ഈ വർഷം ചത്തത് 14 കടുവകൾ
text_fieldsrepresentational image
ബംഗളൂരു: സംസ്ഥാനത്ത് ഈ വർഷം 14 കടുവകൾ ചത്തതായി വനംവകുപ്പ്. ഇക്കൂട്ടത്തിൽ രണ്ട് കടുവക്കുട്ടികളും ഉൾപ്പെടും. ഏറ്റവുമൊടുവിൽ നാഗർഹോളെ കടുവസങ്കേതത്തിനു സമീപം ഈ മാസം 12നാണ് കടുവ ചത്തത്.
കടുവസങ്കേതങ്ങളായ ബന്ദിപ്പുർ (ചാമരാജനഗർ), നാഗർഹോളെ (മൈസൂരു-കുടക്) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കടുവകൾ ചത്തത്. സംസ്ഥാനത്ത് ഏറ്റവുമധികം കടുവകളുള്ള ദേശീയോദ്യാനങ്ങൾകൂടിയാണ് ഇവ. തുടർച്ചയായി കടുവകൾ ചാവുന്നത് വനംവകുപ്പ് അധികൃതരെ ആശങ്കയിലാക്കുന്നുണ്ട്.
അധീനപ്രദേശത്തിന്‍റെ പേരിൽ പരസ്പരമുള്ള പോരാട്ടം, നായാട്ട്, കെണിയിൽ കുടുങ്ങൽ തുടങ്ങിയ കാരണങ്ങളാലാണ് കടുവകൾ ചാവുന്നത്. കാട്ടുപന്നിയെ പിടികൂടാൻ സ്ഥാപിച്ച കെണിയിൽ കുടുങ്ങിയാണ് നാഗർഹോളെയിൽ കടുവ ചത്തത്. ഒടുവിൽ നടന്ന ദേശീയ കടുവ സെൻസസ് പ്രകാരം രാജ്യത്ത് ഏറ്റവുമധികം കടുവകളുള്ള രണ്ടാമത്തെ സംസ്ഥാനമാണ് കർണാടക.
526 കടുവകളുമായി ആദ്യ സ്ഥാനത്തുള്ള മധ്യപ്രദേശിനു തൊട്ടുപിന്നിലാണ് കർണാടകയുടെ (524) സ്ഥാനം. 2022ലെ ദേശീയ കടുവ സെൻസസിന്റെ ഫലം പുറത്തുവരുമ്പോൾ കർണാടക രാജ്യത്ത് ഒന്നാമതെത്തുമെന്നാണ് വനംവകുപ്പ് അധികൃതരുടെ പ്രതീക്ഷ.
2018ലെ ദേശീയ കടുവ സെൻസസ് പ്രകാരം ബന്ദിപ്പുരിൽ 173ഉം നാഗർഹോളെയിൽ 164ഉം കടുവകളാണുള്ളത്. മറ്റു കടുവസങ്കേതങ്ങളായ ഭദ്ര (ചിക്കമഗളൂരു), ദന്ദേലി (ഉത്തര കന്നട), ബിലിഗിരി രംഗനാഥസ്വാമിക്ഷേത്ര (ചാമരാജനഗർ) എന്നിവിടങ്ങളിലും കടുവകൾ ചത്തസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അസ്വാഭാവികമായി കടുവകൾ ചാകുന്ന കേസുകൾ വനംവകുപ്പ് കേന്ദ്രസർക്കാറിനു കീഴിൽ ഡൽഹിയിലുള്ള വൈൽഡ്‌ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയിൽ (ഡബ്ല്യു.സി.സി.ബി.) റിപ്പോർട്ട് ചെയ്യാറുണ്ട്. തുടർന്ന് മനഃപൂർവം കടുവയെ കൊന്നതാണോയെന്ന കാര്യം ഡബ്ല്യു.സി.സി.ബി. പരിശോധിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.