ബി.ജെ.പി സർക്കാർ തടഞ്ഞ ജോലി 13 വർഷത്തിനു ശേഷം നിയമവഴിയിൽ നേടി മുസ്‌ലിം യുവതി
text_fieldsമംഗളൂരു: സർവകലാശാല അധികൃതർ വരുത്തിയ അക്കപ്പിഴവിന്റെ ചുവടുപിടിച്ച് ബിജെപി സർക്കാർ നിഷേധിച്ച ജോലി മുസ്‌ലിം യുവതി നിയമവഴിയിലൂടെ 13 വർഷങ്ങൾക്ക് ശേഷം നേടി.ദക്ഷിണ കന്നട ജില്ലയിൽ ബെൽത്തങ്ങാടി താലൂക്കിലെ അറമ്പോടി ഗ്രാമത്തിൽ ഹൊക്കോഡിഗോളിയിലെ മുബീന ബാനുവാണ് ബണ്ട്വാൾ താലൂക്ക് ശിശുവികസന സൂപ്പർ വൈസറായി നിയമിതയാവുന്നത്.
കർണാടകയിൽ ബിജെപി സർക്കാർ അധികാരത്തിലിരുന്ന 2010ലാണ് ബിരുദാനന്തര ബിരുദധാരിയായ മുബീന വനിത-ശിശു വികസന വകുപ്പിൽ സൂപ്പർ വൈസർ തസ്തികയിലേക്ക് അപേക്ഷ സമർപ്പിച്ചത്.എന്നാൽ മംഗളൂരു സർവകലാശാല നൽകിയ ബിരുദ സർട്ടിഫിക്കറ്റിൽ മാർക്കിന്റെ ശതമാനം 75.36 ന് പകരം 71.79 എന്ന് തെറ്റായാണ് ചേർത്തിരുന്നത്.മാർക്കുകൾ ചേർത്തുവെച്ച് ശതമാനം ശരിയാക്കാമായിരുന്നിട്ടും ജോലി നിഷേധിക്കാനുള്ള പഴുതായി ആ അക്കപ്പിഴ ഉപയോഗിക്കുകയായിരുന്നു സർക്കാർ. കോൺഗ്രസ് നേതാക്കളും അന്ന് എംഎൽഎമാരുമായിരുന്ന ബി.രമാനാഥ റൈയും വസന്ത് ബങ്കരയും നടത്തിയ ഇടപെടലുകൾ ലക്ഷ്യം കണ്ടിരുന്നില്ല.
പ്രശ്നം മംഗളൂരു എംഎൽഎയും കർണാടക നിയമസഭ സ്പീക്കറുമായ യു.ടി.ഖാദറിന് മുന്നിൽ അവതരിപ്പിച്ചതോടെയാണ് മുബീനയുടെ സ്വപ്ന സാഫല്യത്തിന് വഴിതുറന്നത്.അദ്ദേഹത്തിന്റെ സഹായത്തോടെ ലോകായുക്തയിൽ പരാതി നൽകിയതിന് പിന്നാലെ കർണാടക അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനേയും സമീപിക്കുകയായിരുന്നു.
മുബീനയുടെ വിദ്യാഭ്യാസത്തിലും ക്ഷേമത്തിലും ഏറെ ശ്രദ്ധചെലുത്തിയിരുന്ന പിതാവ് ബീഡി കരാറുകാരനും സാമൂഹിക പ്രവർത്തകനുമായിരുന്ന എച്ച്.മുഹമ്മദ് മകളുടെ സന്തോഷത്തിന് സാക്ഷിയാവാൻ ജീവിച്ചിരിപ്പില്ല.മാതാവ് ഡി.സൈനബയുടെ ആനന്ദക്കണ്ണീരിനൊപ്പം കൂട്ടായി മുബീനയുടെ ഭർത്താവ് ഇസ്മയിൽ ഖാദറുമുണ്ട്.വിവാഹാനന്തരം സ്വകാര്യ കോളജിൽ അധ്യാപികയായി ജോലി സ്വീകരിച്ച് മെൽകാറിൽ കുടുംബജീവിതം നയിക്കുന്നതിനിടെയാണ് ആശിച്ച കസേരയിൽ നിയമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.