114 നമ്മ ക്ലിനിക്കുകൾ ഇന്നുമുതൽ: ആകെ 438 ക്ലിനിക്കുകളാണ് തുറക്കുന്നത് ബംഗളൂരു നഗരപരിധിയിൽ 243
text_fieldsബംഗളൂരു: സംസ്ഥാനത്ത് 114 നമ്മ മെട്രോ ക്ലിനിക്കുകൾ ഡിസംബർ 14 മുതൽ തുടങ്ങും. സംസ്ഥാനത്തുടനീളം ആകെ 438 നമ്മ ക്ലിനിക്കുകളാണ് തുടങ്ങുക. ബാക്കിയുള്ളവ ജനുവരിയോടെ തുടങ്ങുമെന്നും ആരോഗ്യ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. ചേരിനിവാസികൾ, ദിവസക്കൂലിക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ തുടങ്ങിയവർക്ക് പ്രാഥമികാരോഗ്യ സൗകര്യം ലഭ്യമാക്കുകയാണ് നമ്മ ക്ലിനിക്കുകളിലൂടെ ലക്ഷ്യമിടുന്നത്. മെഡിക്കൽ ഓഫിസർ, നഴ്സ്, ലാബ് ടെക്നീഷ്യൻ, ഗ്രൂപ് ഡി ജീവനക്കാരൻ എന്നിവരടങ്ങിയ ഒരു ക്ലിനിക്കിൽ 12 ഇനം ആരോഗ്യസേവനങ്ങളാണ് ലഭിക്കുക. 150 കോടി രൂപ ചെലവിലാണ് പദ്ധതി. മിക്ക ക്ലിനിക്കുകളും സർക്കാർ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുക. ഡിസംബർ 14ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് നമ്മ ക്ലിനിക്കുകൾ ഉദ്ഘാടനം ചെയ്യുക. ആദ്യഘട്ടമെന്ന നിലയിലാണ് 114 എണ്ണം തുറക്കുന്നത്. ബാക്കിയുള്ളവയുടെ ഉദ്ഘാടനം പിന്നീട് നടക്കും. ഇതാദ്യമായാണ് നൂറിലധികം ക്ലിനിക്കുകൾ ഒരേ സമയം പ്രവർത്തനം തുടങ്ങുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
12 ഇനം സേവനങ്ങൾ
പ്രസവചികിത്സ, പ്രസവശേഷമുള്ള ചികിൽസ, നവജാതശിശുക്കൾക്കുള്ള ചികിത്സ, കുട്ടികൾക്കും പ്രായപൂർത്തിയായവർക്കുമുള്ള ചികിത്സ, പ്രതിരോധ കുത്തിവെപ്പ് സൗകര്യങ്ങൾ, കുടുംബക്ഷേമം, ഗർഭനിരോധന ചികിത്സ, പകർച്ചവ്യാധി ചികിത്സ, പ്രാഥമികവും ചെറുതുമായ രോഗങ്ങൾക്കുള്ള ചികിത്സ, പ്രമേഹം, രക്തസമ്മർദം, ദീർഘകാലരോഗം, വായ രോഗങ്ങൾ തുടങ്ങിയവക്കുള്ള ചികിൽസാസൗകര്യങ്ങളാണ് നമ്മ ക്ലിനിക്കുകളുടെ പ്രത്യേകത. തുടർചികിൽസ ആവശ്യമുള്ളവരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യും. സ്തനാർബുദം, ഗർഭാശയഅർബുദം, നേത്രരോഗം തുടങ്ങിയവയുള്ളവവരെ തുടർ-വിദഗ്ധ ചികിൽസക്കായി മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യും.
പ്രായമായവർക്കുള്ള പരിചരണം, അടിയന്തര ആരോഗ്യസേവനങ്ങൾ, വിവിധ ആരോഗ്യപരിശോധനകൾ, മരുന്നുകൾ എന്നിവ പൂർണമായും സൗജന്യമായിരിക്കും. 14 ലാബ് പരിശോധനകൾ, ഓൺലൈൻ പരിശോധനകൾ, ആരോഗ്യ പരിശീലനങ്ങൾ എന്നിവ സൗജന്യ നിരക്കിലും ലഭ്യമാണ്. നിലവിൽ 300 ഡോക്ടർമാരെ നമ്മ ക്ലിനിക്കുകളിൽ നിയമിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ ഡോക്ടർമാരുടെ ക്ഷാമമുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇവിടങ്ങളിൽ ബദൽമാർഗങ്ങൾ സ്വീകരിക്കുമെന്നും നിർബന്ധിത ഗ്രാമീണ സേവനത്തിലുള്ള 80 മുതൽ 100 വരെ ഡോക്ടർമാരെ ഇത്തരം സ്ഥലങ്ങളിൽ നിയമിക്കുകയും ചെയ്യും.
