ബംഗളൂരുവിൽ ജലം പാഴാക്കിയതിന് 22 കുടുംബങ്ങൾക്ക് 5000 രൂപ വീതം പിഴ
text_fieldsബംഗളൂരു: അനാവശ്യ കാര്യങ്ങൾക്ക് കാവേരി ജലം ഉപയോഗിച്ചതിന് ബംഗളൂരുവിൽ 22 കുടുംബങ്ങൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. കടുത്ത ജല ക്ഷാമം നിലനിൽക്കുന്നതിനെ തുടർന്നാണ് നടപടി. 22 കുടുംബങ്ങളിൽ നിന്നായി 1.1 ലക്ഷം രൂപയാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) ഈടാക്കയത്.
കാർ കഴുകുന്നതും തോട്ടം നനക്കുന്നതും തുടങ്ങി ഒഴിവാക്കാവുന്ന കാര്യങ്ങൾക്കായി കുടി വെള്ളം ഉപയോഗിക്കുന്നു എന്ന് സമൂഹ മാധ്യമങ്ങൾ വഴി ലഭിച്ച പരാതിയെ തുടർന്നാണ് ബി.ഡബ്ല്യു.എസ്.എസ്.ബി നടപടി സ്വീകരിച്ചത്.
കാവേരി നദിയിലെ വെള്ളവും കുഴൽ കിണർ വെള്ളവും ഹോളി ആഘോഷങ്ങൾക്കും പൂൾ ഡാൻസ്, റെയിൻ ഡാൻസ് തുടങ്ങിയവക്കും ഉപയോഗിക്കുന്നത് ബി.ഡബ്ല്യു.എസ്.എസ്.ബി കഴിഞ്ഞ ആഴ്ച കർശനമായി നിരോധിച്ചിരുന്നു. കടുത്ത ജലക്ഷാമത്തിനിടയിലും നിരവധി പൂൾ ഡാൻസ്, റെയിൻ ഡാൻസ് പാർട്ടികൾ പ്രഖ്യാപിച്ചതോടയാണ് ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവിന് പുറകെ നിരവധി ഹോട്ടലുകൾ റെയിൻ ഡാൻസ് പ്രഖ്യാപനം പിൻവലിച്ചു.
വാണിജ്യ സ്ഥാപനങ്ങൾ, അപ്പാർട്ടുമെന്‍റുകൾ, റെസ്റ്റോറന്‍റുകൾ തുടങ്ങി പൊതു ഇടങ്ങളിലെല്ലാം എയറേറ്ററുകൾ (പൈപ്പുകളിലെ വെള്ളം ഒഴുകുന്ന അളവ് നിയന്ത്രിക്കുന്നത്) നിർബന്ധമാക്കി. കുടിവെള്ളത്തിനായി കാവേരിയിലെ വെള്ളവും മറ്റു ആവശ്യങ്ങൾക്കായി സംസ്കരിച്ച ജലവും ഉപയോഗപ്പെടുത്തി ജലക്ഷാമം തരണം ചെയ്യാനാണ് സർക്കാർ നീക്കം. സംസ്കരിച്ച മലിനജലം വറ്റിവരണ്ട തടാകങ്ങളിലേക്ക് ഒഴുക്കി വിട്ട് വേനൽ കാലത്ത് കുഴൽകിണറുകൾ റീച്ചാർജ് ചെയ്യാനാണ് ബംഗളൂരു ജല വിതരണ ബോർഡിന്‍റെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.