കുമാരസ്വാമിക്കെതിരെയുള്ള അധിക്ഷേപ പരാമർശം; മന്ത്രി അഹ്മദ് ഖാനെ തള്ളി ശിവകുമാർ
text_fieldsബംഗളൂരു: കേന്ദ്ര ഉരുക്ക്-വൻകിട വ്യവസായമന്ത്രിയും ജെ.ഡി.എസ് കർണാടക അധ്യക്ഷനുമായ എച്ച്.ഡി. കുമാരസ്വാമിയെ അദ്ദേഹത്തിന്റെ നിറത്തിന്റെ പേരിൽ അധിക്ഷേപിച്ച് മന്ത്രി ബി. സെഡ് സമീർ അഹ്മദ് ഖാൻ നടത്തിയ പരാമർശം തികച്ചും തെറ്റായിപ്പോയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കറുത്തവൻ എന്ന് അർഥമുള്ള ‘കരിയ’ കന്നട പദം ഉപയോഗിച്ചാണ് അഹ്മദ് ഖാൻ ചന്നപട്ടണയിൽ കുമാരസ്വാമിയെ അധിക്ഷേപിച്ച് സംസാരിച്ചത്. ‘സമീർ ഖാൻ ഉൾപ്പെട്ട കോൺഗ്രസ് പാർട്ടി സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ ഞാൻ പറയുന്നു, ആ പദപ്രയോഗം തെറ്റായിപ്പോയി.
ധനസ്ഥിതിയോ സമാന വിഷയങ്ങളോ മുൻനിർത്തി പറയുന്നത് പോലെയല്ല, ഒരു വ്യക്തിയുടെ തൊലിയുടെ നിറത്തിന്റെ പേരിലുള്ള അധിക്ഷേപം’-ശിവകുമാർ ശനിയാഴ്ച ബംഗളൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു. ആ പ്രയോഗത്തിൽ സമീർ അഹ്മദ് ഖാൻ ഖേദം പ്രകടിപ്പിച്ചതായി ശിവകുമാർ കൂട്ടിച്ചേർത്തു.
ഉയരക്കുറവിനെ സൂചിപ്പിച്ച് തന്നെ കുമാരസ്വാമി ‘കുള്ള’ എന്ന് വിളിക്കാറുണ്ടെന്ന് വിവാദ പരിഹാസത്തിനുശേഷം സമീർ അഹ്മദ് ഖാൻ പറഞ്ഞിരുന്നു. പരസ്പരം ഉൾക്കൊണ്ട് നടത്തുന്ന പ്രയോഗങ്ങൾ എന്ന് വരുത്താനുള്ള ഈ നീക്കം കുമാരസ്വാമി പ്രതിരോധിക്കുകയാണ് ചെയ്തത്.
കുള്ള എന്ന് വിളിക്കുന്നത് തന്റെ സംസ്കാരമല്ലെന്ന് പറഞ്ഞ കുമാരസ്വാമി, ഈ മാസം 23ന് മൂന്ന് നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം വന്നശേഷം കൂടുതൽ കാര്യങ്ങളിലേക്ക് കടക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് അധ്യക്ഷൻ സമീർ അഹ്മദ് ഖാനെ തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.