കുട്ടിക്കുറുമ്പുമായി വേദ; സ്നേഹത്തണലൊരുക്കി ദമ്പതികൾ
text_fieldsബംഗളൂരു: ഓസ്കാർ നേടിയ ഹ്രസ്വചിത്രം ‘ദ എലിഫൻറ് വിസ്പേഴ്സ്’ പോലെ വേറിട്ടൊരു കഥയുമായി മറ്റൊരു ദമ്പതികളും. ചാമരാജ് നഗർ ജില്ലയിലെ ബന്ദിപ്പുർ വനമേഖലയിലുൾപ്പെടുന്ന രാംപുര ആന ക്യാമ്പിലാണ് അപൂർവ കൗതുകക്കൂട്ട്. കൂട്ടം വിട്ട് അനാഥയായി പോയ കുട്ടിയാനയെ സ്നേഹവും ലാളനയും പരിചരണവും നൽകി വളർത്തുകയാണ് ക്യാമ്പിലെ രാജുവും ഭാര്യയും. ഏഴു മാസം പ്രായമുള്ള കുട്ടിയാന ഏഴു ദിവസം മുമ്പാണ് തള്ളയാനയിൽനിന്ന് വേർപെട്ടുപോയത്.
ബന്ദിപ്പുർ വനത്തിലെ നുഗു റേഞ്ചിൽ കുട്ടിയാന ഒറ്റക്ക് അലയുന്നത് ശ്രദ്ധയിൽപെട്ടതോടെ തള്ളയാനയെ കണ്ടെത്താൻ വനംവകുപ്പ് അധികൃതർ ശ്രമംനടത്തി. തള്ളയാന വരുന്നതും കാത്ത് കുട്ടിയാനക്ക് ഒരാഴ്ചയോളം കാവൽ നിന്നു. ഒടുവിൽ ശ്രമങ്ങൾ വിഫലമായതോടെ രാംപുര ക്യാമ്പിലെത്തിക്കുകയായിരുന്നു. ഡിവിഷനൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജയപ്രകാശ് ആനക്കുട്ടിയെ ക്യാമ്പിലെ ജീവനക്കാരനായ രാജുവിനും ഭാര്യ രമ്യക്കും നോക്കാൻ കൈമാറി. വേദ എന്ന് പേരും നൽകി.
സന്തോഷത്തോടെ ദമ്പതികൾ വേദയെ മകളെയെന്നപോലെ സ്വീകരിച്ചു. രാജുവും രമ്യയുമാണിപ്പോൾ വേദക്ക് രക്ഷിതാക്കൾ. ഒരു നിമിഷം ഇവരിൽനിന്ന് വേർപിരിഞ്ഞിരിക്കാൻ അവൾക്ക് കഴിയില്ല. ദിവസവും 12 ലിറ്റര്‍ പാല് കുടിക്കാൻ നല്‍കും. ബന്ദിപ്പുര്‍ വനംവകുപ്പിലെ ഉദ്യോഗസ്ഥര്‍ ദമ്പതികളുടെ പ്രവൃത്തിയെ അഭിനന്ദിച്ചു. കുട്ടിയാനയുടെ സംരക്ഷണത്തിനായി സാമ്പത്തിക പിന്തുണ നല്‍കുമെന്ന് അറിയിച്ചു.
ബന്ദിപ്പുർ വനത്തോട് ചേർന്ന തമിഴ്നാട്ടിലെ മുതുമല വന്യജീവിസങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പിൽ ആനക്കുട്ടിയെ വളർത്തിയ ബൊമ്മന്റെയും ഭാര്യ ബെള്ളിയുടെയും ജീവിതം ഡോക്യുമെൻററിയിലേക്ക് പകർത്തിയപ്പോൾ ഇത്തവണത്തെ ഓസ്കാർ പുരസ്കാരം നേടിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനവേളയിൽ ഇരുവരെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.