ചാമരാജ് നഗറിൽ ഏഴ് മാസത്തിനിടെ 29 സൈബര്‍ കുറ്റകൃത്യങ്ങള്‍
text_fieldsബംഗളൂരു: ചാമരാജ് നഗർ ജില്ലയില്‍ ഏഴ് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 29 സൈബര്‍ കുറ്റകൃത്യങ്ങള്‍. മിക്ക കേസുകളിലും ഓണ്‍ലൈന്‍ മത്സരത്തിന്റെ മറവിലാണ് പ്രതികള്‍ പണം തട്ടിയെടുക്കുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈന്‍ മത്സരത്തില്‍ വിജയിച്ചുവെന്നും സമ്മാനങ്ങള്‍ നേടിയിട്ടുണ്ടെന്നും സമ്മാനത്തുകയിൽനിന്ന് നിശ്ചിത തുക അടച്ചാല്‍ മാത്രമെ സമ്മാനം കൈമാറാന്‍ സാധിക്കൂ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയെടുക്കുന്നത്.
അടുത്തിടെ നടന്ന സഭവം ഇങ്ങനെ: റുമാന എന്ന യുവതി ഇൻസ്റ്റഗ്രാം വഴി മുഹമ്മദ് അലി എന്നയാളെ പരിചയപ്പെടുകയും സൗഹൃദത്തിലാവുകയും ചെയ്തു. ആറു മാസത്തിനുശേഷം താന്‍ വിദേശത്തുനിന്നു വിലകൂടിയ സമ്മാനം അയച്ചിട്ടുണ്ടെന്ന് മുഹമ്മദ് അലി റുമാനയെ വിശ്വസിപ്പിച്ചു. കൊറിയര്‍ സര്‍വിസ് ഏജന്റാണ് എന്നു പറഞ്ഞ് രഞ്ജിത് എന്നയാള്‍ റുമാനയെ വിളിക്കുകയും 29,000 രൂപ അടച്ചാല്‍ മാത്രമെ സമ്മാനം കൈമാറാന്‍ സാധിക്കുകയുള്ളൂ എന്നു പറയുകയും ചെയ്തു.
പറഞ്ഞ തുക മുഴുവന്‍ നല്‍കിയിട്ടും സമ്മാനം ലഭിക്കാതിരുന്നപ്പോഴാണ് യുവതിക്ക് ചതി മനസ്സിലായത്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നും കോളുകള്‍ വരുകയും വിവിധ മാര്‍ഗങ്ങളിലൂടെ പണം കൈമാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ ഒരു രീതി. സമൂഹ മാധ്യമം വഴി പരിചയപ്പെടുന്ന അപരിചിതരെ സൂക്ഷിക്കണമെന്നും ഒ.ടി.പി നമ്പര്‍ കൈമാറരുതെന്നും അവര്‍ അയക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും ചാമരാജ് നഗർ എസ്.പി പത്മിനി സാഹ പറഞ്ഞു.
ചതിയില്‍പെട്ടുവെന്ന് തിരിച്ചറിഞ്ഞാല്‍ അക്കൗണ്ട് മരവിപ്പിക്കുകയും 1903 എന്ന നമ്പറില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. തട്ടിപ്പിനിരയായവര്‍ ഉടൻ പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങള്‍ കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ പല കേസുകളിലും പണം വീണ്ടെടുക്കാന്‍ കഴിഞ്ഞതായും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.