ഒറ്റ മാസം, വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷകൾ 80,000
text_fieldsബംഗളൂരു: സ്വകാര്യ സ്ഥാപനമായ ‘ഷിലുമെ’ വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ ചോർത്തിയ സംഭവം പുറത്തായതിന് ശേഷം വോട്ടർ പട്ടികയിൽ തങ്ങളുടെ പേര് ചേർക്കാൻ ആവശ്യപ്പെട്ട് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി)ക്ക് അപേക്ഷ നൽകിയത് 80,000 പേർ. ക്രമക്കേട് പുറത്തുവന്ന് ഒരു മാസത്തിനുശേഷമാണിത്.
നവംബർ ഒമ്പതിനും ഡിസംബർ എട്ടിനും ഇടയിൽ ആകെ 57,252 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. വോട്ടർപട്ടികയിലെ പോരായ്മകൾ തിരുത്താനായി അനുവദിച്ച കാലാവധിയായിരുന്നു ഇത്. 25 നിയമസഭ മണ്ഡലങ്ങളിൽനിന്നാണിത്. ഇതിനുപുറമെ 23,589 അപേക്ഷകൾ മഹാദേവപുര, ശിവാജിനഗർ, ചിക്പേട്ട് മണ്ഡലങ്ങളിൽ നിന്നായി ലഭിച്ചിട്ടുണ്ട്. ‘ഷിലുമെ’ ഈ മണ്ഡലങ്ങളിലാണ് സർവേ നടത്തിയിരുന്നത്.
ഇതിനാൽ ഇവിടങ്ങളിൽ പ്രത്യേക സൂക്ഷ്മ പരിശോധനയാണ് നടത്തിയത്. ഈ മണ്ഡലങ്ങളിലെ വോട്ടർപട്ടിക പൂർണമായും പുനഃപരിശോധന നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിട്ടിരുന്നു. തങ്ങളുടെ പേര് പട്ടികയിൽ ചേർക്കാനായി ജനുവരി മുതൽ നവംബർ വരെ 3,07,000 അപേക്ഷകളാണ് ലഭിച്ചത്.
ഡിസംബറിൽ 80,000 അപേക്ഷകളും കിട്ടി. നിയമസഭ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രം ശേഷിക്കവേയാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് ഡേറ്റ ക്രമക്കേട് നടന്നത്. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ മറവിൽ സ്വകാര്യ ഏജൻസിക്ക് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാൻ ബി.ജെ.പി സർക്കാറിന്റെ കീഴിലുള്ള ബി.ബി.എം.പി അനുമതി നൽകുകയായിരുന്നു.
ഒമ്പത് ജില്ലകൾ വരുന്ന മുനിസിപ്പൽ കോർപറേഷനായ ബി.ബി.എം.പി ഷിലുമെക്ക് അനുമതി നൽകി. എന്നാൽ, ഇവർ നൂറുകണക്കിന് ആളുകളെ ഏർപ്പാടാക്കി ചട്ടവിരുദ്ധമായി ബൂത്ത് ലെവൽ ഓഫിസർമാർ (ബി.എൽ.ഒ) ചമഞ്ഞ് വീടുകൾ കയറിയിറങ്ങി പൗരന്മാരുടെ ജാതി, വിദ്യാഭ്യാസം, മാതൃഭാഷ, ആധാർ നമ്പർ, മൊബൈൽ നമ്പർ, ഇ-മെയിൽ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് ഏറെ കാലമായി താമസമില്ലാത്ത 18,000 ബി.ജെ.പി പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നൽകിയെന്നും ബി.ജെ.പിയെ പിന്തുണക്കാത്ത പട്ടികജാതി-വർഗ, ന്യൂനപക്ഷ വിഭാഗങ്ങളെ വോട്ടർപട്ടികയിൽനിന്ന് പുറത്താക്കിയെന്നും ആരോപണമുണ്ട്.സ്വകാര്യസ്ഥാപനത്തിന്റെ ഇടപെടൽ മൂലം തങ്ങളുടെ പേര് പട്ടികയിൽനിന്ന് നീക്കം ചെയ്തിട്ടുണ്ടോ എന്ന ജനങ്ങളുടെ ആശങ്കയാണ് ഇത്രയധികം അപേക്ഷകൾ കിട്ടാൻ കാരണമെന്നും സംശയമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.