എഫ്.സി.ഐ ഗോഡൗണിൽ സൂക്ഷിച്ച 3892 ക്വിന്റൽ റേഷനരി കാണാനില്ല
text_fieldsമംഗളൂരു: റേഷൻ കടകളിലൂടെ പൊതുവിതരണത്തിനായി മംഗളൂരു ബണ്ട്വാൾ ബി.സി റോഡിലെ എഫ്.സി.ഐ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന അരിയിൽ 3892 ക്വിന്റൽ കാണാനില്ലെന്ന് പരാതി. നഷ്ടമായ അരിക്ക് 1,32,36,030 രൂപ വിലവരും. ഭക്ഷ്യ-പൊതുവിതരണ മാനേജർ ശരത് കുമാർ ഹോണ്ട വെള്ളിയാഴ്ച വൈകീട്ട് നൽകിയ പരാതിയിൽ കേസെടുത്ത ബണ്ട്വാൾ ടൗൺ പൊലീസ് ഗോഡൗൺ സൂപ്പർവൈസർ കെ. വിജയിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തു.
ബി.സി റോഡിൽ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മുന്നിൽ പ്രവർത്തിക്കുന്ന ഗോഡൗണിൽ വെള്ളിയാഴ്ച നടത്തിയ സന്ദർശനത്തിൽ അരിച്ചാക്കുകളുടെ ശേഖരത്തിൽ വൻ കുറവ് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് മാനേജർ പരാതി നൽകിയത്. നല്ല അരി അടിച്ചുമാറ്റി പകരം ഗുണനിലവാരം കുറഞ്ഞത് എത്തിക്കുന്ന ഏർപ്പാടുള്ളതായാണ് സൂചന. പകരം ലോഡുകൾ എത്തും മുമ്പാണ് സന്ദർശനം നടന്നത്. ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ മുള്ളൈ മുഗിളൻ, ജില്ല പൊലീസ് സൂപ്രണ്ട് സി.ബി. ഋഷ്യന്ത് എന്നിവർ ഗോഡൗൺ സന്ദർശിച്ച് നിർദേശങ്ങൾ നൽകി. ഡി.സി ഫുഡ് കോർപറേഷൻ കർണാടക അധികൃതരുമായി പ്രശ്നം ചർച്ച ചെയ്തു.
കെ.എസ്.എഫ്.സി സംസ്ഥാന അധികൃതരോട് സ്ഥലം സന്ദർശിച്ച് വിശദാന്വേഷണം നടത്താൻ ആവശ്യപ്പെട്ടതായി ഡി.സി മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവർ സമർപ്പിക്കുന്ന റിപ്പോർട്ട് അനുസരിച്ച് തുടർനടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.