മകന്റെ വിവാഹം ക്ഷണിക്കാൻ പോയ പഞ്ചായത്ത് അംഗത്തിന് സ്കൂട്ടറിൽ ബസിടിച്ച് ദാരുണാന്ത്യം
text_fieldsമംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ സോണങ്കേരിയിൽ കർണാടക ആർ.ടി.സി ബസ് ഇടിച്ച് സ്കൂട്ടർ യാത്രികൻ കൊല്ലപ്പെട്ടു. നെല്ലൂർ കെംരാജു ഗ്രാമപഞ്ചായത്ത് അംഗം രാമചന്ദ്ര പ്രഭുവാണ് (68) തിങ്കളാഴ്ചയുണ്ടായ അപകടത്തിൽ മരിച്ചത്. നെല്ലോറെ കെംരാജു ഗ്രാമവാസിയായ പ്രഭു മകന്റെ വിവാഹ ക്ഷണക്കത്തുകൾ വിതരണം ചെയ്യാൻ സുള്ള്യയിലേക്ക് വരുമ്പോഴാണ് അപകടം സംഭവിച്ചത്. എതിരെനിന്ന് വന്ന ബസിന്റെ ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. വീട്ടിൽനിന്ന് പുറപ്പെടുമ്പോൾ ഭാര്യ ഉമാവതി സ്കൂട്ടറിൽ പിൻയാത്രികയായി ഉണ്ടായിരുന്നു. ദുഗ്ളഡുക്കയിൽ എത്തിയപ്പോൾ പൊടുന്നനെ മഴ പെയ്തു. ഭാര്യയെ സുള്ള്യയിലേക്കുള്ള ബസിൽ കയറ്റിവിട്ട് യാത്ര തുടർന്ന പ്രഭു സുട്ടുകോട്ട വളവിൽ എത്തിയപ്പോൾ അപകടത്തിൽപെട്ടു. തലക്കേറ്റ മാരക പരിക്കാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. പൊതുസമ്മതനായ സാമൂഹിക പ്രവർത്തകനായ പ്രഭു നെല്ലൂരു കെംപാജെ പ്രാഥമിക കാർഷിക സഹകരണ സംഘം ബിൽ കലക്ടറായിരുന്നു. പിന്നീടാണ് ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.