100 ഇലക്ട്രിക് വിമാനങ്ങൾ വാങ്ങാൻ പദ്ധതിയുമായി സൗദിയ
text_fieldsറിയാദ്: രാജ്യത്ത് ഇലക്ട്രിക് വ്യോമയാന ശൃംഖല വികസിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി 100 ഇലക്ട്രിക് വിമാനങ്ങൾ വാങ്ങാൻ പദ്ധതിയുമായി ദേശീയ വിമാന കമ്പനി സൗദിയ. സൗദിയിൽ എയർക്രാഫ്റ്റ് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് ഇനത്തിൽ പെട്ട വിമാനങ്ങൾ ഉപയോഗിച്ചുള്ള സർവീസ് ശൃംഖല വികസിപ്പിക്കാൻ ലക്ഷ്യമിട്ടുകൊണ്ട് ജർമൻ കമ്പനിയായ ലിലിയവുമായാണ് സൗദിയ ധാരണാപത്രം ഒപ്പുവെച്ചത്.
റിയാദിലെ ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് പരിപാടിക്കിടെയാണ് ഇരു കമ്പനികളും ധാരണാപത്രം ഒപ്പുവെച്ചത്. ധാരണാപത്രം പ്രകാരം ലിലിയം കമ്പനിയിൽ നിന്ന് 100 വിമാനങ്ങൾ വാങ്ങാൻ പദ്ധതിയിടുന്ന മധ്യപൗരസ്ത്യ ദേശത്തെയും ഉത്തരാഫ്രിക്കയിലെയും ആദ്യ കമ്പനിയായി സൗദിയ മാറും. സൗദിയിൽ ഇത്തരത്തിൽ പെട്ട വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ആവശ്യമായ സപ്പോർട്ട് സർവീസും ലിലിയം കമ്പനി സൗദിയക്ക് നൽകും. ഇവിറ്റോൾ വിമാനങ്ങൾ ഉപയോഗിച്ച് സൗദിയിലെ നിരവധി കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് നൂതന സേവനം ആരംഭിക്കാനും സൗദിയക്ക പദ്ധതിയുണ്ട്.
സൗദിയ സർവീസ് നടത്തുന്ന പ്രധാന വിമാനത്താവളങ്ങളിൽ നിന്ന് ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കുള്ള പ്രത്യേക സേവനങ്ങളാണ് ഇലക്ട്രിക് വിമാനങ്ങളിൽ ലഭ്യമാവുക. സൗദിയിൽ ഇത്തരം വിമാനങ്ങൾ ലിലിയം കമ്പനിക്ക് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ മുഴുവൻ നിയമാനുസൃത അനുമതികൾക്കും സൗദിയ പിന്തുണ നൽകും.രണ്ട് വർഷത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന വിമാനത്തിന്റെ അവസാന പരീക്ഷണ ഘട്ടത്തിലാണ് ഇപ്പോൾ കമ്പനി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.