സംസ്ഥാനത്ത് 188 ഇന്ദിര കാന്റീൻ കൂടി തുറക്കും
text_fieldsബംഗളൂരു: സംസ്ഥാനത്ത് 188 ഇന്ദിര കാന്റീനുകൾകൂടി തുറക്കാൻ കർണാടക മന്ത്രിസഭ അനുമതി നൽകി. നഗര തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലാണ് ഇവ തുറക്കുക. നിലവിൽ ബംഗളൂരു നഗരത്തിലാണ് കൂടുതലും ഇന്ദിര കാന്റീനുകൾ പ്രവർത്തിക്കുന്നത്.
197 കാന്റീനുകളുടെ അറ്റകുറ്റപ്പണിക്കും സർക്കാർ അനുമതി നൽകി. പുതിയ കാന്റീനുകൾ തുറക്കുന്നത് സംബന്ധിച്ച് വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ ബി.ബി.എം.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2013-2018 കാലത്തെ സിദ്ധരാമയ്യ സർക്കാറിന്റെ പ്രധാന സാമൂഹിക സുരക്ഷ പദ്ധതികളിലൊന്നായിരുന്നു ഇന്ദിര കാന്റീൻ. നഗരമേഖലയിലെ ദരിദ്രർക്കായി തുറന്ന ഇന്ദിര കാന്റീനുകൾ പട്ടിണിരഹിത നഗരം എന്നതാണ് ലക്ഷ്യമിട്ടത്. പ്രഭാത ഭക്ഷണത്തിന് അഞ്ചുരൂപയും ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവക്ക് 10 രൂപയും മാത്രമാണ് ഇന്ദിര കാന്റീനിൽ ഈടാക്കുന്നത്.
പ്രാദേശിക മെനുകൂടി ഇന്ദിര കാന്റീനുകളിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് ബി.ബി.എം.പിയിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു. നിലവിലുള്ള 197 ഇന്ദിര കാന്റീനുകളുടെ അറ്റകുറ്റപ്പണിക്ക് 21.29 കോടി രൂപ അനുവദിച്ചു. ഇന്ദിര കാന്റീനിൽ പ്രതിദിനം ഒരാൾക്ക് വരുന്ന ഭക്ഷണച്ചെലവ് 62 രൂപയാണ്. ഇതിൽ 25 രൂപ മാത്രമേ ഉപഭോക്താവ് നൽകേണ്ടതുള്ളൂ. ബാക്കി 37 രൂപ സർക്കാർ നൽകും. കാന്റീനിൽ നൽകുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയും രുചിയും ഉയർത്താൻ നിർദേശം നൽകിയതായും മന്ത്രി എച്ച്.കെ. പാട്ടീൽ പറഞ്ഞു.
മറ്റു മന്ത്രിസഭ തീരുമാനങ്ങൾ
•സംസ്ഥാന ബാസ്കറ്റ്ബാൾ അസോസിയേഷന് ദേവനഹള്ളി ഗൊബ്ബരഗുണഡെയിൽ അഞ്ചേക്കർ ഭൂമി നൽകും
•ഒന്നുമുതൽ ഒമ്പത് വരെ ക്ലാസിലെ വിദ്യാർഥികളുടെ പഠനം മെച്ചപ്പെടുത്തുന്ന പദ്ധതിക്ക് 78.13 കോടി അനുവദിച്ചു
•കുടക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് പരിസരത്ത് ഹോസ്റ്റൽ കെട്ടിടത്തിന് 27.88 കോടിയുടെ ഭരണാനുമതി
•ഗദഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 450 കിടക്കയുള്ള പുതിയ കെട്ടിടത്തിന്റെ എസ്റ്റിമേറ്റ് 138 കോടിയായി പരിഷ്കരിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.