ദേവനഹള്ളി കർഷക സമരം 1000 ദിവസം കടന്നു
text_fieldsബംഗളൂരു: വ്യവസായ കേന്ദ്രം നിർമിക്കുന്നതിനായി 1777 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള കർണാടക ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് ബോർഡിന്റെ (കെ.ഐ.എ.ഡി.ബി) നീക്കത്തിനെതിരെ കർഷകർ നടത്തുന്ന അനിശ്ചിത കാല സമരത്തിന് ഇന്നത്തോടെ 1000 ദിവസമായി. ചന്നരായപട്ടണയിലാണ് കർഷകർ സമരം നടത്തുന്നത്.
പഹലൂർ ഇൻഡസ്ട്രിയൽ ഏരിയ ഡെവലപ്മെന്റ് പ്രോജക്ടിന്റെ ഒന്നാം ഘട്ടത്തിനായി കെ.ഐ.എ.ഡി.ബി ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനമെടുത്തതോടെ 2022 ഏപ്രിൽ നാലിനാണ് സമരം ആരംഭിക്കുന്നത്. സമരം തുടങ്ങിയതിനു ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചിരുന്നുവെങ്കിലും കർഷകരുടെ ആവശ്യങ്ങൾക്ക് പരിഹാരം കാണാനായിട്ടില്ല.
പാള്യ, ഹാരലുരു, പൊലനഹള്ളി, ഗോകര ബച്ചെനഹള്ളി, നല്ലൂർ, മല്ലേപുര, നല്ലപ്പനഹള്ളി, ചീമച്ചനഹള്ളി, മട്ടബരലു, മുദ്ദെനഹള്ളി, ചന്നരായപട്ടണ എന്നിവിടങ്ങളിലെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 700ഓളം കർഷക കുടുംബങ്ങളെയും കാർഷികവൃത്തിയുമായി ജീവിക്കുന്ന 6000 പേരെയും ഭൂമി ഏറ്റെടുക്കൽ ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്. ഏറ്റെടുക്കാനുദ്ദേശിക്കുന്നതിൽ 475 ഏക്കർ ഭൂമി എസ്.സി/ എസ്.ടി കർഷകരുടേതാണ്.
കുമാരസ്വാമിയും മുൻ മന്ത്രി മുനിയപ്പയും 2023 നിയമസഭ തെരഞ്ഞടുപ്പിന്റെ സമയത്ത് തങ്ങളെ സന്ദർശിച്ച് വാഗ്ദാനങ്ങൾ നൽകിയിരുന്നെങ്കിലും ഒന്നും നിറവേറ്റിയിട്ടില്ലെന്ന് കർഷകർ പറഞ്ഞു. ഗ്രാമങ്ങളിലുള്ളവർ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെയായിരുന്നു സമരത്തിന് കൂടുതൽ ശ്രദ്ധ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.