പ്രയാഗ് രാജിൽനിന്ന് മടങ്ങിയ ആറ് കർണാടക സ്വദേശികള്‍ വാഹനാപകടത്തിൽ മരിച്ചു
text_fieldsബംഗളൂരു: മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയില്‍ ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ ആറ് കര്‍ണാടക സ്വദേശികള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കിറ്റോള പൊലീസ് സ്റ്റേഷന് പരിധിയില്‍ പഹ് രേവ ഗ്രാമത്തിനടുത്ത് തിങ്കളാഴ്ച പുലർച്ച അഞ്ചോടെ നടന്ന അപകടത്തിൽ ബെളഗാവി ഗോകഖ് സ്വദേശികളായ ബാലചന്ദ്ര നാരായണ ഗൗഡർ (50), സുനിൽ ബാലകൃഷ്ണ (45), ബസവരാജ് നീരപ്പദപ്പ (63), ബസവരാജ് ശിവപ്പ ദൊഡ്ഡമണി (49), ഈരണ്ണ ശങ്കരപ്പ ശിബനകട്ടി (27), വിരുപക്ഷ ചന്നപ്പ ഗുമട്ടി (61) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മുഷ്താഖ് കുറുബെട്ട, സദാശിവ കുത്താരി എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ നിന്നും കര്‍ണാടകയിലേക്ക് തിരിച്ചു വരുകയായിരുന്ന ക്രൂയിസർ വാൻ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചശേഷം മലക്കം മറിഞ്ഞ് ദേശീയ പാതയുടെ മറുവശത്തേക്ക് വീഴുകയും ബസില്‍ ഇടിക്കുകയുമായിരുന്നു. ആറുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ സിഹോര ആശുപത്രിയില്‍നിന്നും പ്രാഥമിക ചികിത്സക്കുശേഷം ജബല്‍പൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മധ്യപ്രദേശ് കലക്ടറും പൊലീസ് മേധാവിയും സംഭവസ്ഥലം സന്ദര്‍ശിച്ചു. ബെളഗാവി ഡെപ്യൂട്ടി കമീഷണർ ജബൽപൂർ ജില്ല ഭരണകുടവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിച്ചുവരുകയാണ്. പരിക്കേറ്റ മുഷ്താഖ് ആണ് വാഹനമോടിച്ചിരുന്നതെന്ന് ബെളഗാവി ഡെപ്യൂട്ടി കമീഷണർ മുഹമ്മദ് റോഷൻ പറഞ്ഞു. ഇയാളുടെ പരിക്ക് ഗുരുതരമാണ്.
അതേസമയം, കഴിഞ്ഞദിവസം വാരാണസിയിലുണ്ടയ വാഹനാപകടത്തിൽ മരിച്ച ബിദർ ലദഗേരി സ്വദേശികളായ ആറുപേരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച രാവിലെ ആംബുലൻസുകളിൽ ബിദറിലെത്തിച്ചു. ഇവരുടെ അന്ത്യകർമങ്ങൾ ബിദർ ഭൂമറെഡ്ഡി കോളജിന് സമീപം സെമിത്തേരിയിൽ നടന്നു. പ്രയാഗ് രാജിൽ കുംഭമേളയിൽ പങ്കെടുത്തശേഷം വാരാണസിയിലേക്ക് തിരിച്ച 14 അംഗ സംഘമാണ് അപകടത്തിൽപെട്ടത്. അഞ്ചുപേർ സംഭവസ്ഥലത്തും ഒരാൾ ചികിത്സയിലിരിക്കെയും മരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.