കർണാടകയിൽ മഠാധിപതി ആത്മഹത്യ ചെയ്ത നിലയിൽ
text_fieldsബംഗളൂരു: കർണാടകയിലെ പ്രശസ്ത മഠമായ കുഞ്ചഗൽ ബന്ദേ മഠാധിപതി ബസവ ലിംഗേശ്വര സ്വാമിയെ (44) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. തന്നെ അജ്ഞാതരായ ചിലർ പീഡിപ്പിക്കുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇദ്ദേഹം എഴുതിയ ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. രാമനഗര മാഗഡി കെംപാപുരയിലെ കുഞ്ചഗൽ ബന്ദേ മഠം 400 വർഷം പഴക്കമുള്ളതാണ്. 1997 മുതൽ മഠാധിപതിയാണ് ഇദ്ദേഹം.
മഠത്തിന്റെ പരിസരത്തുള്ള മഹാലിംഗേശ്വര സ്വാമി ക്ഷേത്രത്തിന് പുറത്തെ പൂജാമുറിയിലെ ജനലിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രാവിലെ ആറുമണിയായിട്ടും പൂജാമുറി തുറക്കാത്തതിനെത്തുടർന്ന് ജീവനക്കാർ സംശയം പ്രകടിപ്പിക്കുകയായിരുന്നു.
പതിവായി പുലർച്ച നാലിന് എഴുന്നേറ്റ് പൂജാകർമങ്ങൾ ആരംഭിക്കാറുള്ള ഇദ്ദേഹം വാതിൽ തുറക്കാതായതോടെ മുറിയുടെ പിറകുവശത്ത് ചെന്നുനോക്കിയപ്പോഴാണ് ജനലിൽ തൂങ്ങിയ നിലയിൽ മഠാധിപതിയെ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് വിശദ അന്വേഷണം നടത്തിവരുകയാണ്.
പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം തിങ്കളാഴ്ച വൈകീട്ട് മൃതദേഹം സംസ്കരിച്ചു. ഒരു വർഷത്തിനിടെ കർണാടകയിൽ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ സന്യാസിയാണ് ബസവലിംഗേശ്വര സ്വാമി. കഴിഞ്ഞവർഷം ഡിസംബറിൽ ചിലുമെ മഠത്തിലെ ബസവലിംഗ സ്വാമിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.