അപകടങ്ങളിൽപെടുന്നതിൽ 60 ശതമാനവും ഇരുചക്ര വാഹനങ്ങൾ
text_fieldsബംഗളൂരു: കർണാടകയിൽ അപകടങ്ങളിൽപെടുന്ന വാഹനങ്ങളിൽ 60 ശതമാനവും ഇരുചക്ര വാഹനങ്ങളെന്ന് കണക്കുകൾ. ഗതാഗത റോഡ് സുരക്ഷ വിഭാഗം എ.ഡി.ജി.പി അലോക് കുമാറാണ് ഈ കണക്ക് പുറത്തുവിട്ടത്. ഇരുചക്ര വാഹന യാത്രികരിൽ മൂന്നിൽ രണ്ടു പേർ മാത്രമേ ഹെൽമറ്റ് ധരിക്കുന്നുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കണക്കുകൾ പ്രകാരം 2021ൽ 4938 പേരാണ് ഇരുചക്ര വാഹനാപകടങ്ങളിൽ സംസ്ഥാനത്ത് മരിച്ചത്. 2020ൽ 5171 പേരും മരിച്ചു. യഥാക്രമം ആകെ അപകടമരണത്തിന്റെ 59.21ഉം 63.31ഉം ശതമാനമാണിത്. ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞാൽ കൂടുതൽ അപകടങ്ങൾക്കിരയാകുന്നത് കാർ, ജീപ്പ്, വാൻ, ടാക്സി എന്നിവയാണ്. 2020ൽ 1533ഉം 2021ൽ 1351ഉം അപകടങ്ങളാണ് ഈ ഗണത്തിലുണ്ടായത്.
2020ൽ ആകെ നടന്ന 29,014 അപകടങ്ങളിൽ 8168 പേർ മരിക്കുകയും 35,177 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2021ൽ നടന്ന 29,036 അപകടങ്ങളിൽ 8340 പേർ മരിക്കുകയും 36,180 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടങ്ങളുടെയും മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും എണ്ണത്തിൽ 2020നെ അപേക്ഷിച്ച് 2021ൽ യഥാക്രമം 0.08, 2.11, 2.85 ശതമാനം വീതം വർധനയാണുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.