‘ഡിജിറ്റൽ അറസ്റ്റിന്’ വഴങ്ങിയ യുവതിക്ക് 24 ലക്ഷം നഷ്ടം
text_fieldsമംഗളൂരു: ബാങ്ക് നിക്ഷേപങ്ങൾ ചോർത്തുന്ന സൈബർ കുറ്റവാളികളെക്കുറിച്ച ഔദ്യോഗിക മുന്നറിയിപ്പുകൾ നിരന്തരം ലഭിക്കുമ്പോഴും ഇരകൾ അവസാനിക്കുന്നില്ല. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആധാർ കാർഡ് ദുരുപയോഗം ചെയ്തു എന്ന കുറ്റം ആരോപിച്ച് നടത്തിയ -"സൈബർ അറസ്റ്റിന്-"വഴങ്ങിയ കാർക്കളയിലെ യുവതിക്ക് 24 ലക്ഷം രൂപ നഷ്ടമായി.
പ്രീമ ഷെറിൽ ഡിസൂസ (38) നൽകിയ പരാതിയിൽ കാർക്കള റൂറൽ പൊലീസ് കേസെടുത്തു. ഈ മാസം ഏഴിന് ഉച്ചക്ക് 12.30 ഓടെ വീട്ടിലിരിക്കുമ്പോൾ ഡൽഹി ടെലികോം ഡിപ്പാർട്ട്മെന്റിൽനിന്നാണെന്ന് അവകാശപ്പെടുന്ന അജ്ഞാതന്റെ ഫോൺ കാൾ ലഭിച്ചു. ഉത്തർപ്രദേശിൽ അവളുടെ ആധാർ നമ്പർ ഉപയോഗിച്ച് ഒരു സിം കാർഡ് വാങ്ങിയതായും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായും വിളിച്ചയാൾ അറിയിച്ചു.
തനിക്കെതിരെ ഒന്നിലധികം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സി.ബി.ഐ ഉദ്യോഗസ്ഥനെന്ന് അവകാശപ്പെടുന്ന പൊലീസ് യൂനിഫോം ധരിച്ച ഒരു വ്യക്തിയുമായി വിഡിയോ കാൾ വഴി ബന്ധിപ്പിച്ചതായും വിളിച്ചയാൾ പറഞ്ഞു. ആരോപണവിധേയനായ ഉദ്യോഗസ്ഥൻ അന്വേഷണവുമായി സഹകരിക്കാൻ നിർദേശിക്കുകയും ഇക്കാര്യം ആരോടും പറയരുതെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അനുസരിക്കുന്നതിൽ പരാജയപ്പെട്ടാൽ ഭർത്താവും കുട്ടിയും പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തി.
ഡിജിറ്റൽ അറസ്റ്റിന് വഴങ്ങിയ യുവതിയുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ തട്ടിപ്പുകാരൻ ശേഖരിക്കുകയും പണം കൈമാറാൻ നിർബന്ധിക്കുകയും ചെയ്തു. പ്രീമ ഡിസൂസ തന്റെ സ്ഥിരനിക്ഷേപ അക്കൗണ്ടിൽനിന്ന് 14 ലക്ഷം രൂപ ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്കും 10 ലക്ഷം രൂപ യെസ് ബാങ്ക് അക്കൗണ്ടിലേക്കും ആർ.ടി.ജി.എസ് വഴി ട്രാൻസ്ഫർ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.