ആദിത്യ, ബന്നാർഘട്ട പാർക്ക്, ഐ.ഐ.എസ്സി; പ്രത്യേക കവറുകൾ പുറത്തിറക്കി തപാൽ വകുപ്പ്
text_fieldsബംഗളൂരു: ഇന്ത്യൻ ബഹിരാകാശ ഗവേഷണ രംഗത്തിന് നാഴികക്കല്ലായി മാറിയ ഐ.എസ്.ആർ.ഒയുടെ പ്രഥമ സൗരപഠന ദൗത്യമായ ആദിത്യ എൽ-1ന് ആദരമർപ്പിച്ച് തപാൽ വകുപ്പ്. ആദിത്യയുടേതടക്കം പ്രത്യേക കവറുകൾ തപാൽ വകുപ്പ് പുറത്തിറക്കി. ബംഗളൂരു കണ്ഠീരവ ഇൻഡോർ സ്റ്റേഡിയത്തിൽ കർണാടക പോസ്റ്റൽ സർക്കിൾ സംഘടിപ്പിക്കുന്ന വാർഷിക സ്റ്റാമ്പ് പ്രദർശനമായ ‘കർണാപെക്സ് 2024’ലാണ് ആദിത്യക്ക് പുറമേ ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസ് (ഐ.ഐ.എസ്സി) തുടങ്ങിയ കവറുകൾ പുറത്തിറക്കിയത്. മുൻ ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കസ്തൂരിരംഗൻ ‘കർണാപെക്സ് 2024’ ഉദ്ഘാടനം ചെയ്ത് പ്രത്യേക കവറുകളുടെ പ്രകാശനം നിർവഹിച്ചു.
കർണാടകയിലെയും കർണാടകക്ക് പുറത്തുള്ളവരുടെയും സ്റ്റാമ്പ് ശേഖരങ്ങൾ പ്രദർശനത്തിലുണ്ട്. ചരിത്രം, സംസ്കാരം, കല, പാരമ്പര്യം, ശാസ്ത്രം, സാങ്കേതിക വിദ്യ, ജന്തുജാലങ്ങൾ, വന്യജീവികൾ തുടങ്ങി വിവിധ വിഷയങ്ങളിൽ 690 സ്റ്റാമ്പ് ഫ്രെയിമുകളാണ് ഒരുക്കിയിട്ടുള്ളത്. പോസ്റ്റ് കാർഡ് എഴുത്ത്, ഒറിഗാമി, മാണ്ഡല ആർട്ട്, എൻവലപ് ആർട്ട് തുടങ്ങിയവയിൽ ശിൽപശാലയും നടന്നു. സ്റ്റാമ്പ് പ്രദർശനം തിങ്കളാഴ്ച സമാപിക്കും. സമാപനച്ചടങ്ങിൽ ഗവർണർ താവർ ചന്ദ് ഗെഹ് ലോട്ട്, ഡൽഹി ദാക് ഭവൻ ഫിലാറ്റലി വിഭാഗം ഡയറക്ടർ പ്രീതി അഗർവാൾ തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.