മൈസൂരുവിൽ 82 അനധികൃത സ്കാനിങ് സെന്ററുകൾ കണ്ടെത്തി
text_fieldsബംഗളൂരു: മൈസൂരു ജില്ലയിൽ പി.സി.പി.എൻ.ഡി.ടി ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന 82 അൾട്രാ സൗണ്ട് സ്കാനിങ് സെന്ററുകൾ കണ്ടെത്തി. ഈ സ്ഥാപനങ്ങൾക്കെതിരെ നോട്ടീസ് അയക്കാൻ ജില്ല ഡെപ്യൂട്ടി കമീഷണർ ഡോ. കെ.വി. രാജേന്ദ്ര നിർദേശം നൽകി. മൂന്നുവർഷത്തിനിടെ മൈസൂരുവിലെ രണ്ട് ആശുപത്രികളിൽ ആയിരത്തോളം അനധികൃത ഭ്രൂണഹത്യകൾ നടത്തിയെന്ന കേസ് സി.ഐ.ഡി അന്വേഷണത്തിലിരിക്കെ ഡി.സി വിളിച്ചുചേർത്ത ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ യോഗശേഷമാണ് നടപടി.
288 കേന്ദ്രങ്ങളുള്ള ജില്ലയിൽ 232 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് ലൈസൻസില്ലാത്ത സെന്ററുകൾ കണ്ടെത്തിയത്. പ്രവർത്തനരഹിതമായി കണ്ട 25 സ്ഥാപനങ്ങളിലെ സ്കാനിങ് യന്ത്രങ്ങൾ സീൽ ചെയ്യാനും നിർദേശിച്ചു. ഡോക്ടർമാരുടെ യോഗ്യതകൾ പ്രദർശിപ്പിക്കണം. ആയുർവേദ ഡോക്ടർമാർ അലോപ്പതി ചികിത്സ നടത്തരുത്. ‘ഇവിടെ ലിംഗ നിർണയ പരിശോധനയില്ല’ ബോർഡുകൾ ആശുപത്രികളിൽ പ്രദർശിപ്പിക്കണം എന്ന നിർദേശങ്ങളും ആശുപത്രികളോട് നിർദേശിച്ചു. ജില്ല ആരോഗ്യ ഓഫിസർ ഡോ. പി.സി. കുമാരസ്വാമി, വനിത ശിശു വികസന ഉപ ഡയറക്ടർ ബസവരാജു തുടങ്ങി ജില്ല, താലൂക്കുതല ഉദ്യോഗസ്ഥർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.