14 കാരിയെ വിവാഹം കഴിച്ച 46കാരൻ അറസ്റ്റിൽ: പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസ് കസ്റ്റഡിയിൽ
text_fieldsബംഗളൂരു: 14കാരിയെ വിവാഹം കഴിച്ച 46കാരനെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ചിക്കബെട്ടഹള്ളി സ്വദേശി എൻ. ഗുരുപ്രസാദാണ് അറസ്റ്റിലായത്. വിവാഹത്തിന് ഒത്താശചെയ്ത പെൺകുട്ടിയുടെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. യെലഹങ്ക ന്യൂ ടൗണിലാണ് സംഭവം. വിവാഹത്തിന് കാർമികത്വം വഹിച്ച പൂജാരി ഒളിവിലാണ്. ഇയാൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.
പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പണം നൽകി വശത്താക്കിയാണ് ഗുരുപ്രസാദ് പെൺകുട്ടിയെ വിവാഹം കഴിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തന്റെ അമ്മാവൻ ജോലിചെയ്യുന്ന യെലഹങ്ക ന്യൂടൗണിലെ പേയിങ് ഗെസ്റ്റ് സ്ഥാപനത്തിലേക്ക് പെൺകുട്ടി പതിവായി വരാറുണ്ട്. സെപ്റ്റംബർ ഏഴിന് പെൺകുട്ടി ഉച്ചക്കുശേഷം ഈ സ്ഥാപനത്തിലെത്തിയപ്പോൾ പി.ജി ഉടമയോട് രാവിലെ 46കാരനുമായി തന്റെ വിവാഹം കഴിഞ്ഞ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ഇയാൾ പൊലീസിൽ വിവരമറിയിച്ചു. നേരത്തേ പെൺകുട്ടി സ്കൂൾപഠനം എട്ടാം ക്ലാസിൽ അവസാനിപ്പിച്ചിരുന്നു. ഗുരുപ്രസാദിന്റെ ആദ്യഭാര്യ ഇയാളുമായി അകന്നുകഴിയുകയാണ്. ഇതോടെയാണ് ഇയാൾ പെൺകുട്ടികളുടെ മാതാപിതാക്കളെ സമീപിച്ചത്.
കൂലിപ്പണിക്കാരായ മാതാപിതാക്കൾക്ക് ഇയാൾ 15,000 രൂപ നൽകിയാണ് വിവാഹത്തിന് സമ്മതിപ്പിച്ചത്. കൂടുതൽ പണം നൽകിയിട്ടുണ്ടോ എന്നകാര്യം പൊലീസ് പരിശോധിച്ചുവരുകയാണ്. ബാലക്ഷേമ സമിതി (സി.ഡബ്ലിയു.സി)ക്ക് കൈമാറിയ പെൺകുട്ടിയെ വിൽസൻ ഗാർഡനിലെ ഗവ. വനിത ഷെൽട്ടറിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.