കോൺഗ്രസ് എം.എൽ.എമാർക്ക് 2500 കോടി വാഗ്ദാനാരോപണം; അന്വേഷണത്തിന് എസ്.ഐ.ടിയെ നിയോഗിക്കണം -കുമാര സ്വാമി
text_fieldsബംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാറിനെ മറിച്ചിടാൻ 50 കോൺഗ്രസ് എം.എൽ.എമാർക്ക് ബി.ജെ.പി 2500 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന ആരോപണം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കാൻ കർണാടക സർക്കാർ സന്നദ്ധമാവണമെന്ന് കേന്ദ്ര ഉരുക്ക്-വൻകിട വ്യവസായ മന്ത്രി എച്ച്.ഡി. കുമാര സ്വാമി വെള്ളിയാഴ്ച ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമാണ് വ്യാഴാഴ്ച ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി വ്യാഴാഴ്ച രാവിലെ മൈസൂരുവിൽ ഇതുസംബന്ധിച്ച് നടത്തിയ പ്രസ്താവനയെ പിന്തുണക്കുന്നതായി വൈകീട്ട് കെ.പി.സി.സി അധ്യക്ഷൻ കൂടിയായ ശിവകുമാർ ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറയുകയായിരുന്നു. ബി.ജെ.പിയുടെ വാഗ്ദാനം കോൺഗ്രസിന്റെ ഒരു എം.എൽ.എ പോലും അംഗീകരിച്ചില്ലെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്. അതുകൊണ്ടാണ് ബി.ജെ.പി ഇപ്പോൾ തനിക്കെതിരെ വ്യാജ കേസുകൾ നൽകുന്നത്. 50 കോടി രൂപവീതം വാഗ്ദാനം ചെയ്യാൻ എവിടെനിന്നാണ് ബി.ജി.പിക്ക് ഇത്രയധികം പണം ലഭിക്കുന്നതെന്ന് അദ്ദേഹം ആരാഞ്ഞിരുന്നു.അതെല്ലാം കൈക്കൂലിപ്പണമാണ്. കോൺഗ്രസ് സർക്കാറിനെ എങ്ങനെയും ഇല്ലാതാക്കാനുള്ള പ്രചാരണത്തിന് ബി.ജെ.പി തുടക്കമിട്ടിരിക്കുകയാണെന്നുമായിരുന്നു സിദ്ധരാമയ്യ ആരോപിച്ചത്. ഓപറേഷൻ ലോട്ടസിലൂടെ രാഷ്ട്രീയ കുതിരക്കച്ചവടത്തിനാണ് ബി.ജെ.പി ശ്രമിച്ചതെന്ന് ശിവകുമാറും പറഞ്ഞു.
എന്തിനും ഏതിനും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്ന സിദ്ധരാമയ്യ സർക്കാർ ഈ ആരോപണത്തിന്റെ കാര്യത്തിൽ മാത്രം എന്തിന് അമാന്തം കാണിക്കണമെന്ന് ജെ.ഡി.എസ് കർണാടക അധ്യക്ഷൻ കൂടിയായ കുമാര സ്വാമി ആരാഞ്ഞു.
കോഴയെക്കുറിച്ച് വിവരം ലഭിച്ചാൽ അന്വേഷണം കർണാടക ഭരിക്കുന്ന സർക്കാറിന്റെ ഉത്തരവാദിത്തമാണ്. ഇക്കാര്യത്തിൽ എസ്.ഐ.ടിയെ നിയോഗിക്കാൻ സർക്കാർ സന്നദ്ധമാവുന്നില്ലെങ്കിൽ ജനങ്ങളും മന്ത്രിസഭയിലെ അംഗങ്ങൾതന്നെയും മുഖ്യമന്ത്രി സിദ്ധരാമയ്യയെയും സംശയിക്കുമെന്ന് കുമാര സ്വാമി പറഞ്ഞു.
എന്തിനും ഏതിനും എസ്.ഐ.ടിയെ നിയോഗിക്കുന്ന സർക്കാർ ഈ ആരോപണത്തിൽ മാത്രം എന്തിന് അമാന്തം കാണിക്കുന്നു? -കുമാര സ്വാമി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.