കർണാടകയിൽ 3607 കോടിയുടെ നിക്ഷേപ പദ്ധതികൾക്ക് അനുമതി
text_fieldsബംഗളൂരു: കർണാടകയിൽ 62 വ്യവസായ പദ്ധതികളിലായി 3607 കോടിയുടെ നിക്ഷേപത്തിന് അനുമതി. സംസ്ഥാനതല ഏകജാലക ക്ലിയറൻസ് കമ്മിറ്റി (എസ്.എൽ.എസ്.ഡബ്ല്യൂ.സി.സി) ആണ് പദ്ധതികൾക്ക് അനുമതി നൽകിയത്. ഇതുവഴി സംസ്ഥാനത്ത് 10,755 പേർക്ക് തൊഴിൽ ലഭിക്കുമെന്ന് സർക്കാർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
ചെറുകിട വ്യവസായ മന്ത്രി എം.ബി. പാട്ടീൽ അധ്യക്ഷനായ എസ്.എൽ.എസ്.ഡബ്ല്യു.സി.സി കമ്മിറ്റി 50 കോടിയിലേറെ നിക്ഷേപം വരുന്ന എട്ടു പദ്ധതികൾക്കും അനുമതി നൽകിയിട്ടുണ്ട്. ടെക്സ്കോൺ സ്റ്റീൽസ്, ഹുണ്ട്രി ഷുഗേഴ്സ് ആൻഡ് എതനോൾ പ്രൈവറ്റ് ലിമിറ്റഡ്, ബ്രെൻ ലൈഫ് സയൻസസ്, ആൽപിൻ എതനോൾ, വിരുപക്ഷ ലബോറട്ടറീസ്, ക്വൽകോം ഇന്ത്യ തുടങ്ങിയ കമ്പനികളാണ് നിക്ഷേപം നടത്തുന്നത്.
ആകെ അനുമതി ലഭിച്ച 62 പ്രോജക്ടുകളിൽ 51 എണ്ണവും 15 കോടി മുതൽ 50 കോടി വരെ നിക്ഷേപമുള്ളതാണ്. ഇതുവഴി 941.4 കോടിയുടെ നിക്ഷേപം നടക്കും. 4395 പേർക്ക് തൊഴിൽ ലഭിക്കും. ഇവക്കു പുറമെ, 577.35 കോടിയുടെ അധിക നിക്ഷേപത്തിനായി മൂന്നു പദ്ധതികൾക്കും കമ്മിറ്റി അനുമതി നൽകി.
തദ്ദേശ സ്ഥാപനങ്ങൾക്ക് 2,000 കോടി
ബംഗളൂരു: കർണാടകയിലെ തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികൾക്കായി 2,000 കോടി അനുവദിച്ചതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. ‘മുനിസിപാലിക 23’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖരമാലിന്യ സംസ്കരണം, അഴുക്കുചാൽ പരിപാലനം, കുടിവെള്ള വിതരണം, ശുചീകരണം തുടങ്ങിയവക്കായാണ് തുക വിനിയോഗിക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങൾക്കു കീഴിൽ മാലിന്യ സംസ്കരണം, മലിനജല സംസ്കരണം, ശുചീകരണം തുടങ്ങിയവ ദേശീയ ഹരിത ട്രൈബ്യുണലിന്റെ മാർഗനിർദേശങ്ങൾ പാലിച്ച് ചെയ്യണം. തദ്ദേശ സ്ഥാപനങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തത നേടാൻ ജനപ്രതിനിധികൾ പരിശ്രമിക്കണമെന്നും ഡി.കെ. നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.