500 കുട്ടികള്‍ക്ക് ശ്രവണസഹായി നൽകും -ആരോഗ്യമന്ത്രി
text_fieldsബംഗളൂരു: ജന്മനാ കേള്‍വിക്കുറവുള്ള 500ഓളം കുട്ടികള്‍ക്ക് കേൾവിസഹായ ഉപകരണം നൽകുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകര്‍ പറഞ്ഞു. 2022-23 ലെ സംസ്ഥാന ബജറ്റില്‍ ശ്രവണ വൈകല്യ രഹിത കര്‍ണാടക സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രഖ്യാപിച്ചിരുന്നു. നടപ്പ് സാമ്പത്തികവര്‍ഷം ആറു വയസ്സിന് താഴെയുള്ള 1939 കുട്ടികളെ ശ്രവണ വൈകല്യമുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും സുധാകര്‍ പറഞ്ഞു.
ആറു വയസ്സിന് താഴെയുള്ള കുട്ടികളിലെ കേള്‍വിക്കുറവ് ഇല്ലാതാക്കുന്നതിന് പ്രത്യേക ശ്രദ്ധ നല്‍കിയിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും ജന്മനാ ബധിരത അനുഭവിക്കുന്നവരാണ്. ഇതിന് പ്രധാന കാരണം അമ്മമാരുടെ മരുന്ന് കഴിക്കല്‍, വൈറല്‍ അണുബാധ, ശ്വാസംമുട്ടല്‍, പ്രസവത്തിനുമുമ്പുള്ള ശ്വാസംമുട്ടല്‍ എന്നിവയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം കുട്ടികളെ കണ്ടെത്തുന്നതിന് സഹായിക്കുകയും മുഴുവന്‍ പ്രക്രിയയിലും സഹായിക്കുകയും ചെയ്ത ഓരോ ആശാ പ്രവര്‍ത്തകര്‍ക്കും 250 രൂപ ഓണറേറിയം നല്‍കുകയും ചെയ്യും.
കെ.സി ജനറല്‍ ഹോസ്പിറ്റല്‍, ഇന്ദിര ഗാന്ധി ചില്‍ഡ്രന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട്, ബൗറിങ് ആന്‍ഡ് ലേഡി കഴ്സണ് ഹോസ്പിറ്റല്‍, ബാംഗ്ലൂര്‍ മെഡിക്കല്‍ കോളജ്, കിംസ് ഹൂബ്ലി എന്നിവയുള്‍പ്പെടെ 20 ആശുപത്രികള്‍ എന്നിവിടങ്ങളില്‍വെച്ച് ശസ്ത്രക്രിയ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. യോഗ്യരായ കുട്ടികളെ കൂടുതല്‍ മൂല്യനിര്‍ണയത്തിനും മറ്റുമായി താലൂക്ക്, ജില്ലതല ആശുപത്രികളിലേക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.