വിചാരണക്കിടെ അഭിഭാഷകക്ക് കോടതിക്കുള്ളിൽ കുത്തേറ്റു
text_fieldsബംഗളൂരു: വധശ്രമ കേസുമായി ബന്ധപ്പെട്ട വിചാരണ നടക്കുന്നതിനിടെ കോടതിക്കുള്ളില്‍ അഭിഭാഷകയെ 63കാരൻ കുത്തിപ്പരിക്കേൽപിച്ചു. മല്ലേശ്വരം സ്വദേശി അഡ്വ. വിമലക്കാണ് (38) കുത്തേറ്റത്. ബംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം കോടതിയിലായിരുന്നു സംഭവം. ആക്രമണം നടത്തിയ ജയറാം റെഡ്ഡിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുത്തേറ്റ വിമലയും കെട്ടിട നിര്‍മാണ കമ്പനിയുടമയായ ജയറാം റെഡ്ഡിയും നേരത്തേ അടുപ്പത്തിലായിരുന്നു. പിന്നീട് ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജയറാം റെഡ്ഡിക്കെതിരെ വിമല വധശ്രമം ആരോപിച്ച് കേസ് നല്കി. ഈ കേസിന്റെ വിചാരണക്കായി എത്തിയപ്പോഴായിരുന്നു സംഭവം.
രാവിലെ 11 മണിക്കാണ് കേസിലെ വാദം കേള്‍ക്കല്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടെ കൈയില്‍ കറിക്കത്തിയുമായി എത്തിയ ജയറാം റെഡ്ഡി കോടതിമുറിയിലെ വാതിലിന് സമീപം നില്‍ക്കുകയായിരുന്ന വിമലയെ കുത്തിപ്പരിക്കേൽപിക്കുകയായിരുന്നു. ഉടൻ കോടതി മുറിയിലുണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തി പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.
ജയറാം റെഡ്ഡി ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നുവെന്നാണ് വിമല പൊലീസിന് നല്കിയ മൊഴി. വിമലയും ജയറാം റെഡ്ഡിയും അടുപ്പത്തിലായിരുന്നെന്നും പിന്നീട് ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി സാമ്പത്തിക തര്‍ക്കം ഉടലെടുക്കുകയുമായിരുന്നു. 2020ലാണ് ജയറാം റെഡ്ഡിക്കെതിരേ വിമല ശേഷാദ്രിപുരം പൊലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.