പിന്മാറാൻ 50 ലക്ഷം; ബി.ജെ.പി മന്ത്രിയുടെ ശബ്ദസന്ദേശം പുറത്ത്
text_fieldsബംഗളൂരു: തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ എതിർ സ്ഥാനാർഥിക്ക് 50 ലക്ഷം രൂപ കോഴ വാഗ്ദാനംചെയ്ത് ബി.ജെ.പി മന്ത്രി. ചാമരാജ് നഗർ മണ്ഡലത്തിലെ ജെ.ഡി-എസ് സ്ഥാനാർഥിയായ ആലൂരു മല്ലികാർജുന സ്വാമിയെയാണ് മന്ത്രി വി. സോമണ്ണ പണം നൽകി പിന്മാറ്റാൻ ശ്രമിച്ചത്. സംഭാഷണത്തിന്റെ ഓഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
പത്രിക പിൻവലിച്ച് തന്നെ പിന്തുണക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. ‘നീ എന്റെ പഴയ സുഹൃത്താണ്. മറ്റുള്ളവർ പറയുന്നത് കേൾക്കേണ്ട. ആദ്യം നിങ്ങൾ നാമനിർദേശപത്രിക പിൻവലിക്കൂ. ബാക്കി പിന്നെ സംസാരിക്കാം. ഭാവിയിൽ നിങ്ങളുടെ കാര്യം ഞാൻ നോക്കിക്കോളാം. ക്ഷേത്രത്തിനകത്തുനിന്നാണ് ഞാൻ ഈ ഉറപ്പ് നൽകുന്നത്’ -ശബ്ദസന്ദേശത്തിൽ സോമണ്ണ പറയുന്നു.
ബി.ജെ.പി അധികാരത്തിൽ വരുമെന്നും ഔദ്യോഗിക കാറടക്കം ആവശ്യമായ സഹായങ്ങളെല്ലാം ചെയ്യാമെന്നും സോമണ്ണ പറയുന്നുണ്ട്.
പത്രിക പിൻവലിക്കേണ്ട അവസാന ദിവസമായ 24നാണ് സംഭാഷണം നടന്നത്. മന്ത്രി വിളിച്ചതായി വെളിപ്പെടുത്തിയ മല്ലികാർജുന, പിന്മാറാൻ വാഗ്ദാനം ചെയ്ത 50 ലക്ഷം രൂപ താൻ നിരസിച്ചതായും വ്യക്തമാക്കി. 2018ലെ തെരഞ്ഞെടുപ്പിൽ ജെ.ഡി-എസ് പിന്തുണയോടെ ബി.എസ്.പി ടിക്കറ്റിൽ മത്സരിച്ച മല്ലികാർജുന ചാമരാജ് നഗറിൽ 7134 വോട്ടുമായി മൂന്നാമതായിരുന്നു.
4913 വോട്ടിനാണ് കോൺഗ്രസ് സ്ഥാനാർഥിയോട് ബി.ജെ.പി തോറ്റത്. ബംഗളൂരു ഗോവിന്ദരാജ നഗറിലെ സിറ്റിങ് എം.എൽ.എയായ മന്ത്രി വി. സോമണ്ണക്ക് ഇത്തവണ ഇരട്ട സീറ്റ് നൽകിയ ബി.ജെ.പി ചാമരാജ് നഗറിനു പുറമെ, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യക്കെതിരെ വരുണയിലും മത്സരിപ്പിക്കുന്നുണ്ട്. എന്നാൽ, മണ്ഡലത്തിന് പുറത്തുള്ളയാളായതിനാൽ രണ്ടു സീറ്റിലും സോമണ്ണ തോൽവി ഭയക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.