മൂന്നു മാസത്തിനുള്ളിൽ നഗരത്തിൽ 1134 കൈയേറ്റം
text_fieldsബംഗളൂരു: കഴിഞ്ഞ മൂന്നു മാസങ്ങൾക്കുള്ളിൽ ബംഗളൂരു നഗരത്തിലുണ്ടായത് 1134 കൈയേറ്റങ്ങൾ. ആഗസ്റ്റ് 27 മുതൽ ഒക്ടോബർ 30 വരെയാണ് ഇത്രയും സ്ഥലങ്ങൾ വ്യക്തികളും സ്ഥാപനങ്ങളും കൈയേറിയത്. ബി.ബി.എം.പി നടത്തിയ മഴവെള്ളമൊഴുകിപ്പോകൽ സൗകര്യങ്ങളുമായി ബന്ധപ്പെട്ട സർവേയിലാണ് ഇക്കാര്യങ്ങൾ പുറത്തുവന്നത്. ഈ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് ഉടമകൾക്ക് ഉടൻ നോട്ടീസ് നൽകും.
ആകെയുള്ള എട്ട് സോണുകളിൽ യെലഹങ്കയിലാണ് കൂടുതൽ കൈയേറ്റം ഉണ്ടായത്. ഇവിടെ 308 കൈയേറ്റമാണുള്ളത്. ദാസറഹള്ളിയാണ് രണ്ടാമത്, 246 നിയമലംഘനം ഇവിടെ ഉണ്ടായി. ബൊമ്മനഹള്ളി സോൺ 175, മഹാദേവപുര സോൺ 75, ബി.ബി.എം.പി വെസ്റ്റ് സോൺ 74, ആർ.ആർ. നഗർ 71, സൗത്ത് സോൺ 51, ഈസ്റ്റ്സോൺ 24, കോറമംഗല വാലി 110 എന്നിങ്ങനെയാണ് വിവിധ സോണുകളിലെ നിയമലംഘനങ്ങൾ. 2022ലുണ്ടായ കനത്ത മഴയിൽ നഗരം മുഴുവൻ വെള്ളപ്പൊക്കമുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഹൈകോടതി വിഷയത്തിൽ ശക്തമായി ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയുള്ള പരിഹാര നടപടികളുടെ ഭാഗമായാണ് ബി.ബി.എം.പി ചീഫ് കമീഷണറുടെ ഉത്തരവ് പ്രകാരം സർവേ നടത്തിയത്. അതത് തഹസിൽദാറുമാരോട് കൈയേറ്റങ്ങൾ സംബന്ധിച്ച് പരിശോധിച്ച് ഇവ ഒഴിപ്പിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾ നിർദേശം നൽകിയിട്ടുണ്ട്. ബി.ബി.എം.പി നോട്ടീസ് നൽകിയതിന് ശേഷമാകും പൊളിക്കൽ നടപടികളിലേക്ക് നീങ്ങുക. കഴിഞ്ഞ മഴക്കാലത്ത് ഇലക്ട്രോണിക് സിറ്റി, വൈറ്റ് ഫീല്‍ഡ് ഉള്‍പ്പെടെയുള്ള നിരവധി പ്രദേശങ്ങളില്‍ വൻതോതിൽ വെള്ളം കയറിയിരുന്നു. ഐ.ടി കമ്പനികളിലുള്‍പ്പെടെ വലിയ നാശനഷ്ടവുമുണ്ടായി. മഹാദേവപുര സോണിൽ വൻകിടക്കാരുടെ 15 കെട്ടിടങ്ങളാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.