വരൾച്ച, കർഷകർക്ക് 30,000 കോടിയുടെ നഷ്ടം -മുഖ്യമന്ത്രി
text_fieldsബംഗളൂരു: ഈ വർഷം വരൾച്ചമൂലം സംസ്ഥാനത്തെ കർഷകർക്ക് 30,000 കോടി രൂപയുടെ നഷ്ടമാണുണ്ടായതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. 42 ലക്ഷം ഹെക്ടർ കൃഷിനാശമാണ് ഉണ്ടായത്.
236 താലൂക്കുകളിൽ 216ഉം വരൾച്ച ബാധിതമാണ്. മൈസൂരു ദസറയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് 4,860 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ (എൻ.ഡി.ആർ.എഫ്) മാനദണ്ഡ പ്രകാരം ഈ തുക ലഭിക്കാനുള്ള അർഹത സംസ്ഥാനത്തിനുണ്ട്. കേന്ദ്രസംഘം വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതുമാണ്.
നേരത്തേ 195 താലൂക്കുകളാണ് വരൾച്ച ബാധിതമെന്ന് കർണാടക പ്രഖ്യാപിച്ചത്. എന്നാൽ, വീണ്ടും യോഗം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭ ഉപസമിതി 21 താലൂക്കുകളെ കൂടി പട്ടികയിൽ ഉൾപ്പെടുത്തിയത്.
നിലവിൽ 216 താലൂക്കുകൾ വരൾച്ചബാധിതമാണ്. സംസ്ഥാന സർക്കാർ കർഷകരോടൊപ്പമാണ്. കർഷകർക്ക് കുടിവെള്ളം, വൈക്കോൽ, കാലികൾക്കുള്ള വെള്ളം, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് സർക്കാർ സബ്സിഡി നൽകും.
ഇത്തവണ ഹരിത വരൾച്ചയാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. കാർഷിക വിളകൾ വളർന്നു.
മഴ കിട്ടാത്തതിനാൽ വരൾച്ചയുണ്ടായതോടെ വിളകളിൽനിന്നുള്ള വരുമാനം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.