ബംഗളൂരുവിൽ പഞ്ചനക്ഷത്ര ഹോട്ടലിന് വ്യാജ ഇ-മെയിൽ ബോംബ് ഭീഷണി
text_fieldsബംഗളൂരു: ഇലക്ട്രോണിക് സിറ്റിയിൽ പ്രമുഖ ടെക്നോളജി പാർക്ക് പരിസരത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ബോംബ് വെച്ചതായി ഇ-മെയിൽ സന്ദേശം. സ്ഫോടനം സംഭവിക്കുമെന്ന് സന്ദേശത്തിൽ പറഞ്ഞ സമയം കഴിഞ്ഞുപോയെങ്കിലും ഭാവി സുരക്ഷ മുൻനിർത്തി പൊലീസിന് സർക്കാർ ജാഗ്രതനിർദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച പുലർച്ച രണ്ടിന് ബോംബ് പൊട്ടും എന്നായിരുന്നു മെയിലിലെ അറിയിപ്പ്. വ്യാഴാഴ്ച രാവിലെ ജോലിയിൽ പ്രവേശിച്ച ജീവനക്കാരൻ ഹോട്ടലിന്റെ ഇ-മെയിൽ തുറന്നപ്പോഴാണ് സന്ദേശം കണ്ടത്. ഉടൻ ഇലക്ട്രോണിക് സിറ്റി പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
ബോംബ് സ്ക്വാഡ് ഉൾപ്പെടെ പൊലീസ് സ്ഥലത്തെത്തി ഹോട്ടലിൽ മുഴുവൻ തിരച്ചിൽ നടത്തിയെങ്കിലും ബോംബ് കണ്ടെത്തിയില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരവധി വിദ്യാലയങ്ങൾക്ക് ഈയിടെ ബോംബ് ഭീഷണി ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നു. ബംഗളൂരു സ്കോട്ടിഷ്, ബംഗളൂരു പ്രസ്, ചിത്രകോട്ട, ദീക്ഷ, എഡിഫി, ഗംഗോത്രി ഇന്റർനാഷനൽ പബ്ലിക്, ഗിരിധാവന, ജെയിൻ ഹെറിറ്റേജ് എന്നീ സ്കൂളുകൾക്കായിരുന്നു മെയിലിൽ ഭീഷണി ലഭിച്ചത്. ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും എവിടെയും ബോംബ് കണ്ടെത്താനായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.