എയ്റോ ഇന്ത്യ പ്രദർശനത്തിന് ബംഗളൂരുവിൽ പ്രൗഢ തുടക്കം
text_fieldsഎയ്റോ ഇന്ത്യ ഉദ്ഘാടനം ചെയ്ത വേദിയിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകകുമാർ എന്നിവർ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു.
ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ ആകാശ പ്രതിരോധ പ്രദർശനം ‘എയ്റോ ഇന്ത്യ’ 15ാം പതിപ്പ് തിങ്കളാഴ്ച ബംഗളൂരു യെലഹങ്ക വ്യോമസേനാ സ്റ്റേഷനിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. ‘ദി റൺവേ ടു എ ബില്യൺ ഓപർച്യുനിറ്റീസ്' എന്ന വിശാല പ്രമേയത്തിൽ, അഞ്ച് ദിവസത്തെ ആഘോഷം ഇന്ത്യയുടെ വ്യോമ വൈദഗ്ധ്യവും തദ്ദേശീയമായ അത്യാധുനിക കണ്ടുപിടിത്തങ്ങളും ആഗോള എയ്റോസ്പേസ് കമ്പനികളുടെ അത്യാധുനിക ഉൽപന്നങ്ങൾക്കൊപ്പം പ്രദർശിപ്പിക്കും.
‘ആത്മനിർഭർ ഭാരത്’, ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദി വേൾഡ്’ എന്നീ ദർശനങ്ങൾക്ക് അനുസൃതമായി സ്വദേശിവത്കരണ പ്രക്രിയ വേഗത്തിലാക്കുന്നതിന് അന്താരാഷ്ട്ര സഹകരണങ്ങൾ രൂപപ്പെടുത്തുന്നതിനുള്ള വേദി കൂടിയായി ഈ പരിപാടി മാറുമെന്നും അതുവഴി 2047 ഓടെ രാജ്യത്തെ വിക്ഷിത് ഭാരതമാക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ദൃഢനിശ്ചയത്തിന് ഊന്നൽ നൽകുമെന്നുമാണ് പ്രതീക്ഷ.കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പ്രതിരോധ മേധാവി, മൂന്ന് സേനാ മേധാവികൾ തുടങ്ങിയവർ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തു. ഈ മാസം 14 വരെയാണ് എയ്റോ ഇന്ത്യ നടക്കുന്നത്.
13, 14 തീയതികൾ പൊതുജനങ്ങൾക്ക് പ്രദർശനം കാണാനുള്ള ദിവസങ്ങളായി നിശ്ചയിച്ചു. പ്രതിരോധ മന്ത്രിമാരുടെ കോൺക്ലേവ്, സി.ഇ.ഒമാരുടെ വട്ടമേശ സമ്മേളനം, ഇന്ത്യ ആൻഡ് ഐഡെക്സ് പവലിയനുകളുടെ ഉദ്ഘാടനം, മന്തൻ ഐഡെക്സ് പരിപാടി, സമർഥ്യ സ്വദേശിവത്കരണ പരിപാടി, സമാപന ചടങ്ങ്, സെമിനാറുകൾ, ആവേശകരമായ എയർഷോകൾ, എയ്റോസ്പേസ് കമ്പനികളുടെ പ്രദർശനം എന്നിവ ഉൾപ്പെടുന്നു.
