ലോറിയിടിച്ച് കാർയാത്രികരായ അഞ്ചുപേർ മരിച്ചു
text_fieldsഅപകടംട സ്ഥലം
ബംഗളൂരു: ചാമരാജനഗർ ജില്ലയിലെ കൊല്ലെഗൽ ചിക്കിന്ദുവാഡിക്ക് സമീപം ശനിയാഴ്ചയുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് എൻജിനീയറിങ് വിദ്യാർഥികൾ മരിച്ചു. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾ റോഡിൽനിന്ന് തെന്നിമാറി. അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൈസൂരുവിൽ നിന്നുള്ള നിഖിത, ശ്രീലക്ഷ്മി, മാണ്ഡ്യയിൽനിന്നുള്ള സുഹാസ്, ശ്രേയസ് എന്ന ഷെട്ടി, നിതിൻ എന്നിവരാണ് കൊല്ലപ്പെട്ടത്.
ശിവരാത്രി ജാത്ര മഹോത്സവത്തിന്റെ മഹാ രഥോത്സവത്തിൽ പങ്കെടുക്കാൻ മാലെ മഹാദേശ്വര (എം.എം) കുന്നുകളിലേക്ക് മാലെ ഡിസയർ കാറിൽ (കെഎ-21-എൻ-5876) മൈസൂരുവിൽനിന്ന് പുറപ്പെട്ട സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊല്ലേഗലിനും എം.എം ഹിൽസിനും ഇടയിലുള്ള ഇടുങ്ങിയ ബണ്ട് റോഡിലാണ് അപകടം നടന്നതെന്ന് ചാമരാജനഗർ ജില്ല പൊലീസ് സൂപ്രണ്ട് ഡോ. ബിടി കവിത പറഞ്ഞു.
അമിത വേഗത്തിൽ വന്ന 10 ചക്രങ്ങളുള്ള ലോറി മറ്റൊരു വാഹനത്തെ മറികടന്ന് വിദ്യാർഥികളുടെ കാറിൽ നേർക്കുനേർ ഇടിച്ചു. ഇതേത്തുടർന്ന് രണ്ട് വാഹനങ്ങളും റോഡിൽനിന്ന് അടുത്തുള്ള വയലിലേക്കാണ് വീണത്. ലോറി കുഴിയിലേക്ക് മറിഞ്ഞു. കാർ ഉറച്ച പാടശേഖരങ്ങൾക്കും കനാലിനും ഇടയിൽ കുടുങ്ങിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.
കൊല്ലപ്പെട്ടവർ എം.ഐ.ടി എൻജിനീയറിങ് വിദ്യാർഥികളും സുഹൃത്തുക്കളുമാണെന്ന് എസ്പി പറഞ്ഞു. ലോറി ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു, ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം നടത്തുന്നു. ഡി.ഐ.ജി.പി (സതേൺ റേഞ്ച്) ഡോ. എംബി ബോറലിംഗയ്യ അപകട സ്ഥലം സന്ദർശിച്ചു. കാറിന്റെ മുൻഭാഗം പൂർണമായി തകർന്ന നിലയിലാണ്.
മരിച്ചവരുടെ മൊബൈൽ ഫോണുകൾക്ക് കേടുപാടുകൾ സംഭവിച്ചതിനാൽ അവരെ തിരിച്ചറിയുന്നതിൽ പൊലീസിന് തുടക്കത്തിൽ വെല്ലുവിളികൾ നേരിടേണ്ടിവന്നു. തുടർന്ന് ഉദ്യോഗസ്ഥർ സിം കാർഡുകൾ ഇതര ഉപകരണങ്ങളിൽ തിരുകി ബന്ധപ്പെടാനുള്ള വിവരങ്ങൾ വീണ്ടെടുക്കാൻ ശ്രമിച്ചു. വാഹന വേഗം, റോഡിന്റെ അവസ്ഥ, ഡ്രൈവർമാരുടെ അശ്രദ്ധ തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച കൊല്ലെഗൽ ഡിവൈ.എസ്.പി ധമേന്ദ്രയാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.