ബംഗളൂരു നഗരത്തിൽ 7,526 ഗുണ്ടകൾ; ബി.ജെ.പിക്ക് ‘റൗഡി മോർച്ച’യെന്ന് കോൺഗ്രസ്
text_fieldsബംഗളൂരു: സമാധാന ജീവിതത്തിന് ഭീഷണിയുമായി നഗരത്തിൽ ആകെ 7,526 ഗുണ്ടകളുണ്ടെന്ന് സർക്കാർ കണക്ക്. ബെളഗാവിയിൽ നടക്കുന്ന നിയമസഭാ ശൈത്യകാല സമ്മേളനത്തിലാണ് കോൺഗ്രസിന്‍റെ യു.ബി. വെങ്കടേശിന്‍റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ഇക്കാര്യം പറഞ്ഞത്.
അടുത്തിടെ വിവിധ ബി.ജെ.പി നേതാക്കൾക്കൊപ്പം ഗുണ്ടകളെ പൊതുപരിപാടികളിൽ കാണുന്ന സംഭവങ്ങളെ തുടർന്നാണ് താൻ ഇക്കാര്യം ഉന്നയിച്ചതെന്ന് വെങ്കടേഷ് പറഞ്ഞു. സമാനസംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ബി.ജെ.പി ‘റൗഡി മോർച്ചക്ക്’ തുടക്കമിട്ടിട്ടുണ്ടെന്ന് കോൺഗ്രസ് വിമർശനമുന്നയിച്ചിരുന്നു.ഗുണ്ടകളുടെ പേരുവിവരങ്ങൾ അടക്കം പൊലീസ് സൂക്ഷിക്കുന്ന രേഖകളിലുണ്ടെന്ന് മന്ത്രി പറഞ്ഞു.
2020 മുതൽ 788 പേരെ ഈ പട്ടികയിൽ നിന്ന് പൊലീസ് ഒഴിവാക്കിയിട്ടുമുണ്ട്. 2020ൽ 334പേരെയും 2021ൽ 188 പേരെയും 2022ൽ 266 പേരെയുമാണ് പട്ടികയിൽനിന്ന് പൊലീസ് ഒഴിവാക്കിയിരിക്കുന്നത്. നോർത്ത് ഈസ്റ്റ് പൊലീസ് ഡിവിഷനുകളിലെ യെലഹങ്ക, കൊടിഗേഹള്ളി, വിദ്യാരണ്യപുര, സാമ്പിഗേഹള്ളി, കൊത്തനൂർ, ബഗളൂർ, അമൃതഹള്ളി, ദേവനഹള്ളി, ഇന്‍റർനാഷനൽ എയർപോർട്ട്, ചിക്കജാല പൊലീസ് സ്റ്റേഷനുകളിലായാണ് ഏറ്റവും കൂടുതൽ പേരെ ഈ പട്ടികയിൽനിന്ന് ഒഴിവാക്കിയിരിക്കുന്നത്, 293പേരെ.
കുറ്റവാളികളുടെ പ്രവൃത്തികൾ നിരീക്ഷിക്കാനായി പൊലീസ് സൂക്ഷിക്കുന്ന ആഭ്യന്തര പട്ടികയാണ് ‘റൗഡി ഷീറ്റ്’ എന്നത്. എ.ബി.സി. എന്നീ വിഭാഗങ്ങളിലായി കുറ്റകൃത്യങ്ങളുടെ സ്വഭാവമനുസരിച്ചാണ് ഗുണ്ടകളെ റൗഡി ഷീറ്റിൽ ഉൾപ്പെടുത്തുകയെന്ന് കർണാടക പൊലീസ് മാന്വലിൽ പറയുന്നു. ആറ് ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ഒരാളെ ഈ പട്ടികയിൽനിന്ന് ഒഴിവാക്കുക.
പത്തു വർഷമായി ഒരു കുറ്റകൃത്യത്തിലും പങ്കുവഹിക്കാതിരിക്കൽ, ഒരു കേസിലും കുറ്റവാളിയാകാതിരിക്കൽ, കോടതികളിൽ വിചാരണനടപടികൾ നേരിടാതിരിക്കൽ, ദീർഘകാലമായി രോഗങ്ങൾ ഉള്ളവർ, 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ, നല്ല സ്വഭാവം വീണ്ടെടുക്കൽ എന്നീ ഘടകങ്ങളാണിവ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.