രേണുകാചാര്യ ക്ഷേത്രത്തിൽ യന്ത്ര ആനയെ നടയിരുത്തി
text_fieldsമംഗളൂരു: ചിക്കമഗളൂരുവിലെ ക്ഷേത്രത്തിൽ ബോളിവുഡ് നടി ശിൽപാ ഷെട്ടി യന്ത്ര ആനയെ നടയിരുത്തി. രംഭാപുരി മഠത്തിലെ ജഗദ്ഗുരു രേണുകാചാര്യാ ക്ഷേത്രത്തിലാണ് ആനയെ സമർപ്പിച്ചത്. ആഘോഷങ്ങൾക്ക് ആനയെ വാടകക്കെടുക്കേണ്ടെന്ന് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചിരുന്നു. ‘വീരഭദ്ര’ എന്നു പേരിട്ട യന്ത്രയാനക്ക് മൂന്നുമീറ്റർ ഉയരവും 800 കിലോ തൂക്കവുമുണ്ട്.
10 ലക്ഷം രൂപ ചെലവിൽ റബർ, ഫൈബർ, സ്റ്റീൽ തുടങ്ങിയവ ഉപയോഗിച്ചാണ് നിർമിച്ചത്. ജീവനുള്ള ആനയെപ്പോലെ ഇത് കണ്ണുകൾ അടക്കുകയും തുറക്കുകയും ചെയ്യും. ചെവികൾ ആട്ടും. തലയും തുമ്പിക്കൈയും വാലും ഇളക്കും.
മൃഗസംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്ന പെറ്റയും (പീപ്ൾ ഓഫ് എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ്) ബംഗളൂരുവിലെ സന്നദ്ധ സംഘടനയായ ക്യുപയുമാണ് (കമ്പാഷനേറ്റ് അൺലിമിറ്റഡ് പ്ലസ് ആക്ഷൻ) യന്ത്ര ആനയെ സമർപ്പിക്കാൻ വഴിയൊരുക്കിയത്. ശ്രീമദ് രംഭാപുരി വീരരുദ്രമുനി ജഗദ്ഗുരുവിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് ആനയെ സമർപ്പിച്ചത്. മംഗളവാദ്യാവതരണവുമുണ്ടായി. സമർപ്പണച്ചടങ്ങിൽ വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ, ഊർജ മന്ത്രി കെ.ജെ. ജോർജ്, മഠാധിപതി രംഭാപുരി ജഗദ്ഗുരു എന്നിവർ സംബന്ധിച്ചു.
ഇതോടെ ദക്ഷിണേന്ത്യയിലെ പത്ത് ക്ഷേത്രങ്ങളിൽ യന്ത്ര ആനകളായെന്ന് ‘പെറ്റ’ അറിയിച്ചു. തൃശൂരിലെ ഇരിഞ്ഞാടപ്പള്ളി ശ്രീകൃഷ്ണക്ഷേത്രത്തിൽ നടി പാർവതി തിരുവോത്ത് യന്ത്ര ആനയെ സംഭാവന നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.