിവയിലൂടെ അമേരിക്ക, ഫ്രാൻസ്, ഗ്രീസ്, ഇന്ത്യ, ചൈന, സ്പെയിൻ, ജപ്പാൻ, മൊറോക്കോ, മെക്സിക്കോ, ഇറ്റാലിയൻ, വെനീസ് തുടങ്ങിയ രാജ്യങ്ങളെ അടുത്തറിയുവാനാകും
2. ബൊളിവാർഡ് സിറ്റി: നഗരത്തിലെ ഏറ്റവും വലിയ 200 റെസ്റ്റോറന്റുകളും കഫേകളുമടങ്ങിയ റിയാദ് സീസണിലെ ഏറ്റവും വലിയ സോൺ ആണ് റിയാദ് ബൊളിവാർഡ് സിറ്റി . നിരവധി അറബ്, അന്തർദേശീയ തിയേറ്ററുകളും, നടപ്പാതയും ഇലക്ട്രോണിക് ഗെയിമുകളും സ്നോ സിറ്റിയും ഒമ്പത് സാങ്കൽപ്പിക മേഖലകളും ഉൾപ്പെടുന്നു.
3. വിന്റർ വണ്ടർലാൻഡ്: മുതിർന്നവർക്കും കുട്ടികൾക്കുമായി ആറ് മികച്ച വിനോദ മേഖലകളിലായി 52 ഗെയിമുകളുള്ള സംയോജിത വിനോദ ഗ്രാമമാണ് വിന്റർ വണ്ടർലാൻഡ്.
4. അൽ-മുറാബ: റിയാദ് സീസണിലെ ഏറ്റവും പ്രശസ്തമായ പ്രദേശങ്ങളിലൊന്നാണ് അൽ-മുറാബ. ചരിത്രപരവും ആധുനികവുമായ വിനോദസഞ്ചാര കേന്ദ്രങ്ങളും പൈതൃക ഭക്ഷണശാലകളും സൗദി ജനതയുടെ ആതിഥ്യ മര്യാദയെ പ്രതിഫലിപ്പിക്കുന്നതിനും അറബിക് കോഫി വിളമ്പുന്നതിനുമുള്ള മേഖലകളുണ്ട്.
5. സ്കൈ റിയാദ്: ആകാശത്ത് നിന്ന് ഭക്ഷണം ആസ്വദിക്കാൻ ഒരുക്കിയ ഇടമാണ് സ്കൈ റിയാദ്. ഈ പുതിയ റിയാദ് സീസൺ സോൺ നഗരത്തിലെ
6. ദി ഗ്രോവ്സ്: ജാപ്പനീസ്, സ്പാനിഷ് ഭക്ഷണം വിളമ്പുകയും വൈവിധ്യമാർന്ന രുചികളും നിറഞ്ഞ ആഡംബര വിശ്രമകേന്ദ്രമാണ് ഗ്രോവ്സ്. ആർട്ട് വർക്ക് ഷോപ്പുകളും വിശ്രമകേന്ദ്രങ്ങളും പാഷൻ &ഫാഷൻ ഫാഷൻ ഷോ ഇവന്റും, മിൽക്ക് & ബട്ടർ നെയിൽ സ്പാ ഇവന്റും കലാ ഇവന്റുകളുമുണ്ട്.
7. ഫാൻ ഫെസ്റ്റിവൽ: ഫുട്ബോൾ ആരാധകർക്കായി റിയാദ് സീസണിൽ ലോകകപ്പ് 2022 അനുഭവം ആസ്വദിക്കാൻ മൂന്ന് വലിയ സ്‌ക്രീനുകളുള്ള സ്റ്റേഡിയം സജ്ജീകരിച്ചയിടം
8. ഇമാജിനേഷൻ പാർക്ക്: ഏറ്റവും പ്രശസ്തമായ സീരീസുകളിൽ നിന്നും സിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പ്രദർശനങ്ങളൊരുക്കി മറ്റൊരു ലോകത്തെത്തിക്കുന്നയിടമാണ് ഇമാജിനേഷൻ പാർക്ക്.
9. ലിറ്റിൽ റിയാദ്: എക്‌സ്‌ക്ലൂസീവ് റെസ്റ്റോറന്റുകളും കഫേകളും നിറഞ്ഞ സോൺ.
10.റിയാദ് മൃഗശാല: ഏറ്റവും പ്രമുഖമായ അന്താരാഷ്ട്ര മൃഗശാലകളിൽ ഒന്നിനെ പ്രതിനിധീകരിച്ചുകൊണ്ട് 190 ഇനങ്ങളിൽ പെട്ട 1,300 ലധികം മൃഗങ്ങളുള്ള സോണാണ് റിയാദ് മൃഗശാല.
11. വയാ റിയാദ്: ആധുനിക സിനിമകൾ പ്രദർശിപ്പിക്കുന്ന ഏഴ് സ്‌ക്രീനുകളും, നാടക പ്രകടനങ്ങൾക്കായി തിയേറ്ററും റിയാദിലെ ആഡംബര പഞ്ചനക്ഷത്രഹോട്ടലുകളും ഷോപ്പിംഗ് മാളുകളുമുള്ള സോൺ ആണ് വയാ റിയാദ്.
12. സൂഖ് അൽ-സൽ: റിയാദിലെ ഏറ്റവും പഴയ പൈതൃക വിപണി പരിചയപ്പെടുവാനും പരമ്പരാഗത നാടോടി നൃത്തങ്ങളും സംഗീത പ്രകടനങ്ങളും ആസ്വദിക്കാനും കഴിയുന്ന സോൺ
13. സുവൈദി പാർക്ക്: എല്ലാ ആഴ്‌ചയും വ്യത്യസ്തമായ സംസ്‌കാരത്തിൽ മുഴുകാനും തത്സമയ സംഗീത പരിപാടിൾ ആസ്വദിക്കുവാനുള്ളയിടം.
14. ഖാരിയത്ത് സമാൻ: 80കളിലെയും 90കളിലെയും പരമ്പരാഗത ഗെയിമുകളും തത്സമയ ഷോകളും പരമ്പരാഗത ലഘുഭക്ഷണങ്ങളും നൽകി ആളുകളെ സന്തോഷകരമായ ഓർമ്മകളിലേക്കെത്തിക്കുന്ന ഇടം.
15. റിയാദ് ഫ്രണ്ട്: ഗെയിമുകളും സാങ്കേതികവിദ്യകളുടെയും ഫാഷന്റെയും പ്രദർശനങ്ങളും ഒരുക്കിയയിടം.
ഒക്ടോബറിൽ ആരംഭിക്കുന്ന റിയാദ് സീസണിൽ രാജ്യത്തുള്ളവർക്കുപുറമെ, ഒരുലക്ഷത്തിലധികം അന്താരാഷ്ട്ര സന്ദർശകർക്കും ടിക്കറ്റുകൾ ലഭ്യമാണ്. മിക്ക ഇവന്റുകളും സൗജന്യമാണ്. ചിലതിന് ടിക്കറ്റ് ആവശ്യമാണ്. ടിക്കറ്റ് വിശദാംശങ്ങൾ റിയാദ് സീസൺ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും ലിസ്റ്റ് ചെയ്യും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.