നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ കാറിടിച്ച് 13 പേര് മരിച്ചു
text_fieldsബംഗളൂരു: ചിക്കബെല്ലാപുര ചിത്രാവതിയില് നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ ടാറ്റ സുമോ കാറിടിച്ച് ആന്ധ്ര സ്വദേശികളായ 13 പേര് മരിച്ചു. ആന്ധ്ര അനന്ത്പുര്‍ ജില്ലയിലെ ഗോരന്ത്ല സ്വദേശികളാണിവര്‍. ആറു വയസ്സുകാരനായ കുട്ടിയും നാലു സ്ത്രീകളും മരിച്ചവരിലുള്‍പ്പെടുന്നു. ബംഗളൂരുവിലും ചിക്കബെല്ലാപുര ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും ദിവസക്കൂലിക്ക് ജോലിചെയ്യുന്നവരാണ് മരിച്ചവരില്‍ ഭൂരിഭാഗവുമെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. മഞ്ഞുമൂടിയതിനാല്‍ ഡ്രൈവര്‍ക്ക് ലോറി കാണാന്‍ കഴിയാതിരുന്നതും അമിതവേഗവുമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ടുലക്ഷം രൂപവീതം സഹായധനം നല്‍കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അപകടം ദൗര്‍ഭാഗ്യകരമാണ്. അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി അറിയിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ഉടന്‍ സഹായധനം ലഭ്യമാക്കാനാവശ്യമായ നടപടി സ്വീകരിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ബംഗളൂരുവില്‍നിന്നുള്ള കുടുംബത്തെ അനന്ത്പുരില്‍ എത്തിച്ചശേഷം മടങ്ങുകയായിരുന്നു ടാറ്റാ സുമോ.
തിരിച്ചുപോകുന്നതിനിടെ ഗോരന്ത്ലയില് ബസ് കാത്തുനിന്നവരെ ടാറ്റ സുമോ ഡ്രൈവര്‍ വാഹനത്തില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് ബംഗളൂരുവിലേക്ക് തിരിച്ച സുമോ, ബംഗളൂരു-ഹൈദരാബാദ് ദേശീയപാതയുടെ ഒരുവശത്ത് നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയുടെ പിന്നില്‍ ഇടിച്ചുകയറുകയായിരുന്നു.
അപകടം നടന്നയുടനെ മറ്റു വാഹനയാത്രക്കാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും കാറിനുള്ളിലുള്ളവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് പൊലീസും അഗ്നിരക്ഷാസേനയുമെത്തിയാണ് കുടുങ്ങിയവരെ പുറത്തെടുത്തത്. 11 പേര് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. മറ്റു രണ്ടുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഡ്രൈവറടക്കം ആകെ 13 പേരാണ് കാറിലുണ്ടായിരുന്നത്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ക്കെ തിരെ കേസെടുത്തതായും ചിക്കബെല്ലാപുര എസ്.പി ഡി.എല്‍. നാഗേഷ് പറഞ്ഞു. സിഗ്നല്‍ ലൈറ്റുകള്‍ ഇടാതെയാണ് ലോറി വഴിയരികില്‍ നിര്‍ത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.