42,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ 150 വിദേശ കമ്പനികൾ ഉൾപ്പെടെ 900ലധികം പ്രദർശകർ പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്, ഇതുവരെ നടന്നതിൽ ഏറ്റവും വലിയ എയ്റോ ഇന്ത്യയായിരിക്കും ഇതെന്നാണ് നിരീക്ഷണം.ഇന്ത്യയുടെ ബഹിരാകാശ, പ്രതിരോധ ശേഷികളിൽ ആഗോളതലത്തിൽ വർധിച്ചുവരുന്ന ആത്മവിശ്വാസത്തിന്റെ തെളിവാണ് 90 ലധികം രാജ്യങ്ങളുടെ പങ്കാളിത്തമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
30 രാജ്യങ്ങളിൽനിന്നുള്ള പ്രതിരോധമന്ത്രിമാരോ പ്രതിനിധികളോ ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിട്ടുണ്ട്. 43 രാജ്യങ്ങളിൽനിന്നുള്ള വ്യോമസേന മേധാവികളുടെയും സെക്രട്ടറിമാരുടെയും സാന്നിധ്യം ഇന്ത്യക്ക് മാത്രമല്ല, മുഴുവൻ അന്താരാഷ്ട്ര പ്രതിരോധ സമൂഹത്തിനും ഈ പരിപാടിയുടെ പ്രാധാന്യം കൂടുതൽ എടുത്തുകാണിക്കുന്നുവെന്ന് രാജ്നാഥ് സിങ് തുടർന്നു.രണ്ടു വർഷത്തിലൊരിക്കൽ നടക്കുന്ന എയ്റോ ഇന്ത്യ 1996ൽ ബംഗളൂരുവിലെ യെലഹങ്ക വ്യോമസേനാ സ്റ്റേഷനിലാണ് ആദ്യമായി നടന്നത്.
ശക്തിയാർജിക്കുന്നതിലൂടെയേ മെച്ചപ്പെട്ട ലോകക്രമത്തിനായി പ്രവർത്തിക്കാനാവൂ -രാജ്നാഥ് സിങ്
ബംഗളൂരു: സുരക്ഷ മേഖലയിൽ ദുർബലമായാൽ ഒരിക്കലും സമാധാനം നേടാനാവില്ലെന്നും ശക്തിയാർജിക്കുന്നതിലൂടെ മാത്രമേ മെച്ചപ്പെട്ട ലോകക്രമത്തിനായി പ്രവർത്തിക്കാനാവൂ എന്നും കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമ പ്രദർശനമായ എയ്റോ ഇന്ത്യയുടെ 15ാമത് എഡിഷൻ ബംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ മാത്രം സുരക്ഷ, ഇന്ത്യയുടെ മാത്രം സമാധാനം എന്നൊന്നില്ല. സുരക്ഷയും സ്ഥിരതയും സമാധാനവും ദേശീയാതിർത്തിയെ മറികടക്കുന്ന കാര്യങ്ങളാണ്. ഒരേ ഭൂമി, ഒരേ കുടുംബം, ഒരേ ഭാവി എന്ന നമ്മുടെ കാഴ്ചപ്പാട് തന്നെയാണ് എയ്റോ ഇന്ത്യയിൽ പങ്കെടുക്കുന്ന മറ്റു രാജ്യങ്ങളിലെ പ്രതിനിധികളും പങ്കിടുന്നത്. സമാധാനത്തിന്റെ ആൽമരം നിലകൊള്ളുന്നത് ശക്തമായ വേരുകളിലാണ്. നമ്മളെല്ലാവരും പരസ്പരം ശക്തരായി നിലകൊള്ളണം. സമാധാനവും അഭിവൃദ്ധിയും നിലകൊള്ളുന്ന വലിയ രാജ്യമാണ് ഇന്ത്യ.
ഒരു കാലത്തും ഇന്ത്യ മറ്റൊരു രാജ്യത്തെ അങ്ങോട്ടുകയറി ആക്രമിക്കുകയോ വൻ ശക്തികളുടെ പോരിൽ ഇടപെടുകയോ ചെയ്തിട്ടില്ല. ഇതാണ് രാജ്യത്തിന്റെ മൗലിക ആദർശമെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി.പ്രയാഗ് രാജിലെ മഹാകുംഭമേള ആത്മീയതയുടെ തേടലാണെങ്കിൽ, എയ്റോ ഇന്ത്യ ഗവേഷണത്തിന്റെ മഹാകുംഭമേളയാണെന്നും പ്രതിരോധമന്ത്രി കൂട്ടിച്ചേർത്തു. യെലഹങ്ക വ്യോമതാവളത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ 30 രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധമന്ത്രിമാരും 43 രാജ്യങ്ങളിൽ നിന്നുള്ള വ്യോമസേന മേധാവികളും പ്രതിരോധ സെക്രട്ടറിമാരും പങ്കെടുത്തു. തുടർന്ന് ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് തെളിയിച്ച് വ്യോമാഭ്യാസ പ്രകടനം അരങ്ങേറി.
