‘മയക്കുമരുന്നിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണം’
text_fieldsബംഗളൂരു: രാജ്യത്ത് വളർന്നുവരുന്ന മയക്കുമരുന്ന് ഉപഭോഗ സംസ്കാരം വ്യക്തിയെയും കുടുംബത്തെയും സമൂഹത്തെയും അപനയിക്കുന്ന മഹാ ദുരന്തമാണെന്നും ഈ വിപത്തിനെതിരെ പൊതുജനം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ഡോ. എം.പി. രാജൻ അഭിപ്രായപ്പെട്ടു. തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ‘മയക്കുമരുന്നിന്റെ അതിപ്രസരം’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാറിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർഥികളെ വഴിതെറ്റിക്കുന്ന മയക്കുമരുന്നു ലോബികൾക്കെതിരെ ശക്തമായ പ്രതിരോധം തീർത്ത് യുവതലമുറയെ സംരക്ഷിക്കാനുള്ള ബാധ്യത എല്ലാവരുടേതുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാംസ്കാരിക അച്ചടക്കം ഇല്ലാതാക്കി, സാമൂഹിക സ്വസ്ഥത തകർക്കുന്ന ലഹരി മാഫിയകളിൽ നിന്നും യുവതലമുറയെ സംരക്ഷിക്കാൻ സ്കൂൾ, കോളജ് തലത്തിലും സംഘടന തലത്തിലും ബോധവത്കരണ ക്ലാസുകൾ നടത്തുകയും മാതാപിതാക്കളെയും സമൂഹത്തെയും ബോധവത്കരിക്കുകയും മാത്രമാണ് പരിഹാരമെന്ന് ചർച്ച ഉദ്ഘാടനംചെയ്ത കൽപന പ്രദീപ് അഭിപ്രായപ്പെട്ടു.
പി.കെ. കേശവൻ നായർ അധ്യക്ഷത വഹിച്ചു. ചർച്ചയിൽ ആർ.വി. ആചാരി , സുരേഷ് കോഡൂർ, സി. കുഞ്ഞപ്പൻ, ഡെന്നിസ് പോൾ, സി. ജേക്കബ്, ആർ.വി. പിള്ള, പൊന്നമ്മ ദാസ്, തങ്കമ്മ സുകുമാരൻ, ഉമേഷ് ശർമ, ശ്രീകണ്ഠൻ നായർ, പ്രദീപ് പി.പി എന്നിവർ സംസാരിച്ചു. പി. മോഹൻദാസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.