സ്നേഹത്തണലിൽ ഒരേ വേദിയിൽ 78 യുവമിഥുനങ്ങള്‍ക്ക് മംഗല്യച്ചാര്‍ത്ത്
text_fieldsബംഗളൂരു: പൂന്തോട്ട നഗരിയുടെ സ്നേഹത്തണലിൽ 78 യുവ മിഥുനങ്ങള്‍ ദാമ്പത്യ ജീവിതത്തിന്റെ സന്തോഷത്തിലേക്ക്. ഓള് ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി-ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിക്ക് കീഴില്‍ സംഘടിപ്പിച്ച അഞ്ചാമത് സമൂഹ വിവാഹത്തിലാണ് 156 യുവതീയുവാക്കളുടെ മംഗല്യസ്വപ്നം പൂവണിഞ്ഞത്. ശിവാജി നഗര്‍ ഖുദ്ദൂസ് സാഹിബ് ഈദ്ഗാഹ് മൈതാനിയില്‍ നടന്ന അഞ്ചാമത് സമൂഹ വിവാഹം മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എ.ഐ.കെ.എം.സി.സി ബംഗളൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന ജീവകാരുണ്യ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ചടങ്ങ് എന്നതിലപ്പുറം 156 കുടുംബങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവും സംതൃപ്തിയും കൊണ്ടുവരുന്നതിന് ഈ കൂട്ടായ്മ കാരണമാവുകയാണ്. മത-ജാതി, വർഗ-വര്‍ണ വേര്‍തിരിവുകളില്ലാതെ എല്ലാ വിഭാഗം ജനങ്ങളിലേക്കും എ.ഐ.കെ.എം.സി.സിയുടെ കാരുണ്യത്തിന്റെ തണൽ പരക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കേരളീയര്‍ പൊതുവിലും മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വിശേഷിച്ചും ജീവകാരുണ്യ പരസഹായ രംഗത്ത് മഹത്തായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിച്ച കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ. ശിവകുമാര്‍ പറഞ്ഞു. വ്യക്തിപരമായി മലയാളികളോട് താന്‍ എറെ അടുപ്പം പുലര്‍ത്തി വരുന്നു. വ്യാപാരാവശ്യത്തിനായി വന്ന, മലയാളി സമൂഹം ഇവിടെ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എല്ലാവര്ക്കും മാതൃകയാണെന്നും ഡി.കെ. ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.
സമൂഹത്തിലെ ദുര്‍ബലരോടൊപ്പം നാം നില്ക്കുമ്പോള് ദൈവത്തിന്റെ ചൈതന്യം നമ്മിലേക്ക് പരക്കുമെന്ന് ശ്രീ ശ്രീ രവിശങ്കര്‍ വെര്‍ച്വല്‍ സന്ദേശത്തില്‍ പറഞ്ഞു.
ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി, പൂക്കോയ തങ്ങള്‍ ഹോസ്പിസ്, ഖാഇദെ മില്ലത്ത് സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി എന്നിവ സംയുക്തമായി ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂറോ സൈക്യാട്രിക് സെന്ററായ നിംഹാന്‍സുമായി സഹകരിച്ച് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വേണ്ടി നടത്തുന്ന വയോജനങ്ങളുടെ മാനസിക സാമൂഹിക പ്രശ്നങ്ങളെ എങ്ങനെ അഭിമുഖീകരിക്കാം എന്നതിനെ കുറിച്ചുള്ള പരിശീലന പരിപാടിയായ 'സ്റ്റാറി'ന്റെ പദ്ധതി പ്രഖ്യാപനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിച്ചു.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, കെ.ജെ. ജോര്‍ജ് എം.എല്‍.എ, റിസ്വാന് അര്‍ഷദ് എം.എല്‍.എ, ഡോ. ഉദയ് ബി. ഗരുഡാചാര്‍ എം.എല്‍.എ, ബി.എം. ഫാറൂഖ് എം.എല്‍.സി, തമിഴ്നാട് വഖഫ് ബോര്‍ഡ് ചെയര്മാന് എം. അബ്ദുറഹ്മാന്, കർണാടക യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മുഹമ്മദ് നാലപ്പാട്, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഫാ. ഗീവർഗീസ് ജോണ്സണ്, സ്വാമി ദിവ്യദേശ് ഹരേ ആസ്ഫിജി, മുസ്ലിം ലീഗ് കേരള സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, ഡോ. പി.സി. ജാഫര്‍ ഐ.എ.എസ്, സി.കെ. സുബൈര്‍, രാജമ്മ രാജേശ്വരി, സിറാജ് ഇബ്രാഹീം സേട്ട്, സാജിദ് നടുവണ്ണൂര്‍, നരിക്കോളി ഹമീദ് ഡോ. അനീഷ് വി. ചെറിയാന് (നിംഹാന്‍സ്), ഡോ. ഇബ്രാഹിം ഖലീല്‍ (കിദ്വായി) എന്നിവര്‍ സംബന്ധിച്ചു.
ടി. ഉസ്മാന് വധുക്കള്‍ക്കുള്ള സ്വർണാഭരണങ്ങള്‍ കൈമാറി. എ.ഐ.കെ.എം.സി.സി ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ് സ്വാഗതവും ഡോ. എം.എ. അമീറലി നന്ദിയും പറഞ്ഞു.
ഭാരവാഹികളായ നാസര്‍ നീല്സാന്ദ്ര, വി.കെ നാസര്‍ ഹാജി, സിദ്ദീഖ് തങ്ങള്‍, ഹനീഫ് കെ.ആര് പുരം, റഹീം ചാവശ്ശേരി, ടി.സി. മുനീര്‍, അബ്ദുല്ല മാവള്ളി, റഷീദ് മൗലവി, മുനീര്‍ ഹെബ്ബാള്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.