‘ശതകോടി അവസരങ്ങളിലേക്കുള്ള റൺവേ’ എന്ന പ്രമേയത്തിൽ ഫെബ്രുവരി 14 വരെ നടക്കുന്ന എയ്റോ ഇന്ത്യയിൽ 90 രാജ്യങ്ങളിൽ നിന്നായി 150 വിദേശ കമ്പനികൾ ഉൾപ്പെടെ 700ലേറെ പ്രദർശകർ പങ്കെടുക്കും. 13, 14 തീയതികളിൽ മാത്രമാണ് പൊതുജനങ്ങൾക്ക് പ്രവേശനം.
അമേരിക്ക, റഷ്യ പോർവിമാനങ്ങൾ ഒരുമിച്ച്
ബംഗളൂരു: ഇന്ത്യൻ വ്യോമസേനയുടെ ലോഹ പക്ഷികൾ തെളിഞ്ഞ ആകാശത്ത് ഇടിമുഴക്കത്തോടെ ഉയർന്നുപറന്ന് വിസ്മയം വിതറി. യെലഹങ്ക വ്യോമസേനാ സ്റ്റേഷനിൽ വിമാനം ആകാശത്ത് നടത്തിയ അതിശയിപ്പിക്കുന്ന നീക്കങ്ങൾ കാണികളെ സ്തബ്ധരാക്കി.സംഘത്തെ നയിച്ച എയർ ചീഫ് മാർഷൽ എ.പി. സിങ് തേജസ് പോർവിമാനത്തിന്റെ ആദ്യ പറക്കലിൽ പങ്കെടുത്തു. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) കാസർകോട് സീതാംഗോളി യൂനിറ്റുമായി ചേർന്ന് തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് അദ്ദേഹം പറന്ന ‘തേജസ്’.
റഫേൽ പറത്തിയ വനിതാ പൈലറ്റുമാരുടെ ‘ശക്തി’ ഇന്ത്യൻ വ്യോമസേനയിൽ സ്ത്രീകളുടെ വർധിച്ചുവരുന്ന പങ്ക് പ്രകടമാക്കി. ഇന്ത്യൻ വ്യോമസേനയുടെ സൂര്യ കിരൺ എയ്റോബാറ്റിക് ടീം വിവിധ രൂപങ്ങൾ പ്രദർശിപ്പിച്ചപ്പോൾ കാണികൾ അത്ഭുതങ്ങളുടെ ആകാശം തൊട്ടു.ബി.എ.ഇ സിസ്റ്റംസ് ഹോക്ക് എം.കെ 132 വിമാനം ഉപയോഗിച്ച് ടീം ഒമ്പത് വിമാനങ്ങൾ പറത്തി.
ഈ സംഘം ആകാശത്ത് ത്രിവർണ പതാകയും കാമദേവന്റെ അസ്ത്രം തുളച്ചുകയറുന്ന ഹൃദയവും വരച്ചു.ഇന്ത്യൻ നാവികസേന വരുൺ ജാഗ്വാർ വിമാനം അമ്പടയാളം, മൂന്ന് സുഖോയ് വിമാനങ്ങൾ ത്രിശൂലം എന്നിവ രൂപപ്പെടുത്തി. എച്ച്.എ.എല്ലിന്റെ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾ അവയുടെ വ്യോമാഭ്യാസങ്ങൾകൊണ്ട് സന്ദർശകരെ അതിശയിപ്പിച്ചു.
അമേരിക്കൻ യുദ്ധവിമാനമായ ലോക്ക്ഹീഡ് മാർട്ടിൻ എഫ്35 ഉം റഷ്യയുടെ സുഖോയ്-എസ്യു-57 ഉം ഒരുമിച്ച് എയ്റോ ഇന്ത്യ ഷോയിൽ പങ്കെടുക്കുന്നുണ്ട് . ചരിത്രത്തിൽ ആദ്യമായി ലോകത്തിലെ ഏറ്റവും നൂതനമായ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളിൽ രണ്ടെണ്ണമായാണ് ഇവയെ വിശേഷിപ്പിക്കുന്നത്. ആഗോള പ്രതിരോധ സഹകരണത്തിലും സാങ്കേതിക പുരോഗതിയിലും ഇത് ഒരു നാഴികക്കല്ലായും കാണുന്നു .

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.