ബാനസവാടിയില്‍ കെട്ടിടത്തിന് തീപിടിച്ചു
text_fieldsബംഗളൂരു: നഗരത്തിലെ കെട്ടിടത്തിൽ തീപടരുന്ന സംഭവം വീണ്ടും. ബാനസവാടി ഔട്ടര്‍ റിങ് റോഡിലെ നാലുനില കെട്ടിടത്തിലാണ് തിങ്കളാഴ്ച പുലർച്ച മൂന്നോടെ തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളിലായിരുന്ന രണ്ടു സുരക്ഷ ജീവനക്കാരെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി. ആളപായമില്ല. സമീപവാസികള്‍ അറിയിച്ചതിനെത്തുടര്‍ന്ന് അഗ്നിരക്ഷാസേനയെത്തി മൂന്നുമണിക്കൂറെടുത്താണ് തീയണച്ചത്. എന്നാൽ, കെട്ടിടം പൂര്‍ണമായും നശിച്ചു.
തീപിടിത്തത്തില്‍ എട്ടുകോടിയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. കെട്ടിടത്തില്‍ അഗ്നിരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ലെന്ന് ആരോപണമുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഒന്നാം നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫര്‍ണിച്ചര്‍ കടയിലേയും രണ്ടാം നിലയിലെ ട്യൂഷന് സെന്ററിലേയും മൂന്നും നാലും നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഐ.ടി കമ്പനിയിലേയും ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു. നഗരത്തിൽ ഇത്തരം അപകടങ്ങൾ അടിക്കടിയുണ്ടാവുകയാണ്.
ഒരു മാസത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വലിയ തീപിടിത്തമാണ് ബാനസവാടിയിലേത്. ഒക്ടോബര്‍ 18ന് കോറമംഗലയിലെ നാലുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പബ്ബില്‍ തീപിടിച്ചിരുന്നു. ഒക്ടോബര്‍ 30ന് വീരഭദ്രനഗറിലെ വര്‍ക്ക്ഷോപ്പിലുണ്ടായ തീപിടിത്തത്തില്‍ 21 ബസുകളും കത്തിനശിച്ചു. കെട്ടിടങ്ങളിൽ സുരക്ഷ സംവിധാനങ്ങളില്ലാത്തതാണ് തീപിടിത്തം വർധിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനാൽ നഗരത്തിലെ കെട്ടിടങ്ങളില്‍ അഗ്നിരക്ഷാ സേനയുടെ പരിശോധന കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ തീപിടിത്തങ്ങൾക്കുശേഷം നടന്ന പരിശോധനയിൽ നിരവധി കെട്ടിടങ്ങൾ സുരക്ഷാ സംവിധാനമില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.