23കാരി ത്രിവേണി ഇനി പ്രായം കുറഞ്ഞ മേയർ
text_fieldsബംഗളൂരു: കർണാടകയിലെ ബെള്ളാരി മുനിസിപ്പൽ കോർപറേഷനിൽ കോൺഗ്രസിന്റെ ഡി. ത്രിവേണി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. 23കാരിയായ ത്രിവേണി ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി.
കോൺഗ്രസിലെ തന്നെ ബി. ജാനകി എതിരില്ലാതെ ഡെപ്യൂട്ടി മേയറായും തെരഞ്ഞെടുക്കപ്പെട്ടു. നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ടാണ് കോൺഗ്രസ് ത്രിവേണിയെ സ്ഥാനാർഥിയാക്കിയത്. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തതാണ് മേയർ പദവി. ഡെപ്യൂട്ടി മേയർ സ്ഥാനം പട്ടിക വർഗ വിഭാഗത്തിനും.ത്രിവേണിയുടെ അമ്മ സുശീലാഭായ് മുൻ ബെള്ളാരി മേയറായിരുന്നു. ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് പ്രവർത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സ്ഥാനമേറ്റെടുത്ത ശേഷം മേയർ പറഞ്ഞു.
മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ആകെ 44 വോട്ടർമാരുണ്ടായിരുന്നു. ഇതിൽ ത്രിവേണി 28 വോട്ട് നേടി. ബി.ജെ.പിയുടെ നാഗരത്നമ്മക്ക് 16 വോട്ട് ലഭിച്ചു. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് മറ്റാരും നാമനിർദേശ പത്രിക സമർപ്പിക്കാത്തതിനാൽ ബി. ജാനകിയുടെ തെരഞ്ഞെടുപ്പ് എതിരില്ലാതെയായിരുന്നു.
ആകെയുള്ള 39 വാർഡുകളിൽ 26 അംഗങ്ങളും അഞ്ച് പാർട്ടി ഇതര അനുഭാവികളുമായി കോർപറേഷനിൽ ശക്തമായ സാന്നിധ്യമാകാൻ കോൺഗ്രസിന് കഴിഞ്ഞു. കോർപറേഷനിൽ ബി.ജെ.പിക്ക് 13 അംഗങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.