16കാരിയുടെ പിതാവിനെ പോക്സോ കേസിൽ കുടുക്കിയ പൊലീസുകാർക്ക് അഞ്ചുലക്ഷം പിഴ
text_fieldsമംഗളൂരു: ഡി.എൻ.എ പരിശോധന ഫലം വരും മുമ്പേ കുറ്റപത്രം സമർപ്പിച്ച് 16കാരിയുടെ പിതാവ് ഉൾപ്പെടെ രണ്ടുപേരെ പോക്സോ കേസിൽ ജയിലിൽ കിടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് അഞ്ചു ലക്ഷം പിഴയിട്ട് കോടതി.
പൊലീസ് ഇൻസ്പെക്ടർ എ.സി. ലോകേഷ്, മംഗളൂരു വനിത പൊലീസ് സ്റ്റേഷൻ ഓഫിസർമാർ എന്നിവർക്കെതിരെയാണ് മംഗളൂരു അഡി. ജില്ല സെഷൻസ് ഫാസ്റ്റ് ട്രാക്ക് കോടതി(രണ്ട്) ജഡ്ജി കെ.എം. രാധാകൃഷ്ണയുടെ വിധി. പിഴ അവനവൻ സ്വന്തം കൈയിൽ നിന്ന് 40 ദിവസത്തിനകം അടക്കണമെന്ന് കോടതി നിർദേശിച്ചു. മംഗളൂരു വനിത പൊലീസ് സ്റ്റേഷനിൽ 2021 ഫെബ്രുവരി 14ന് ലൈംഗിക പീഡനത്തിൽ ഗർഭിണിയായ16 കാരി നൽകിയ പരാതിയുടെ അന്വേഷണം ചില താൽപര്യങ്ങൾക്ക് വഴങ്ങിയാണ് നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. 2022 ഒക്ടോബർ 17നാണ് കുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്തത്.
നേരത്തേ നൽകിയ മൊഴികൾ മാറ്റിപ്പറഞ്ഞ കുട്ടി ഒടുവിലാണ് പിതാവിന്റെയും മറ്റൊരാളുടെയും പേരു പറഞ്ഞത്. ഇരുവരും പാവപ്പെട്ട തൊഴിലാളികളാണ്. പിതാവ് എട്ടു മാസവും കൂട്ടുപ്രതി രണ്ടു മാസവും ജയിലിൽ കിടന്നു. പല സമയങ്ങളിലായി കുട്ടി പറഞ്ഞ നാലുപേരിൽ പിതാവ് ഉൾപ്പെടെ മൂന്നു പേരുടെ രക്തസാമ്പ്ളുകളും കുട്ടിയുടെ ഭ്രൂണവുമാണ് ബംഗളൂരു ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധനക്ക് അയച്ചത്.
അതിന് മുമ്പു തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. ഭ്രൂണ പിതൃത്വം മൂന്നു പേർക്കും അല്ലെന്നായിരുന്ന ഡി.എൻ.എ റിപ്പോർട്ട്. പിഴത്തുകയിൽ നാലു ലക്ഷം നിരപരാധിയായ പിതാവിനും ഒരു ലക്ഷം ജയിലിൽ കിടന്ന രണ്ടാമനും നൽകാൻ കോടതി നിർദേശിച്ചു. അധികാരം ദുർവിനിയോഗം ചെയ്ത പൊലീസ് ഓഫിസർമാർക്കെതിരെ നടപടി സ്വീകരിക്കാൻ കോടതി മംഗളൂരു സിറ്റി പൊലീസ് കമീഷണർ കുൽദീപ് കുമാർ ജയിനിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.