ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു
text_fieldsബംഗളൂരു: തെരുവുവിളക്കിന്റെ തൂണിൽനിന്ന് വൈദ്യുതാഘാതമേറ്റയാളെ രക്ഷിക്കാനുള്ള ശ്രമത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. മടിവാള പൊലീസ് സ്റ്റേഷന് എതിർവശത്താണ് സംഭവം. തൃശൂർ ദേശമംഗലം എസ്റ്റേറ്റ് പടികളത്തിൽ കോയാമുവിന്റെ മകൻ അക്ബർ അലി (36) യാണ് മരിച്ചത്.
ആദ്യം ഷോക്കേറ്റയാൾ രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരക്കാണ് സംഭവം. ഭക്ഷണശേഷം താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. മൊബൈൽ ആക്സസറീസ് വ്യാപാരിയായ അക്ബർ അലി നാട്ടിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു.
ഒമാനിലായിരുന്ന അദ്ദേഹം കോവിഡ് വ്യാപന കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിൽ വന്ന ശേഷം മൊബൈൽ ഇലക്ട്രോണിക് സ്പെയർ പാർട്സുകൾ വാങ്ങി നാട്ടിൽ വിൽപന നടത്തി വരുകയായിരുന്നു.
എ.ഐ.കെ.എം.സി.സി നേതാക്കളായ എം.കെ. നൗഷാദ്, സിദ്ദീഖ് തങ്ങൾ, സി.പി. സദക്കത്തുല്ല, നാസർ എമിറേറ്റ്സ്, സുബൈർ നാദാപുരം, റംഷി ടേസ്റ്റി, അക്ബർ കോലാർ എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടികളും സെന്റ് ജോൺസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടവും നടത്തിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. മാതാവ്: നബീസ. ഭാര്യ: സജിന. മക്കൾ: റിൽവ ഫാത്തിമ, ദുൽഖർ ഷഹീൻ, മുഹമ്മദ് ആദിൽ അസ്ലം, ഇഷാ മറിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.