12ആഴ്ചയെത്തിയ ഭ്രൂണം കുപ്പത്തൊട്ടിയിൽ; ആറ് മാസമായത് ജീവനോടെ പുഴയിൽ
text_fieldsമംഗളൂരു: പെൺഭ്രൂണ ഹത്യകൾ സംബന്ധിച്ച ചോദ്യം ചെയ്യലിൽ സി.ഐ.ഡിക്ക് ലഭിക്കുന്നത് നെഞ്ച് പിളർക്കുന്ന മൊഴികൾ. ആറുമാസം പ്രായമായ ചോരപ്പൈതങ്ങളെ ജീവൻ മിടിക്കുന്ന അവസ്ഥയിൽ കടലാസിൽ പൊതിഞ്ഞ് കാവേരി നദിയിൽ ഒഴുക്കുക, 12 ആഴ്ച എത്തിയവയെ ആശുപത്രി മാലിന്യങ്ങൾക്കൊപ്പം ഡസ്റ്റ് ബിന്നുകളിൽ തള്ളുക-ഇതൊക്കെയായിരുന്നു രീതികൾ.
അറസ്റ്റിലായ മൈസൂറു മാത ആശുപത്രിയിലെ ഹെഡ് നഴ്സ് മഞ്ചുളയെ ശനിയാഴ്ച സി.ഐ.ഡി സംഘം ചോദ്യം ചെയ്തതിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.മാസം ശരാശരി 70 ഭ്രൂണങ്ങൾ താൻ കൈകാര്യം ചെയ്തതായി മഞ്ജുള മൊഴി നൽകി.12 ആഴ്ച മുതൽ ആറ് മാസം വരെ വളർച്ചയെത്തിയവ ഇവയിലുണ്ടായിരുന്നു.
ഇളം ഭ്രൂണങ്ങൾ ആശുപത്രി മാലിന്യങ്ങൾക്കൊപ്പം ഡസ്റ്റ്ബിന്നിൽ തള്ളും.നാലു ദിവസം കൊണ്ട് അവ ചീഞ്ഞളിഞ്ഞ് പോവും.ആറു മാസം വളർച്ചയെത്തിയവ പുറത്തെടുത്ത് അഞ്ചോ പത്തോ മിനിറ്റ് ജീവനോടെയിരിക്കും.ആ പ്രായത്തിൽ കരയാനാവില്ല.താൻ കടലാസിൽ പൊതിഞ്ഞ് നിസാറിന്(കേസിലെ പ്രതി) കൈമാറും.അയാൾ ഉടൻ കാവേരി നദിയിൽ എറിഞ്ഞ് തെളിവുകൾ ഒഴുക്കിക്കളയും-മഞ്ജുളയുടെ മൊഴിയിൽ പറഞ്ഞു.
മാണ്ട്യയിൽ ശർക്കര നിർമ്മാണ ശാലയുടെ മറവിലും മൈസൂറുവിലെ സ്വകാര്യ ആശുപത്രികളിലുമായി മൂന്ന് വർഷത്തിനിടെ 3000ത്തോളം പെൺ ഭ്രൂണഹത്യകൾ നടത്തിയ കേസ് അന്വേഷണം സർക്കാർ സിഐഡിക്ക് കൈമാറിയിരുന്നു.ഇതേത്തുടർന്നാണ് സംഘം മഞ്ജുളയുടെ മൊഴിയെടുത്തത്.
ഭ്രൂണ ഹത്യക്ക് ജില്ല ആരോഗ്യ ഓഫീസർമാരുടെ ഒത്താശയുണ്ടെന്ന കണ്ടെത്തലിനെത്തുടർന്ന് ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടു റാവു വെള്ളിയാഴ്ച രണ്ട് ജില്ല ആരോഗ്യ ഓഫീസർമാരെ(ഡിഎച്ച്ഒ) സസ്പെൻഡ് ചെയ്തിരുന്നു.ഡിഎച്ച്ഒ ചുമതല വഹിച്ച താലൂക്ക് ഹെൽത്ത് ഓഫീസർ (ടിഎച്ച്ഒ)ഡോ.രാജേശ്വരി, ഡിഎച്ച്ഒയും ജില്ല ആരോഗ്യ ക്ഷേമ ഓഫീസറുമായിരുന്ന ഡോ.രവി എന്നിവർക്ക് എതിരെയാണ് നടപടി.
രാജേശ്വരിയോട് മന്ത്രി നടത്തിയ അന്വേഷണങ്ങൾക്ക് അവർ നൽകിയ മറുപടിയിൽ തടിച്ചുകൂടിയ ആൾക്കൂട്ടം നടത്തിയ ഇടപെടലുകളാണ് അവരുടെ പങ്കാളിത്തം വെളിപ്പെടാൻ വഴിവെച്ചത്. ആരോപണ വിധേയമായ സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ട് രണ്ടു വർഷമായെന്ന് രാജേശ്വരി പറഞ്ഞതിനു പിന്നാലെ മൂന്ന് മാസം മുമ്പ് മാത്രമാണ് ആശുപത്രി പ്രവർത്തനം നിലച്ചത് എന്ന് ജനങ്ങൾ മന്ത്രിയെ അറിയിക്കുകയായിരുന്നു. ഡോ.രാജേശ്വരി പഴയ തീയതി വെച്ച് രണ്ടു ദിവസം മുമ്പ് അടച്ചു പൂട്ടൽ നോട്ടീസ് പതിച്ചതായും ജനങ്ങൾ മന്ത്രിയോട് പറഞ്ഞു. ആരോഗ്യ-കുടുംബ ക്ഷേമ കമ്മീഷണർ ഡി.രൺദീപ്, ഡെപ്യൂട്ടി കമ്മീഷണർ ഡോ.കെ.വി.രാജേന്ദ്ര, പൊലീസ് കമ്മീഷണർ ബി.രമേശ്,ഡിഎച്ച്ഒ ഡോ.പി.സി.കുമാര സ്വാമി എന്നിവർക്കൊപ്പമായിരുന്നു മന്ത്രി ആരോപണ വിധേയ കേന്ദ്രം സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.