ബി.ജെ.പി കർണാടക സർക്കാറിന് വരുത്തിവെച്ചത് 5900 കോടിയുടെ ബാധ്യതയെന്ന് ഗതാഗത മന്ത്രി
text_fieldsബംഗളൂരു: കഴിഞ്ഞ ബി.ജെ.പി സർക്കാർ വരുത്തിവെച്ചത് 5900 കോടിയുടെ കടബാധ്യതയാണെന്നും അതില്ലായിരുന്നെങ്കിൽ ഈ സർക്കാറിന് ബസ് നിരക്ക് വർധിപ്പിക്കേണ്ടി വരില്ലായിരുന്നെന്നും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ബസ് ചാർജ് വർധനക്കെതിരെ ബി.ജെ.പി നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധം സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വൻകിട ബാധ്യത മുൻ സർക്കാർ വരുത്തിവെച്ചതിനാൽ ബസ് ചാർജ് വർധിപ്പിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല. ഓരോ ദിവസവുമുള്ള ഡീസൽ ചെലവ് ഒമ്പത് കോടിയിൽനിന്ന് 13 കോടിയായി. ശമ്പളയിനത്തിലെ ചെലവ് ദിനേന 12 കോടിയിൽനിന്ന് 18 കോടിയായി. ദിവസവും 10 കോടി രൂപയുടെ അധിക ബാധ്യതയാണ് ട്രാൻസ്പോർട്ട് കോർപറേഷനുള്ളത്. 2020ൽ 60 രൂപയുണ്ടായിരുന്ന ഡീസലിന് കേന്ദ്രസർക്കാർ വില കൂട്ടി ഇപ്പോൾ 90 രൂപയാക്കി. ഡീസലിന് വില കുറക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ കൂട്ടാളികളെയും ഞാൻ വെല്ലുവിളിക്കുന്നു. ഡീസലിന് ആദ്യം വില കുറച്ചുകാണിച്ച ശേഷം ബസ് ചാർജ് വർധനയെ കുറിച്ച് ബി.ജെ.പി സംസാരിച്ചാൽ മതി -രാമലിംഗ റെഡ്ഡി പറഞ്ഞു. 2020ൽ ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ ബസ് ചാർജ് 12 ശതമാനം വർധിപ്പിച്ചിരുന്നതായും മന്ത്രി ഓർമിപ്പിച്ചു.
അതേസമയം, സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിയായ ശക്തി പദ്ധതി കാരണമാണ് ഇപ്പോൾ ബസ് ചാർജ് വർധിപ്പിക്കേണ്ടി വന്നതെന്ന ബി.ജെ.പി വിമർശനത്തോടും മന്ത്രി പ്രതികരിച്ചു. ബസ് ചാർജ് വർധനവും ശക്തി പദ്ധതിയും തമ്മിൽ ബന്ധമൊന്നുമില്ല. സർക്കാർ ഫണ്ട് നൽകിയാണ് ശക്തി പദ്ധതി നടപ്പാക്കുന്നത്. ബസ് ചാർജ് വർധിപ്പിക്കണമെന്നത് ആറുമാസം മുമ്പ് ഗതാഗത കോർപറേഷൻ ജീവനക്കാർ ഉന്നയിച്ച ആവശ്യമായിരുന്നെന്നും ഈ ആവശ്യവുമായി അവർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നതായും മന്ത്രി വിശദീകരിച്ചു.
ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബി.എം.ടി.സി), കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.എസ്.ആർ.ടി.സി), നോർത്ത് വെസ്റ്റ് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (എൻ.ഡബ്ല്യു.കെ.ആർ.ടി.സി), കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ (കെ.കെ.ആർ.ടി.സി) എന്നിവക്ക് കീഴിലെ ബസ് സർവിസുകളിലാണ് ടിക്കറ്റ് നിരക്ക് 15 ശതമാനം വർധിക്കുക. ജനുവരി അഞ്ചു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. നിരക്ക് വർധനവിലൂടെ മാസത്തിൽ 74.85 കോടി രൂപയും വർഷത്തിൽ 784 കോടിയും അധിക വരുമാനം ലഭിക്കുമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ.
അതേസമയം, ബസ് നിരക്ക് വർധിപ്പിക്കാനുള്ള കോൺഗ്രസ് സർക്കാർ തീരുമാനത്തിനെതിരെ വെള്ളിയാഴ്ച ബി.ജെ.പി ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമ്പോൾ പുരുഷന്മാർക്ക് യാത്രനിരക്ക് വർധിപ്പിച്ച് സർക്കാർ പൊതുജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക കുറ്റപ്പെടുത്തി. ബസ് ചാർജ് വർധനക്കെതിരെ ശനിയാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.