'മെമ്പർ താഹിർ'; മത്സരിക്കാതെ ജയിച്ച മലയാളികളുടെ ജനപ്രിയ മെമ്പർ
text_fieldsമലപ്പുറം: തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മലയാളികളുടെ മുഴുവൻ പഞ്ചായത്ത് മെമ്പറായി അഞ്ച് കൊല്ലം പൂർത്തിയാക്കുന്നൊരാൾ. കാസർകോട് മുതൽ തിരുവനന്തപുരം കേരളത്തിലെ ഏത് മുക്ക്മൂലയിൽ പോയാലും ജനങ്ങൾ തിരിച്ചറിയുന്നു. 'മെമ്പർ താഹിറല്ലേ' എന്ന ചോദ്യത്തിലുണ്ട് 'മഹേഷിൻറെ പ്രതികാരം' എന്ന സിനിമയിൽ ചെറിയ വേഷം മാത്രം ചെയ്തിട്ടും അച്യുതാനന്ദന് പ്രേക്ഷക മനസ്സിൽ ലഭിച്ച സ്വീകാര്യത.
'മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്നത് നിർത്തി'യെങ്കിലും സിനിമ റിലീസായ ശേഷമുള്ള ആദ്യ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് 'മെമ്പർ താഹിറി'െൻറ ഹാങ്ങോവറിൽ തന്നെയാണ് അച്യുതാനന്ദൻ.
സീനിൽ മരണവീടാണ്. അമേരിക്കയിൽ താമസിക്കുന്ന എൽദോച്ചായെൻറ പറമ്പിലെ ആദായം ആരെടുക്കും എന്നത് സംബന്ധിച്ച തർക്കത്തിൽ ഇടപെടുന്ന മെമ്പർ താഹിർ. നേരവും കാലവും നോക്കാതെ അമേരിക്കയിലേക്ക് വിളിച്ച് പരിഹാരമുണ്ടാക്കാൻ ശ്രമം.
ഭാര്യ പറയുന്നതിന് അനുസരിച്ച് വാക്കുമാറ്റിക്കളിക്കുന്ന എൽദോ (ദിലീഷ് പോത്തൻ). ക്ഷുഭിതനായി 'എടാ എൽദോ ഒരുമാതിരി മറ്റേടത്തെ വർത്താനം പറയല്ലേ. നീ എവിടെയെങ്കിലും ഒന്ന് ഉറച്ച് നിൽക്കടാ നായിൻറെ മോനേ' എന്ന് പറയുന്നുണ്ട് താഹിർ. 'നീയാരാടാ ഇതിൽ കയറി ഇടപെടാൻ' എന്ന എൽദോയുടെ ചോദ്യത്തിന് 'ഞാൻ നിൻറെ അപ്പൻ കൊച്ചു വറീത്' എന്ന മറുപടി നൽകുന്നതോടെ തർക്കത്തിൽപ്പെട്ട രണ്ടാളും ചേർന്ന് മെംബറെ തല്ലുന്നു.
സത്യസന്ധതയും നിലപാടുമുള്ള ജനപ്രതിനിധിയാണ് താഹിറെന്നാണ് അച്യുതാനന്ദൻറെ പക്ഷം. മധ്യസ്ഥതയുടെ തിരക്കിനിടയിലും ഈ കുരിശ് എവിടെയാണ് വെക്കേണ്ടതെന്ന ചോദ്യത്തിന് 'നല്ലൊരു സ്ഥലത്ത് കൊണ്ടുപോയി വെക്ക്' എന്നാണ് പറയുന്നത്. ട്രോളന്മാരാണ് തന്നെ ഇത്രയും സ്വീകാര്യനാക്കിയതെന്ന് അച്യുതാനന്ദൻ. ജീവിതത്തിൽ ഇടതുപക്ഷ ആഭിമുഖ്യം പുലർത്തുന്നയാളാണ്. മെമ്പർമാർ ഓരോ നാടിൻറെയും മിടിപ്പ് അറിയുന്നവരാവണം എന്ന് പാലക്കാട് കൂറ്റനാട് പെരിങ്ങോട് സ്വദേശിയായ ഇദ്ദേഹം പറയുന്നു. പെരിങ്ങോട് വായനശാലയിൽ നിന്നാണ് കലാരംഗത്തേക്കുള്ള ചുവട് വെപ്പ്. ഇവിടുത്തെ നിത്യസന്ദർശകനായ സുദേവനുമായുള്ള അടുപ്പം രണ്ടുപേരുടെയും ജീവിതത്തിൽ നിർണായകമായി.
ഹ്രസ്വചിത്രങ്ങളിലൂടെയായിരുന്നു തുടക്കം. സുദേവൻ അണിയറയിലും അച്യുതാനന്ദൻ അരങ്ങിലും ശോഭിച്ചു. 'തട്ടിൻ പുറത്ത് അപ്പൻ' എന്ന ഹ്രസ്വചിത്രത്തിലെ പ്രധാനവേഷത്തിലൂടെയാണ് അച്യുതാനന്ദൻ ശ്രദ്ധാകേന്ദ്രമാവുന്നത്. സുദേവൻ സംവിധാനം ചെയ്ത 'ക്രൈം നമ്പർ 89'ന് സംസ്ഥാന ചലച്ചിത്ര പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചു. ഇടുക്കി ഗോൾഡ്, ഡാ തടിയാ, ഇയ്യോബിെൻറ പുസ്തകം, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, വൈറസ്, പൂഴിക്കടകൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അച്യുതാനന്ദൻ. ഇൗയിടെ പുറത്തിറങ്ങിയ 'അച്ഛൻ' എന്ന ഹ്രസ്വചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.