ബംഗളൂരുവിൽ 243 എണ്ണം
ബൃഹത് ബംഗളൂരു മഹാനരപാലികയുടെ (ബി.ബി.എം.പി) പരിധിയിൽ ആകെ 243 നമ്മ ക്ലിനിക്കുകളാണ് തുറക്കുക. ജനുവരി രണ്ടാം വാരത്തോടെ ഇവ പ്രവർത്തിച്ചുതുടങ്ങും. പതിനായിരം മുതൽ ഇരുപതിനായിരം ജനങ്ങൾക്ക് ഒരു ക്ലിനിക്ക് എന്ന രൂപത്തിലാണ് പദ്ധതി. നിലവിൽ ചില ഗ്രാമീണ മേഖലയിൽ ഡോക്ടർമാരെ കിട്ടാൻ ബുദ്ധിമുട്ടുള്ളതായി ബി.ബി.എം.പി അധികൃതർ പറയുന്നു. ഇത് പരിഹരിക്കാനായി മെഡിക്കൽപഠനം പൂർത്തിയാക്കുന്ന ഡോക്ടർമാർക്കുള്ള നിർബന്ധിത ഗ്രാമീണസേവനം ഉപയോഗപ്പെടുത്തും. 'കർണാടക കമ്പൽസറി ട്രെയ്നിങ് സർവിസ് ബൈ കാൻഡിഡേറ്റ്സ് കംപ്ലീറ്റഡ് മെഡിക്കൽ കോഴ്സസ് ആക്ട് 2012 ' പ്രകാരമായിരിക്കും ഇത്. കർണാടകയിൽ നിന്ന് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന പോസ്റ്റ്ഗ്രാേജ്വറ്റ്സ്, അണ്ടർ ഗ്രാജ്വേറ്റ്സ് വിദ്യാർഥികൾ വിവിധ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ഒരു വർഷം നിർബന്ധമായും സേവനം ചെയ്യണമെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. നിയമത്തിന് കീഴിൽ വരുന്ന ഇത്തരം ഡോക്ടർമാരെ ഗ്രാമീണ മേഖലയിലെ നമ്മ ക്ലിനിക്കുകളിൽ നിയമിക്കാനാണ് സർക്കാർ ലക്ഷ്യം. ബി.ബി.എം.പി പരിധിയിലെ വിവിധ വാർഡുകളിലായി ആകെ 243 നമ്മ ക്ലിനിക്കുകളാണ് വരുന്നത്. ഇതിലേക്കായി ഡോക്ടർമാരെ നിയമിക്കാൻ നാല് തവണ ബി.ബി.എം.പി അധികൃതർ പരസ്യം നൽകിയിരുന്നു. എന്നാൽ, ഇതിലൂടെ 160 ക്ലിനിക്കുകളിൽ ഡോക്ടർമാരെ നിയമിക്കാനേ ഇതുവരെ സാധിച്ചിട്ടുള്ളൂ.
ജില്ലകളും നമ്മ ക്ലിനിക്കുകളും
ബാഗൽകോട്ട് -18, ബെല്ലാരി -11, വിജയനഗര -ആറ്, ബെളഗാവി -21, ബംഗളൂരു റൂറൽ -ഒമ്പത്, ബിദർ -ആറ്, ചാമരാജ്നഗർ -മൂന്ന്, ചിക്കബെല്ലാപുർ -മൂന്ന്, ചിക്കമഗളൂരു -നാല്, ചിത്രദുർഗ -ഒന്ന്, ദക്ഷിണകന്നട -12, ദേവനഗരെ ഒന്ന്, ധാർവാർഡ് -ആറ്, ഗദഗ് -ഒന്ന്, ഹാസൻ -അഞ്ച്, ഹാവേരി -അഞ്ച്, കലബുറഗി -11, കുടഗ് -ഒന്ന്, കോലാർ -മൂന്ന്, കൊപ്പാൾ -മൂന്ന്, മാണ്ഡ്യ -നാല്, മൈസൂരു -ആറ്, റായ്ചൂർ -എട്ട്, രാമനഗര -മൂന്ന്, തുമകുരു -10, ഉഡുപ്പി -10, ഉത്തരകന്നട -10, വിജയപുര -10, യാദ്ഗിർ -മൂന്ന്, ബി.ബി.എം.പി പരിധി -243 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ പ്രവർത്തനം തുടങ്ങുന്ന നമ്മ ക്ലിനിക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.