ബംഗളൂരുവിൽ കോളറ ലക്ഷണങ്ങളോടെ 47 മെഡിക്കൽ വിദ്യാർഥിനികൾ ആശുപത്രിയിൽ
text_fieldsബംഗളൂരു: വയറിളക്കവും നിർജലീകരണവും കാരണം അവശരായ 47 മെഡിക്കൽ വിദ്യാർഥിനികളെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (ബി.എം.സി.ആർ.ഐ) വിദ്യാർഥിനികൾക്ക് വെള്ളിയാഴ്ച രാത്രിയാണ് അസ്വസ്ഥത അനുഭവപ്പെട്ടതെന്ന് കോളജ് ഡീനും ഡയറക്ടറുമായ ഡോ. രമേശ് കൃഷ്ണ ശനിയാഴ്ച പറഞ്ഞു. കോളജ് ഹോസ്റ്റലിൽ താമസിക്കുന്നവർക്കാണ് അസുഖബാധയുണ്ടായത്. 28 പേർ ട്രോമ കെയറിൽ കഴിയുകയാണ്. 13 പേർ എച്ച് ബ്ലോക്കിലുണ്ട്. മൂന്ന് വിദ്യാർഥിനികൾ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.
സാമ്പിളുകൾ രാസപരിശോധനക്ക് അയച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ രോഗം നിർണയിക്കാനാവൂ. ഛർദി-അതിസാര ചികിത്സയാണ് നൽകുന്നത്. എന്നാൽ, കോളറ രോഗം സംശയിക്കുന്നുണ്ട്.കർണാടകയിൽ ഈ വർഷം ആറ് കോളറ കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഇതിൽ അഞ്ച് എണ്ണവും കഴിഞ്ഞ മാസമാണ് റിപ്പോർട്ട് ചെയ്തത്. കർണാടക, വിശിഷ്യാ ബംഗളൂരു നഗരം അനുഭവിക്കുന്ന കടുത്ത ജലക്ഷാമവും മലിനജലം വരെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യവും കോളറ ഭീതി ഉയർത്തുകയാണ്. എന്നാൽ, കോളറ പടരുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.